കൂളറിനു മുന്നിൽ ഇരിക്കാൻ തർക്കം, കസേരകൾ ‘എയറിൽ’; കല്യാണപ്പന്തലിൽ പൊരിഞ്ഞ അടി!

Mail This Article
ഏറെ സന്തോഷത്തോടെ ആഘോഷിക്കേണ്ട വിവാഹദിനം ബന്ധുക്കൾ ചേർന്ന് അലങ്കോലമാക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവാഹവേദിയിൽ വച്ചിരുന്ന കൂളറിനു മുന്നിൽ വരന്റെ കൂട്ടർ ഇരുപ്പുറപ്പിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് പിന്നീട് അക്രമാസക്തമായ സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
വധൂവരന്മാർക്കായി ഒരുക്കിയ കൂളറിനു മുൻപിൽ വരന്റെ കൂടെ വന്ന ചില പുരുഷന്മാർ ഇരുപ്പുറപ്പിച്ചു. ആ ഇരിപ്പിടങ്ങൾ വധൂവരന്മാർക്കായി ഒരുക്കിയതാണെന്നും അവിടെ നിന്നും മാറിയിരിക്കണമെന്നും വധുവിന്റെ കൂട്ടർ വരന്റെ കൂട്ടരെ അറിയിച്ചു. എന്നാൽ അവിടെ നിന്നു മാറിയിരിക്കാൻ വരന്റെ കൂട്ടർ തയാറായില്ല. തുടർന്ന് പ്രദേശവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരും വരന്റെ കൂട്ടരോടൊപ്പം ചേർന്ന് തർക്കം കൊഴിപ്പിച്ചു. തർക്കത്തിനിടയിൽ പരസ്പരം പോർവിളി നടത്തിയ ഇരുകൂട്ടരും കല്യാണപ്പന്തലിൽ അലങ്കരിച്ച കസേരകളും പാത്രങ്ങളുമെടുത്ത് പരസ്പരം എറിയാൻ തുടങ്ങി. അക്രമത്തിൽ പരുക്കേൽക്കാതിരിക്കാനായി സ്ത്രീകളുൾപ്പടെയുള്ള അതിഥികൾ ചിതറിയോടുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാം.
ബന്ധുക്കൾക്കിടയിൽ പറഞ്ഞു തീരേണ്ടിയിരുന്നു നിസാര തർക്കം ഇരുകൂട്ടർക്കും നാണക്കേടുണ്ടാക്കുന്ന വിധത്തിൽ കലാശിച്ചതിന്റെ ഉത്തരവാദിത്തം രണ്ടു പക്ഷത്തേയും ആളുകൾക്കുണ്ടെന്നും എരിതീയിൽ എണ്ണ പകരാൻ പ്രദേശവാസികളായ യുവാക്കൾ ശ്രമിച്ചതാണ് സംഘർഷത്തിന്റെ തീവ്രത കൂടാൻ കാരണമായതെന്നുമാണ് വിഡിയോ കണ്ട ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം.