വിവാഹത്തിനായി ഒരുങ്ങി മണ്ഡപത്തിലെത്തുക. ചടങ്ങുകളെല്ലാം തുടങ്ങിയതിന് ശേഷം വിവാഹത്തിൽ നിന്ന് വരൻ പിന്മാറുക. കല്യാണ വേദികളിൽ നടക്കുന്ന പല അസ്വഭാവിക സംഭവങ്ങളെ പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ, ബിഹാറിലെ ഒരു കല്യാണ വീട്ടിൽ നടന്ന സംഭവങ്ങൾ അൽപ്പം കടന്നു പോയി. ഇവിടെ വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയത് വധുവിന്റെ സഹോദരിയെ വിവാഹം ചെയ്യാനായാണ്.
ഛപ്ര സ്വദേശിയായ രാജേഷ് കുമാറാണ് വരൻ. വധു റിങ്കു കുമാരി. രാജേഷ് കുമാറിന്റെയും റിങ്കുവിന്റെയും വിവാഹം വീട്ടുകാർ തമ്മിൽ ഉറപ്പിച്ചു. അതിനുശേഷമാണ് റിങ്കു തന്റെ പ്രണയിനി പുതുളിന്റെ സഹോദരിയാണെന്ന് രാജേഷ് അറിയുന്നത്. വീട്ടുകാർ തമ്മിൽ ഉറപ്പിച്ചതുകൊണ്ട് റിങ്കുവിനെ തന്നെ വിവാഹം ചെയ്യാൻ രാജേഷ് തീരുമാനിക്കുകയായിരുന്നു. വിവാഹദിവസം ചടങ്ങുകൾ തുടങ്ങിയതിന് ശേഷം, കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് പുതുൾ ഭീഷണി മുഴക്കി. ഇതിനെ തുടർന്നാണ് രാജേഷ് വിവാഹം നിർത്തിവച്ചത്.
Read More: ‘നായികയ്ക്കും നായകനും പ്രണയസാഫല്യം’, മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി
സംഭവങ്ങളെല്ലാം വീട്ടുകാരുമായി സംസാരിച്ചെങ്കിലും ഇരു വീട്ടുകാരും തമ്മിൽ വഴക്കായി. പിന്നീട് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. എന്തായാലും പൊലീസിന്റെ ഇടപെടലോടെ രാജേഷ് തന്റെ പ്രണയിനി പുതുളിനെ തന്നെ വിവാഹം ചെയ്തു. വ്യത്യസ്തമായ ഈ കല്യാണക്കഥ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി.
Content Summary: Groom Stops Wedding, Says He Loves Bride's Sister