അപമാനം, വിവാഹമായില്ലേ എന്ന ചോദ്യം, കളിയാക്കൽ... നീയിനി ജീവിച്ചിരിക്കണ്ട എന്ന് ചെറുപ്പക്കാരെ ചിന്തിപ്പിക്കുന്നതെന്ത് ?

raju-sreelakshmi
SHARE

വര്‍ഷങ്ങളായി പ്രവാസിയായിരുന്ന ഒരാൾ നാട്ടിൽ വന്നു ജീവിക്കാൻ തീരുമാനിക്കുന്നത് പ്രിയപ്പെട്ടവരിൽ നിന്ന് ഇനിയും അകന്നു ജീവിക്കാതിരിക്കാൻ വേണ്ടിയാകും. കയ്യിലുണ്ടായിരുന്ന സമ്പാദ്യങ്ങൾ എല്ലാം സ്വരൂക്കൂട്ടി വച്ച് കുട്ടികളുടെ വിവാഹം നടത്തണം എന്ന സ്വപ്നം ഏതൊരു മാതാപിതാക്കൾക്കും ഉണ്ടാകും. മക്കളുടെ വളർച്ച നേരിട്ട് കാണാൻ പറ്റാതെ പോയതുകൊണ്ട് മകളുടെ വിവാഹമെങ്കിലും മുന്നിൽ നിന്ന് നടത്തുമ്പോൾ ലഭിക്കുന്ന ആനന്ദം. അത് തന്നെയായിരിക്കണം രാജു എന്ന അച്ഛനും തോന്നിയിട്ടുണ്ടാവുക. പക്ഷെ അദ്ദേഹം മരണപ്പെട്ടു. വെറുതെ മരിച്ചു പോയതല്ല. മകളുടെ വിവാഹ തലേന്ന് കൊല്ലപ്പെടുകയായിരുന്നു. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തതിന് ദേഷ്യത്തിലും വെറുപ്പിലും അയൽവാസി കൂടിയായ യുവാവും സുഹൃത്തുക്കളുമാണ് അദ്ദേഹത്തെ വീഴ്ത്തിയത്. പിതാവായിരുന്നില്ല, വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയായിരുന്നു അവരുടെ ഇര എന്നതാണ് പുതിയ വാർത്ത. 

പ്രണയിക്കാനും വിവാഹം കഴിക്കാനും താൽപര്യമില്ലെങ്കിൽ "പറ്റില്ല" എന്ന വാക്കിൽ അത് അവസാനിപ്പിക്കുക എന്ന മര്യാദ പലപ്പോഴും യുവാക്കൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. എത്രയെത്ര വാർത്തകളാണ് പുറത്തു വരുന്നത്. മിക്കപ്പോഴും ആസിഡ് ആക്രമണത്താലോ കത്തി ആക്രമണത്താലോ വെടിയേറ്റോ ഒക്കെ പെൺകുട്ടികളാണ് മരണപ്പെട്ടു പോകുന്നത്. ഇഷ്ടമില്ല എന്നു പറയുന്നവർ പിന്നെ ജീവിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കുമ്പോൾ എന്ത് സ്നേഹമാണ് അയാൾക്ക് അവരോടു ഉണ്ടായിരുന്നത് എന്നത് ഒരു വലിയ ചോദ്യമാണ്. അത്തരത്തിൽ നിരവധി വാർത്തകൾ ഇറങ്ങിയിട്ടും, അത്തരം ആളുകൾക്കെതിരെ വലിയ പ്രതിഷേധങ്ങളും വാർത്തകളും ഫീച്ചറുകളും പുറത്തിറങ്ങിയിട്ടും ഇപ്പോഴും അത് ആവർത്തിക്കുക തന്നെയാണ്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കൊല്ലാൻ വന്നവരാണ് അവളുടെ പിതാവിനെ വാശിയുടെ അറ്റത്ത് നിർത്തി കൊലപ്പെടുത്തിയത്. 

ഇരുപത്തിരണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ആ അച്ഛൻ കുടുംബത്തിലേക്ക് വന്നത് അവർക്കൊപ്പം സന്തോഷത്തോടെ ജീവിക്കാൻ തന്നെയായിരിക്കണം. അതിനിടയ്ക്ക് മകളുടെ വിവാഹം എന്ന സന്തോഷം. അപ്പോൾ ആരാണ് ഓർക്കുക അവളോട് പ്രണയം തോന്നിയ ഒരുവൻ കൊല്ലാൻ വരുമെന്നത്! വാർത്തകൾ ഇഷ്ടം പോലെ വായിക്കുന്നുണ്ടാകുമെങ്കിലും നമ്മുടെ വീട്ടിൽ ഇതൊന്നും നടക്കാൻ സാധ്യതയില്ലെന്ന് ഓരോരുത്തരും കരുതുന്നുണ്ട്. അത് ശരിയല്ലെന്ന് ഓരോ വാർത്തയും വെളിപ്പെടുത്തുന്നു. 

