ചിരിച്ച് വിവാഹ വേദിയിലെത്തി; വരനെ കണ്ട വധു അലറിക്കരഞ്ഞു: പിന്നീട് തമ്മിൽത്തല്ല്

Mail This Article
വിവിധകാരണങ്ങൾക്കൊണ്ട് വിവാഹദിനത്തിൽ തന്നെ ചടങ്ങു മുടങ്ങുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഉത്തർപ്രദേശിൽ ഒരു യുവതിയുടെ വിവാഹം മുടങ്ങാനുണ്ടായ കാരണം അൽപം അമ്പരപ്പിക്കുന്നതാണ്. വളരെ പ്രതീക്ഷയോടെ വിവാഹ വേദിയിലെത്തിയ വധു കരഞ്ഞു കൊണ്ട് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
ഉത്തർപ്രദേശിൽ ഭദോഹി ഗ്രാമത്തിലായിരുന്നു സംഭവം. ബറാത്ത് ചടങ്ങിനെത്തിയ വരനെയും കുടുംബത്തെയും വളരെ ആഘോഷപൂർവം വധുവിന്റെ വീട്ടുകാർ സ്വീകരിച്ചു. പ്രഭാതഭക്ഷണത്തിനു ശേഷം പാട്ടും നൃത്തവുമായി വിവാഹത്തിന്റെ മറ്റുചടങ്ങുകൾ ആരംഭിച്ചു. വേദിയിൽ സുഹൃത്തുക്കൾക്കൊപ്പം വരൻ ‘ജയ്മാല’ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഈ സമയത്താണ് വേദിയിലേക്ക് വധു എത്തിയത്. എന്നാല്‍ വരനെ കണ്ടതോടെ വധു അലറിക്കരഞ്ഞു. മുൻപ് കണ്ട വ്യക്തിയല്ല വരനെന്ന് വധു വ്യക്തമാക്കി.
വധു വിവാഹത്തിൽ നിന്ന് പിൻമാറിയതോടെ ഇരുകുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വരനെയും സംഘത്തെയും വധുവിന്റെ വീട്ടുകാർ ബന്ദികളാക്കി. വരനെ മാറ്റി വിവാഹതട്ടിപ്പ് നടത്താനായിരുന്നു ശ്രമമെന്നാണ് വധുവിന്റെ വീട്ടുകാരുടെ ആരോപണം. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ പൊലീസ് ഇടപെട്ടാണ് വരനെയും ബന്ധുക്കളെയും മോചിപ്പിച്ചത്. എന്നാൽ ഈ വിവാഹം വേണ്ട എന്ന തീരുമാനത്തിൽ വധുവും വീട്ടുകാരും ഉറച്ചു നിന്നു. തുടർന്ന് വധുവിനെ കൂടാതെ വരനും സംഘവും മടങ്ങി.