Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 ലക്ഷത്തിന് മുംബൈ ഇന്ത്യൻസ് ലേലത്തിലെടുത്ത നിധീഷിന്റെ ജീവിതം സിനിമപോലെ !

MD Nidheesh എം.ഡി. നിധീഷ്

അജ്ഞാത പരിവേഷവുമായി മുംബൈ ഇന്ത്യൻസിന്റെ ഭാഗമായവരാണു ജസ്പ്രീത് ബുമ്രയും ഹാർദിക് പാണ്ഡ്യയും. ഐപിഎല്ലും കടന്ന് അവർ ഇന്നു ലോകക്രിക്കറ്റിലെ ഇന്ത്യയുടെ തിളക്കങ്ങൾ. അറിയപ്പെടാത്ത പ്രതിഭകളെ തേടുന്ന ശീലം മുംബൈ ഈ സീസണിലും  കൈവെടിഞ്ഞിട്ടില്ല. നിലവിലെ ചാംപ്യൻമാരുടെ കണ്ണുകൾ ഇത്തവണ ചെന്നെത്തിയതൊരു മലയാളി താരത്തിലാണ്–  കേരളത്തിന്റെ രഞ്ജി ട്രോഫി താരം എം.ഡി. നിധീഷ്. 20 ലക്ഷം രൂപയ്ക്കാണ് ഇരുപത്താറുകാരനെ മുംബൈ ഇന്ത്യൻസ് ലേലത്തിനെടുത്തത്.

സിനിമ പോലൊരു സ്വപ്നം

ക്രിക്കറ്റ് സ്വപ്നങ്ങളുടെ കഥ പറഞ്ഞ മലയാളചലച്ചിത്രം ‘1983’യുമായി താരതമ്യപ്പെടുത്താവുന്നതാണു നിധീഷിന്റെ കഥയും. കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലെ പിച്ചുകളിൽ ക്രിക്കറ്ററാകുക എന്ന സ്വപ്നവുമായി കളിക്കാനിറങ്ങിയതാണു കാഞ്ഞിരമറ്റം അരയൻകാവ് സ്വദേശി നിധീഷും. മകന്റെ ആഗ്രഹങ്ങൾക്ക് എതിരു നിന്നില്ലെങ്കിലും സാമ്പത്തികമായി സഹായിക്കാനുള്ള ചുറ്റുപാടായിരുന്നില്ല കക്ക വാരൽ തൊഴിലാളിയായ അച്ഛൻ ദിനേശനും അമ്മ ഷീലയ്ക്കും. പഠനത്തിന്റെ ഇടവേളകളിൽ പെയിന്റിങ് പോലുള്ള ജോലികൾ ചെയ്താണു നിധീഷ് കോച്ചിങ് ക്യാംപിനും മറ്റുമുള്ള പണം കണ്ടെത്തിയത്. പരിശീലനത്തിനും പഠനത്തിനും പൈസ കണ്ടെത്താനാവാതെ വിഷമിച്ച നാളുകളും നേരിട്ടിട്ടുണ്ടെന്നു നിധീഷ് പറയുന്നു. വീട്ടുകാരുടെ പ്രാർഥനയും പരീക്ഷാഫീസ് അടയ്ക്കാൻ പോലും തയാറായ കൂട്ടുകാരുടെ പ്രോൽസാഹനവുമാണ് ഐപിഎൽ പോലൊരു വേദിയിൽ തന്നെയെത്തിച്ചതെന്നും നിധീഷ് സാക്ഷ്യപ്പെടുത്തുന്നു. മുംബൈ ഇന്ത്യൻസിന്റെ സംഘത്തിലുൾപ്പെടുന്ന ആദ്യ കേരള താരം കൂടിയാണു നിധീഷ്.  