Read More: ഇൻസ്റ്റഗ്രാം വഴി പരിചയം, ഇങ്ങനൊരു മകളില്ലെന്ന് വീട്ടുകാർ, അതേ അമ്പലത്തിൽ നാളെ വിവാഹം: ആൽഫിയ പറയുന്നു

"പറ്റില്ല" എന്ന വാക്കിൽ, പറ്റില്ലെങ്കിൽ നീയിനി ജീവിച്ചിരിക്കണ്ട എന്ന് ചെറുപ്പക്കാരെ കൊണ്ട് ചിന്തിപ്പിക്കുന്ന ആ ഇമോഷണൽ നിമിഷം എന്തായിരിക്കാം? ലഹരിയുടെ ഉപയോഗം അവരെ അതിനു പ്രേരിപ്പിക്കുന്നുണ്ടാകാം, എന്നിരുന്നാലും സ്വന്തം മനഃസാക്ഷിയുടെ ചോദ്യങ്ങളും ആശങ്കകളും, എന്തിന്, സ്വന്തം ഭാവിയെ കുറിച്ച് പോലുമുള്ള യുക്തിസഹമായ ചോദ്യങ്ങളും ഉത്തരങ്ങളും അവരുടെ ബോധത്തിൽ ഉണ്ടാകുന്നതേയില്ല. ലഹരി നഷ്ടപ്പെടുത്തുന്നതാണോ ഇത്തരം യുക്തിഭദ്രമായ ചിന്തകൾ അവരിൽ നിന്നും? അതോ സമൂഹത്തിൽ നിന്നും ഏറ്റു വാങ്ങുന്ന അകാരണമായ ചോദ്യങ്ങളും ഏകാന്തതയുമാണോ കാരണം? ഇഷ്ടം തോന്നിയ, കൂടെ ജീവിക്കാൻ തോന്നിയ ഒരാൾ "പറ്റില്ല" എന്ന് പറയുമ്പോൾ ജീവിതം ഒന്ന് വരണ്ടു പോകും എന്നത് യാഥാർഥ്യമാണ്. പക്ഷെ അതിൽനിന്നു പുറത്തു കടന്നു ജീവിക്കുന്നവർ തന്നെയാണ് മനുഷ്യർ. അതിനുള്ള മാനസിക ബോധവും ബലവും മനുഷ്യർക്കുണ്ട്. പക്ഷേ അമിതമായ ലഹരിയുടെ ഉപയോഗമോ സമൂഹത്തോടുള്ള ഭയമോ ഒക്കെ കൊണ്ട് സാഹചര്യങ്ങളെ അതിജീവിക്കാൻ ബുദ്ധിമുട്ടി, സ്വയം ഇല്ലാതാക്കുകയോ അല്ലെങ്കിൽ സ്നേഹിച്ചവരെ ഇല്ലാതാക്കുകയോ ആണ് നല്ലത് എന്ന ചിന്ത പുതിയ തലമുറയ്ക്ക് കൂടി വരുന്നു. 

