മെഹന്ദിയിൽ എല്ലാവരുടെയും പേര്; അംബാനി കുടുംബത്തെ മുന്നിൽ നിന്ന് നയിച്ച് നിത: കയ്യിലേന്തിയ വിളക്കിനു പിന്നിൽ?
![nita-lamp-main നിത അംബാനി∙ ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്](https://img-mm.manoramaonline.com/content/dam/mm/mo/style/wedding/images/2024/7/13/nita-lamp-main.jpg?w=1120&h=583)
Mail This Article
ലോകം മുഴുവൻ ഉറ്റുനോക്കുന്ന വിവാഹമാണ് ജൂലൈ12ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും മൂന്നുദിവസം നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇതിനോടകം തന്നെ ചർച്ചയായിരുന്നു. എന്നാലിപ്പോള്‍ വിവാഹത്തിലൂട നീളം നിത അംബാനി കയ്യിൽ പിടിച്ച വിളക്കാണ് ശ്രദ്ധേയമാകുന്നത്.
അംബാനി കുടുംബത്തിനൊപ്പം മുബൈയിലെ വസതിയായ ആൻഡിലിയയിൽ നിന്ന് വിവാഹവേദിയായ ജിയോ കൺവെൻഷൻ സെന്ററിലേക്കു പുറപ്പെടുന്നതു മുതൽ നിത അംബാനിയുടെ കയ്യിൽ വിളക്കുണ്ട്. ഗണേശ വിഗ്രഹം ആലേഖനം ചെയ്ത രമൺദിവോ വിളക്കാണ് നിതയുടെ കയ്യിലുള്ളത്. പരമ്പരാഗത ഗുജറാത്തി വിവാഹത്തിന്റെ ഭാഗമാണ് ഈ വിളക്ക്. വരന്റെ മാതാവ് ഈ വിളക്ക് കയ്യിൽ പിടിക്കുന്നത്. തുടർന്ന് വിവാഹ വേദിയിലെത്തിയ അനന്തിനെ ഈ വിളക്കുമായി വേദിയിലേക്ക് മുന്നിൽ നടന്ന് ആനയിക്കുന്നതും നിത തന്നെയാണ്.
വിളക്കുമായി മുന്‍പിൽ നടക്കുന്ന നിതയ്ക്കു പിന്നാലെ വരനൊപ്പം അംബാനി കുടുംബം വിവാഹവേദിയിലേക്കു നടക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവാഹത്തിലൂടനീളം അംബാനിക്കുടുംബത്തെ നയിക്കുന്നത് നിതയാണ്. നിതയ്ക്ക് തൊട്ടുപിറകിലായി വരനൊപ്പം പിതാവ് മുകേഷ് അംബാനി, സഹോദരൻ ആകാശ് അംബാനി, സഹോദരി ഇഷ അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക അംബാനി, ഇഷയുടെ ഭർത്താവ് ആനന്ദ് പിരമൽ എന്നിവരെയും കാണാം.
വിവാഹത്തോടനുബന്ധിച്ച് നിത അംബാനിയുടെ കയ്യിലെ മെഹന്ദിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കൈകളിലണിഞ്ഞ മെഹന്ദിയിൽ രാധാ–കൃഷ്ണ ആർട്ടിനൊപ്പം അംബാനി കുടുംബത്തിലെ എല്ലാവരുടെയും പേരുകൾ നിത അംബാനി ചേർത്തിരുന്നു.
ജൂലൈ12 മുതൽ മൂന്നു ദിവസമാണ് അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ നടക്കുന്നത്. വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ട്.