കടം വാങ്ങി അണിഞ്ഞ മാലയിലെ വജ്രം നഷ്ടമായി, അംബാനി കുടുംബത്തെ അറിയില്ല: കിം കർദാഷിയാൻ

Mail This Article
ഇന്ത്യ കണ്ട ഏറ്റവും ആഡംബര പൂർണമായ വിവാഹങ്ങളിലൊന്നായിരുന്നു പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെത്. ആഗോളതലത്തിൽ തന്നെ വിവിധ മേഖലകളിൽ പ്രശസ്തരായവർ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. യുഎസ് ടെലിവഷൻ താരവും സംരംഭകയുമായ കിം കർദാഷിയാനും സഹോദരി ക്ലോയി കർദാഷിയാനും വിവാഹത്തിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. ഇപ്പോൾ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതിനെ കുറിച്ച് പറയുകയാണ് കിം കർദാഷിയാൻ.
അംബാനി കുടുംബത്തെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നാണ് കിം പറയുന്നത്. ‘എനിക്ക് അംബാനിമാരെ അറിയില്ല. പക്ഷേ, ഞങ്ങൾക്കിടയിൽ പൊതുസുഹൃത്തുക്കൾ ഉണ്ട്.’– കിം പറഞ്ഞു. അംബാനി കുടുംബത്തിനു വേണ്ടി ആഭരണങ്ങൾ രൂപകൽപന ചെയ്ത പ്രമുഖ ആഭരണ നിർമാതാവ് ലോറെയിൻ ഷ്വാട്സ് വഴിയാണ് വിവാഹത്തിനു ക്ഷണം വരുന്നതെന്നും കിം പറഞ്ഞു.
‘ലോറെയിൻ ഷ്വാട്സ് ഞങ്ങളുടെ നല്ലസുഹൃത്താണ്. അവർ ഒരു ആഭരണ നിർമാതാവാണ്. അവരാണ് അംബാനി കുടുംബത്തിനു വേണ്ടി ആഭരണങ്ങള്‍ നിർമിച്ചത്. അവൾ അവരുടെ വിവാഹത്തിനു പോകുകയാണെന്നും ഞങ്ങൾ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നും ഷ്വാട്സ് പറഞ്ഞു. അങ്ങനെയാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്.’– കിം വ്യക്തമാക്കി.
വിവാഹക്ഷണക്കത്ത് കണ്ടപ്പോൾ അമ്പരന്നെന്ന് കിമ്മിന്റെ സഹോദരി ക്ലോയിയും വ്യക്തമാക്കി. ഏകദേശം 22 കിലോഗ്രാം ഭാരമുള്ള, തുറക്കുമ്പോൾ സംഗീതം കേൾക്കുന്ന വലിയ ക്ഷണക്കത്തായിരുന്നു അതെന്നും ക്ലോയി ഓർമിച്ചു. ‘ആ ക്ഷണക്കത്തു കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞങ്ങള്‍ അമ്പരന്നു. ആ ക്ഷണക്കത്തു നിരസിക്കാനാകാത്തതാണ്. ഇത്രയും വ്യത്യസ്തമായ ക്ഷണക്കത്തുള്ള ഒരു വിവാഹത്തിന് എങ്ങനെ പോകാതിരിക്കും.’– ക്ലോയി ചോദിച്ചു.
എല്ലാം വളരെ മികച്ചതായിരുന്നു എങ്കിലും വ്യക്തിപരമായി അത്ര സന്തോഷകരമായ ഓര്‍മയല്ല ആ ചടങ്ങ് സമ്മാനിച്ചതെന്നും കിം ഓർത്തു. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഷ്വവാട്സിൽ നിന്ന് കടം വാങ്ങിയണിഞ്ഞ നെക്‌ലസിൽ നിന്ന് ഒരു വജ്രം നഷ്ടമായെന്നും കിം കൂട്ടിച്ചേർത്തു. ‘നിരവധി വജ്രങ്ങൾ പതിച്ച വലിയ നെക്‌ലസ് ആയിരുന്നു അത്. അതിൽ മുത്തുകളും പിയർ ആകൃതിയിലുള്ള വജ്രങ്ങളും തൂങ്ങിക്കിടന്നിരുന്നു. അതിൽ ഒരു ഡയമണ്ട് വീണുപോയി. എവിടെയാണ് പോയതെന്നറിയില്ല. അത് കണ്ടെത്താനായില്ല.’– കിം കൂട്ടിച്ചേർത്തു.