സ്നേഹം, ജീവിതം എന്നതൊക്കെ ഒരുപാട് കണക്കുകൂട്ടലിൽ ചേർത്ത് വച്ചാണ് കൂടുതൽ ചെറുപ്പക്കാരും മുന്നോട്ടു നടക്കുന്നത്. ഇമോഷണൽ ആയി മാത്രം ജീവിതത്തെ കാണാതെ പ്രാക്ടിക്കൽ ആയി അതിനെ കാണാൻ അവരിൽ ഭൂരിപക്ഷവും പഠിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ബന്ധങ്ങൾ പോലും തങ്ങൾക്ക് അപകടമാണ്, അല്ലെങ്കിൽ യോജിച്ചത് അല്ലെന്നു തോന്നിയാൽ അവയിൽ നിന്ന് ഇറങ്ങിപ്പോരാനുള്ള ധൈര്യം അവർ കാണിക്കുന്നുണ്ട്. അപ്പോഴും അതിനെയൊക്കെ വൈകാരികമായി കാണുന്നവർ ഇല്ലാതാകുന്നില്ല. അവർ അതിനോട് പ്രതികരിക്കുന്നത് പല രീതിയിലുമാകാം. സുഹൃത്തുക്കളിൽ നിന്ന് ലഭിക്കാവുന്ന അപമാനം, ഇതുവരെ വിവാഹമായില്ലേ എന്ന് ചോദിക്കുന്ന സമൂഹം നൽകാൻ സാധ്യതയുള്ള സമ്മർദ്ദം, ഇനിയൊരിക്കലും അതുപോലെ ഒരിഷ്ടം മറ്റൊരാളോട് തോന്നാനുള്ള സമയവും സന്ദർഭവും വരാൻ സാധ്യതയില്ല എന്ന ഏകാന്തത കൂടി ചേർന്ന ഭയം എന്നതൊക്കെ അവരെ ഒരു കൊലപാതകത്തിലേയ്ക്കോ ആത്മഹത്യയിലേയ്ക്കോ പ്രേരിപ്പിക്കുന്നു. പണ്ടുള്ള കാമുകന്മാർ കൂടുതലും സ്വയം ഹത്യയിലാണ് ഉത്തരം കണ്ടിരുന്നതെങ്കിൽ ഇപ്പോൾ സ്വയമുള്ള മരണമല്ല, തങ്ങളെ "ചതിച്ചത്" എന്നവർ ധരിക്കുന്ന വ്യക്തിയെ തന്നെ ഇല്ലാതാക്കുന്നതാണ് നല്ലതെന്നു ധരിക്കുന്നു. ഈ രണ്ടു രീതികളും ഒരു തരത്തിൽ അവനവനിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഭയം കലർന്ന പ്രതികരണത്തിൽ നിന്നും ഉണ്ടാകുന്നതാണ്. 

Read More: തലകൂട്ടിയിടിപ്പിക്കൽ, വധുവിന്റെ കണ്ണീർ; നാടിനെ പഴിക്കരുത്, ഇങ്ങനെയൊരു ആചാരമില്ലെന്നു പല്ലശ്ശനക്കാർ

ഇത്തരം പ്രശ്നങ്ങളെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്? "പറ്റില്ല" എന്ന ഉത്തരം ലഭിക്കുന്ന സമയത്ത് ഇനി അവർ ജീവിച്ചിരിക്കേണ്ട എന്ന് തീരുമാനിക്കുന്ന ബോധം ഏതു രീതിയിൽ നോക്കിയാലും തെറ്റു തന്നെയാണ്. അത്തരം മനസ്സുകളെ ക്രിമിനൽ ചിന്തകളോടാണ് ചേർത്ത് വയ്ക്കേണ്ടത്. പക്ഷേ ഓരോ വാർത്തയും മറ്റൊരാളിൽ ഇത്തരത്തിലുള്ള ബോധം സൃഷ്ടിക്കുകയല്ലാതെ അത് ചെയ്യാൻ പ്രേരിപ്പിക്കുകയാണോ ചെയ്യുക എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അത് ഇത്തരം ദുർബലമായ മനസ്സുള്ളവരിൽ സൃഷ്ടിക്കുന്ന അപകടം വളരെ വലുതാണ്. കഠിനമായ ശിക്ഷാവിധികളെ കുറിച്ച് ധാരണയില്ലാത്തവരല്ല തെറ്റുകൾ ആവർത്തിക്കുന്നത്. മറിച്ചു വൈകാരികമായി ദുർബലരായിപ്പോകുന്ന ചെറുപ്പം തന്നെയാണ്. ക്രിമിനലുകളായിത്തന്നെ അവരെ കാണുമ്പോഴും പുതിയ തലമുറയിൽ വൈകാരികമായ ബോധവും സ്വകാര്യതയുടെയും വ്യക്തിത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശരിയായ അർത്ഥവും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിലുപരി "നോ" എന്ന വാക്കിന്റെ അർഥവും അതിനു കൊടുക്കേണ്ട മാന്യതയും ബഹുമാനവും ബോധ്യപ്പെടുത്തേണ്ടതുണ്ട്. രണ്ടു പേർക്കും പാടില്ലാത്ത ഒരിടത്ത് നിന്ന് ഏറ്റവും മാന്യതയോടെ ഇറങ്ങി പോകാനും ഇറക്കി വിടാനും കഴിയേണ്ടതുണ്ട്. അതിനു മനുഷ്യരെ പ്രാപ്തരാക്കുക കൂടി ചെയ്യേണ്ടതാണ് വിദ്യാഭ്യാസം. അല്ലെങ്കിൽ ഇനിയും ആശയറ്റു പോകുന്ന, പ്രിയപ്പെട്ടവരേ നഷ്ടമാകുന്ന മാതാപിതാക്കളും പെൺമക്കളും ആൺകുട്ടികളും കൂടിക്കൊണ്ടേയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS