‘വിവാഹമാണ്, എനിക്ക് നാണം വരുന്നു’: പ്രണയത്തിൽ തിളങ്ങി ശോഭിതയുടെ ആനന്ദനൃത്തം; മേക്കപ്പ് വിഡിയോ

Mail This Article
അടുത്തിടെയായിരുന്നു താരങ്ങളായ നാഗചൈതന്യയുെടയും ശോഭിത ധൂലിപാലയുടെയും വിവാഹം. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ആർഭാടപൂർവമായ വിവാഹമായിരുന്നു നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിവാഹദിനത്തിലെ ശോഭിതയുടെ മനോഹരമായ ലുക്കും മേക്കപ്പുമെല്ലാം ആരാധക ശ്രദ്ധനേടി. ഇപ്പോഴിതാ വിവാഹത്തിനൊരുങ്ങുന്ന ശോഭിതയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ശ്രദ്ധ മിശ്ര ശോഭിതയെ ഒരുക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ ശ്രദ്ധ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വിവാഹദിനത്തിൽ വളരെ ആകാംക്ഷയോടെ നിൽക്കുന്ന ശോഭിതയുടെ വിഡിയോയാണ് പങ്കുവച്ചത്. മേക്കപ്പിനിടെ ശോഭിത ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. പ്രണയത്താൽ തിളങ്ങുന്നു. ശരിയായ മാന്ത്രിക സ്പർശം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. വിവാഹമാണ്. തനിക്കു നാണം വരുന്നു എന്ന് ശോഭിത പറയുന്നതും വിഡിയോയിലുണ്ട്.
‘പൊന്നിയിൻ സെൽവൻ’ മോഡലിലുള്ള ആഭരണങ്ങളാണ് ശോഭിത വിവാഹത്തിന് അണിഞ്ഞത്. ചിത്രത്തിൽ ഐശ്വര്യാ റായിയും തൃഷയും അണിഞ്ഞ ആഭരണങ്ങളുടെ മോഡലിലായിരുന്നു ശോഭിതയുെട വിവാഹ ആഭരണങ്ങൾ. പൂർണമായും ആന്റിക് ആഭരണങ്ങളായിരുന്നു. നെറ്റിയിൽ കെട്ടുന്ന ചരടായ ബാസികം, നെറ്റിച്ചുട്ടി, ബുലാകി (മൂക്കുത്തി), വീതിയുള്ള പാദസരം, ഹിപ്ചെയിൻ എന്നിവയും ശോഭിത അണിഞ്ഞിരുന്നു.
യഥാർഥ സ്വർണനൂലുകൾകൊണ്ട് നെയ്ത കാഞ്ചീപുരം സാരിയായിരുന്നു ശോഭിതയുടേത്. മറ്റൊരു സാരി കൂടി ശോഭിത വിവാഹ ചടങ്ങിൽ അണിഞ്ഞിരുന്നു. ചുവപ്പു ബോർഡറുള്ള വെള്ളസാരിയായിരുന്നു ഇത്. ആന്ധ്രാപ്രദേശിലെ പോണ്ടൂരിലായിരുന്നു ഈ സാരി നെയ്തത്. ക്ഷണക്കത്തു മുതൽ വിവാഹം വരെ തെലുങ്ക് പാരമ്പര്യത്തിനും സംസ്കാരത്തിനും ഏറെ പ്രാധാന്യം നൽകുന്ന രീതിയിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.