വിവാഹ വേദിയിൽനിന്ന് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയ സംഭവത്തിൽ പ്രതികരണവുമായി വധു ആൽഫിയയും വരൻ അഖിലും. വിവാഹ വേദിയിൽവച്ച് പൊലീസ് അസഭ്യം പറഞ്ഞെന്നും എന്താണു കാര്യമെന്നു പറയുക പോലും ചെയ്യാതെയാണ് പൊലീസ് സംഘം പിടിച്ചു വലിച്ച് വാഹനത്തിൽ കയറ്റിയതെന്നും ആൽഫിയ മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘ഇന്നലെ വൈകിട്ട് 5 മണിക്കാണ് കോവളത്ത് കെഎസ് റോഡിലുള്ള മാടൻ കോവിലിൽ വച്ച് വിവാഹം ചെയ്യാനായി തീരുമാനിച്ചത്. താലികെട്ടാൻ വെറും 3 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് കോവളം പൊലീസ് ക്ഷേത്രത്തിലെത്തിയത്. എന്നെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചുപിടിച്ച് കൊണ്ടുവന്നു. ചെരുപ്പ് പോലും ഇടാൻ സമയം തരാതെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. അസഭ്യം പറഞ്ഞു. ഒരു വനിത പൊലീസ് മാത്രമേ ആ നേരത്ത് ഉണ്ടായിരുന്നുള്ളു. കോവളം സ്റ്റേഷനിൽ എത്തിച്ചെങ്കിലും വാഹനത്തിൽ നിന്ന് പുറത്തിറക്കാതെ ഒരുപാട് നേരം വണ്ടിയിൽ തന്നെ ഇരുത്തിയെന്നും കോവളത്ത് നിന്ന് വീട്ടുകാർക്കൊപ്പം വാഹനത്തിൽ ബലം പ്രയോഗിച്ച് കയറ്റി''- ആൽഫിയ
വെള്ളിയാഴ്ചയാണ് ആൽഫിയ അഖിലിനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങിയത്. പിന്നീട് വീട്ടുകാരെ വിളിച്ച് കോവളത്താണെന്ന കാര്യം അറിയിച്ചു. അതിനു ശേഷമാണ് കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതെന്നും ആൽഫിയ പറഞ്ഞു. വീട്ടിൽ നിന്നിറങ്ങി അടുത്ത ദിവസം തന്നെ വീട്ടുകാരുമായി സംസാരിക്കുകയും അഖിലിനൊപ്പം താമസിക്കുമെന്ന് പൊലീസ് സ്റ്റേഷനിൽ എത്തി എഴുതി നൽകുകയും ചെയ്തിരുന്നെന്നും സ്റ്റേഷനിൽ വച്ച്, ഇങ്ങനൊരു മകളില്ല എന്നു പറഞ്ഞാണ് തന്റെ വീട്ടുകാർ പോയതെന്നും ആൽഫിയ പറഞ്ഞു.
രാത്രി വീണ്ടു വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും അന്ന് ഫോണെടുത്തില്ലെന്നും പിറ്റേ ദിവസം കല്യാണമായതിനാൽ കാണാൻ കഴിഞ്ഞില്ലെന്നും ആൽഫിയ കൂട്ടിച്ചേർത്തു. അതിനു പിന്നാലെയാണ് പൊലീസ് വിവാഹ സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയതെന്നും ആൽഫിയ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അഖിലിനൊപ്പംപോകാനാണ് താൽപര്യം എന്നു പറഞ്ഞതിനു ശേഷമാണ് തന്റെ വീട്ടുകാർ മടങ്ങിപ്പോയതെന്നും ആൽഫിയ മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട അഖിലും ആൽഫിയയും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. ബന്ധം വീട്ടുകാർ എതിർത്തതോടെയാണ് ആൽഫിയ വീടുവിട്ടിറങ്ങിയത്. കോവളത്ത് മെക്കാനിക്കാണ് അഖിൽ. വിവാഹം മുടങ്ങിയ അതേ അമ്പലത്തിൽ വച്ച് നാളെ താലികെട്ടുമെന്നും ഇരുവരും മനോരമ ഓൺലൈനിനോട് പറഞ്ഞു.