‘ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായി തോരാതെ പെയ്തു നീയേ...’ എന്നു മലയാളത്തിൽ സിനിമാ ഗാനം പാടുന്ന കനേഡിയൻ യുവതി സെറ ട്രുഡേലിനെ (25) ഉത്രാടപ്പുലരിയിൽ മലയാളിപ്പയ്യൻ മിന്നുകെട്ടും. വെമ്പല്ലൂർ പെരുമാൾ നിവാസിൽ പി.കെ.മോഹനൻ–ടി.സി.വസന്ത ദമ്പതികളുടെ മകൻ വി.എം.സിജുവാണു കാനഡയിൽ നഴ്സായ സെറയെ ഇന്നു പാലക്കാട്ടു വച്ചു താലികെട്ടി ജീവിതത്തിലേക്കു ചേർത്തു പിടിക്കുന്നത്. കേരളീയ ആചാരനുഷ്ഠാനങ്ങളോടെയാണ് വിവാഹം.
പ്രണയവിവാഹമായതിനാൽ തന്നെ സെറയുടെ പാട്ടുകളിലും പ്രണയം നിറഞ്ഞുനിൽക്കുകയാണ്. ‘നിൻ മിഴികളിലൂറും സ്നേഹം എൻകനവിൽ നിറയും മോഹം എൻ കൈകകളിൽ ചേരും നേരം ഞാൻ പനിനീർ മലരാകും...’ വാക്കുകളിലും നോട്ടത്തിലുമെല്ലാം മലയാളിപ്പയ്യൻ സിജുവിനോടുള്ള പ്രണയം നിറയുന്നു. വിവാഹത്തിന്റെ ഭാഗമായി നവദമ്പതികളെ അനുഗ്രഹിക്കാൻ സെറ ട്രുഡേലിന്റെ അമ്മ ബാർബേറ ട്രുഡേലുംഎത്തിയിട്ടുണ്ട്. മാർക് ട്രുഡേൽ–ബാർബേറ ട്രുഡേൽ ദമ്പതികളുടെ മകളാണു സെറ. ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകളിൽ പാടാറുണ്ടായിരുന്നു. സിജുവിനെ പരിചയപ്പെട്ടു പ്രണയത്തിലായതോടെ മലയാളം, തമിഴ്, ഹിന്ദി പാട്ടുകളും പാടി കാനഡയിൽ ശ്രദ്ധ നേടി.
പാലക്കാട്ടുനിന്നു ക്വാളിറ്റി എൻജിനീയറിങ് മാനേജ്മെന്റ് പഠിക്കാനായി കാനഡയിൽ എത്തിയ സിജു രണ്ടു വർഷത്തെ പഠനത്തിനു ശേഷം മെയ്ന്റനൻസ് എൻജിനീയറിങ് സർവീസസ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയാണു സെറ ട്രുഡേലിനെ പരിചയപ്പെടുന്നത്. പ്രണയത്തിലായതോടെ ഇന്ത്യൻ രീതികളും മലയാള ഭാഷയും പഠിച്ചു തുടങ്ങിയ സെറ സംഗീതത്തിലുള്ള താൽപര്യം കൂടി കണക്കിലെടുത്തു മലയാളം പാട്ടുകൾ പഠിക്കുകയായിരുന്നു. പാടുന്ന പാട്ടുകൾ സാമൂഹിക മാധ്യമങ്ങൾ പങ്കുവയ്ക്കുകയും പതിവാണ്. വിവാഹശേഷം ഓണഘോഷങ്ങളിലൊക്കെ പങ്കെടുത്ത് ഇരുവരും അടുത്ത 14നു കാനഡയിലേക്ക് മടങ്ങും.