‘ആ കൺസപ്റ്റിന് എതിരല്ല, ആരെങ്കിലും പറഞ്ഞതുകൊണ്ട് എടുത്തു ചാടരുത്’; വിവാഹക്കാര്യത്തിൽ മനസ്സു തുറന്ന് മീര നന്ദൻ
Mail This Article
മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീര നന്ദൻ. ‘മുല്ല’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മീര ഇപ്പോൾ ആർജെയായി ജോലി ചെയ്യുകയാണ്. കരിയറിൽ ശ്രദ്ധിക്കുമ്പോഴും ചില സിനിമകളിലും മീര എത്തിയിരുന്നു. 32 വയസ്സു കഴിഞ്ഞ മീര അവിവാഹിതയാണ്. ഇപ്പോഴിതാ വിവാഹത്തെ പറ്റി ഒരു ഓൺലൈൻ മാധ്യമത്തിന് മുന്നിൽ മനസ്സു തുറന്നിരിക്കുകയാണ് താരം. വിവാഹം എന്ന കൺസപ്റ്റിന് താൻ എതിരല്ലെന്നും പറ്റിയ ആളെ കിട്ടിയാൽ വിവാഹം ചെയ്യുമെന്നും മീര പറഞ്ഞു.
‘കല്യാണം നടക്കേണ്ട സമയത്ത് നടക്കും എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്. വിവാഹം എന്നതിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആളുകൾ പറഞ്ഞത് കൊണ്ടോ കുടുംബക്കാർ പറഞ്ഞത് കൊണ്ടോ ആരും അതിലേക്ക് എടുത്ത് ചാടരുത് എന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒറ്റയ്ക്ക് ജീവിച്ച് ഒറ്റയ്ക്ക് കാര്യങ്ങൾ മാനേജ് ചെയ്തു വന്ന ആളാണ്. വിവാഹമെന്നത് നടക്കേണ്ട സമയത്ത് നമുക്ക് ശരിയായ വ്യക്തിയുമായി നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആരെങ്കിലും പറഞ്ഞതു കൊണ്ട്, എങ്കിൽ വിവാഹം കഴിച്ചേക്കാം എന്ന് കരുതി ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല. എനിക്ക് എന്താണ് നല്ലതെന്ന് എനിക്ക് അറിയാം. ഞാൻ റെഡി ആണെന്ന് തോന്നുന്ന സമയത്ത് ഞാൻ വിവാഹം കഴിക്കും. പറ്റിയ ആളെ കിട്ടട്ടെ അപ്പോൾ നോക്കാം. വിവാഹം എന്ന കൺസപ്റ്റിനോട് ഞാൻ എതിരല്ല. ഞാൻ ഇത്രയും നാൾ ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ്. എന്നോടു വന്നു അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊരാൾ പറയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല’– മീര നന്ദൻ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലെ സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും മീര പ്രതികരിച്ചു. ‘ബുള്ളിയിങ്ങ് ഒരുപാട് കാലമായി അനുഭവിക്കുന്നു. എനിക്ക് അതിൽ യാതൊരു വിഷമവും തോന്നാറില്ല. ചില ആളുകൾക്ക് അതാണ് സന്തോഷം. ചിലർക്ക് നല്ലത് കണ്ടാലും നെഗറ്റീവ് കണ്ടാലും അതിനിടയിൽ വന്ന് രണ്ടു നെഗറ്റീവ് പറയുക എന്നതാണ് ചിലർക്ക് സന്തോഷം ലഭിക്കുന്ന കാര്യം. അവരെ സന്തോഷിപ്പിക്കാൻ വിട്ടാൽ നമുക്കും സന്തോഷിക്കാം. അത്രയേ ഉള്ളൂ. ആദ്യമൊക്കെ വരുന്ന കമന്റുകളോട് ഞാൻ പ്രതികരിക്കുമായിരുന്നു. പിന്നീട് ഞാൻ ചിന്തിച്ചു. എന്തിനാണ് ഞാൻ എന്റെ സമയവും ഊർജ്ജവും ഇതിൽ കളയുന്നതെന്ന്. അതിന്റെ ഒരു ആവശ്യവുമില്ലെന്ന് ഞാൻ മനസിലാക്കി’– മീര അഭിമുഖത്തിൽ വ്യക്തമാക്കി.
Content Highlights: Meera Nandan | Wedding | Life | Lifestyle | Manoramaonline