വിവാഹ ചടങ്ങിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉയരുന്നതും അടിപിടിയിലേക്ക് പോകുന്നതും തുടർക്കഥയാകുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിൽ നിന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. നേരത്തെ സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടതിന് പിന്നാലെ വധുവിന്റെ അച്ഛൻ വരനെ തല്ലിയതും വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിൽ നടന്ന സംഭവവും ചർച്ചയാകുന്നത്. ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ടതിന് വരനെ വധുവിന്റെ കുടുംബം മരത്തിൽ കെട്ടിയിട്ടു.
ഉത്തർപ്രദേശിലെ പ്രതാപ്‍ഗഡിലാണ് സംഭവം നടന്നത്. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വധുവിന്‍റെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടത്. വധുവും വരനും പരസ്പരം മാലകൾ അണിയിക്കുന്ന 'ജയ് മാല' ചടങ്ങിനിടെ വരന്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീധനമെന്ന പേരില്‍ നല്‍കിയത് പോരെന്നും കൂടുതല്‍ വേണമെന്നുമായിരുന്നു അമർ ജീത്തിന്‍റെ ആവശ്യം. വധുവിന്റെ കുടുംബം കുറച്ചുസമയം ഇതിനായി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വരന്‍ കൂട്ടാക്കിയില്ല. വധുവിന്‍റ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ല. തുടര്‍ന്നാണ് വരനെ വധുവിന്റെ കുടുംബം കെട്ടിയിട്ടത്.
Read More: ഭാരമുള്ള ലഹങ്ക, ചക്രങ്ങൾക്ക് മുകളിൽ ഡാൻസ്, വിവാഹ വേഷത്തിൽ യുവതിയുടെ വിഡിയോ വൈറൽ
വരനെ മണിക്കുറുകളോളം തടവിലാക്കി മരത്തില്‍ കെട്ടിയിട്ടു. പിന്നീട് പൊലീസ് എത്തിയാണ് വരനെ മോചിപ്പിച്ചത്. സ്ത്രീധനം ചോദിച്ചതിന്‍റെ പേരില്‍ അമർ ജീത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവാവിനെ മരത്തില്‍ കെട്ടിയിട്ടതിന്‍റെ ദൃശ്യങ്ങൾ സോഷ്യല്‍മിഡിയയില്‍ വൈറലാണ്. വരനെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതും വധുവിന്റെ ബന്ധുക്കൾ വളരെ രോഷാകുലരായി നില്‍ക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം.
സ്ത്രീധനം ഇല്ലാതാക്കാനായുള്ള പരിശ്രമങ്ങൾ പലയിടങ്ങളിലായി നടക്കുമ്പോഴാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്. സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടങ്ങൾ ഇനിയും തുടരണമെന്നുമെല്ലാമാണ് സമൂഹ മാധ്യമങ്ങളിലൂടെ പലരും പറയുന്നത്.