പാടത്തു നിന്ന് പാലസ് ഓവലിൽ

ചെറു ക്ലബുകൾക്കു വേണ്ടി കളിക്കാനാരംഭിച്ച നിധീഷിന്റെ കളി കാര്യമായതു തൃപ്പൂണിത്തുറയിൽ ബിരുദപഠനത്തിനെത്തിയപ്പോഴാണ്. ഈ സമയത്താണു പാലസ് ഓവലും പൂജ ക്രിക്കറ്റുമൊക്കെ നിധീഷിന്റെ ജീവിതത്തിന്റെ ഭാഗമായത്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിൽ പരിശീലനത്തിന് അവസരമൊരുങ്ങിയതോടെ ക്രിക്കറ്ററാകുക എന്ന ലക്ഷ്യം ഉറപ്പിച്ചു. 2012ൽ എംആർഎഫ് ഫൗണ്ടേഷനിൽ പരിശീലനത്തിനു കളമൊരുങ്ങി. രഞ്ജി ട്രോഫി ടീമിന്റെ നെറ്റ്സിൽ പന്തെറിയാനുള്ള അവസരം കൂടിയായതോടെ ആത്മവിശ്വാസമേറി. 

ജില്ലാതല ക്രിക്കറ്റിലെ പ്രകടനം വഴി കെസിഎയുടെ ക്യാംപിലേക്കു ക്ഷണം വന്നു. രഞ്ജി കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ ശ്രദ്ധയിലെത്തുന്നത് ഈ ക്യാംപിലൂടെയാണ്. അണ്ടർ–23 മൽസരങ്ങളിലെ വിക്കറ്റ് കൊയ്ത്തും വഴിത്തിരിവായി. രഞ്ജി ട്രോഫിയിലേക്കുള്ള വിളിയെത്താനും വൈകിയില്ല. 2014ൽ ത്രിപുരക്കെതിരെ അരങ്ങേറിയ നിധീഷ് തുടർന്നുള്ള മൂന്നു സീസണിലും കേരളത്തിന്റെ ടീമിന്റെ ഭാഗമാണ്.

മുംബൈ ഇന്ത്യൻസ് റഡാറിൽ

ചരിത്രത്തിലാദ്യമായി രഞ്ജി ക്വാർട്ടർ ഫൈനൽ കളിച്ച കേരളത്തിന്റെ പേസറുടെ പിന്നാലെ മുംബൈയുടെ സ്കൗട്ടിങ് സംഘവുമുണ്ടായിരുന്നു. ഗുജറാത്തിനെതിരായ രഞ്ജി മൽസരം കാണാൻ മുൻ ഇന്ത്യൻ സിലക്ടർ കൂടിയായ കിരൺ മോറെയെത്തി. തുടർന്നായിരുന്നു മുംബൈയിൽ ട്രയൽസിനുള്ള ക്ഷണം. 

രണ്ടു ദിവസം നീണ്ട ട്രയൽസിൽ ആദ്യദിനം മാത്രമേ നിധീഷിനു പങ്കെടുക്കാനായുള്ളൂ. മുട്ടിനേറ്റ പരുക്കിൽ പ്രതീക്ഷകൾ വീണുടഞ്ഞു. പക്ഷേ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് പിഴുത നിധീഷിന്റെ പ്രകടനം മാത്രം മതിയായിരുന്നു ടി.എ. ശേഖറും ജോൺ റൈറ്റുമുൾപ്പെടുന്ന മുംബൈ പരിശീലകർക്കു മാർക്ക് ഇടാൻ. 

പൂർത്തിയാകാത്ത ട്രയൽസും പരുക്കിനെത്തുടർന്നു മുഷ്താഖ് അലി ടൂർണമെന്റ് കളിക്കാനാകാത്തതും കാരണം ഐപിഎൽ അവസരം കൈവിട്ടതായിരുന്നു നിധീഷ്.  തന്റെ പേരു വരുമെന്ന വിശ്വാസമില്ലാത്തതിനാൽ ലേലം ടിവിയിൽ പോലും കണ്ടില്ല. ഒടുവിൽ‌ ടിനു യോഹന്നാൻ വഴിയാണ് നിധീഷ് ആ വാർത്ത കേട്ടത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam