Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ‘മൊട്ട’ ക്യൂട്ടാ.., കല്യാണപ്രായമെത്തിയാലും മുടിയിങ്ങനെ മുറിക്കാം!!

Aparna Jacob അപർണ മുടി മുറിക്കുന്നതിനു മുമ്പും ശേഷവും

‘‘ശ്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞുവീണ കേശഭാരം, വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവികത...’’ എന്നൊക്കെ കേട്ടാൽ അപർണ പൊട്ടിച്ചിരിക്കും. കാരണം തലമുടിയിലൊന്നും വലിയ കഥയില്ലെന്നു കാട്ടിത്തരുന്നതാണ് കോട്ടയം സിഎംഎസ് കോളജിലെ മൂന്നാം വർഷ ബിഎ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് വിദ്യാർഥി അപർണ ജേക്കബിന്റെ കഴിഞ്ഞ ഒരാഴ്ചത്തെ ജീവിതം! അർബുദരോഗികൾക്കായി പലരും മുടിയുടെ ഒരു ഭാഗം മുറിച്ചുനൽകുന്ന പതിവുണ്ടെങ്കിലും അപർണ തലയിലെ അവസാനത്തെ മുടിനാരു വരെ നൽകി. പലരും ഞെട്ടി! കല്യാണപ്രായമൊക്കെ ആകുവല്ലേ, മുടിയിങ്ങനെ മുറിക്കാമോ... എന്നൊക്കെയുള്ള ചോദ്യങ്ങൾക്കിടയിലൂടെ കൂളായി നടക്കുകയാണ് അപർണ. തലയിൽ തൊപ്പിയുമില്ല, കാതിലുള്ള കമ്മലും ഊരിവച്ചു. രണ്ടാഴ്ചയായി ഷർട്ടും ജീൻസും വേഷമാക്കിയതോടെ ‘കുട്ടി ആണാണോ പെണ്ണാണോ’ എന്നുവരെയെത്തി ചോദ്യങ്ങൾ. 

∙ കുട്ടിക്കു വയ്യാത്തതല്ലേ? 

മുടിമുറിച്ച ശേഷം അക്ഷയ കേന്ദ്രത്തിലെത്തിയപ്പോൾ ക്യൂവിൽനിന്ന അപർണയെക്കണ്ട് ഓപ്പറേറ്റർ ഓടിയെത്തി. ‘കുട്ടിക്ക് വയ്യാത്തതല്ലേ, മുന്നിലേക്കു വന്നോളൂ, വേഗം തീർക്കാം'! മുടിമുറിച്ചവരെല്ലാം കാൻസർ രോഗികളാണെന്ന പൊതുബോധത്തിനുള്ള കുത്തുകൂടിയാണ് അപർണയുടെ നടപ്പ്. 18 വയസ്സുള്ളപ്പോൾ, സുഹൃത്തുക്കൾ രക്തദാനം നടത്തുമ്പോൾ ശരീരഭാരം കുറവെന്ന കാരണത്താൽ അപർണയ്ക്കതിനു കഴിയുമായിരുന്നില്ല. തുടർന്നാണ് അർബുദ രോഗികൾക്കായി മുടിമുറിച്ച് നൽകാമെന്ന തീരുമാനത്തിലെത്തുന്നത്. ദുബായ് ആസ്ഥാനമായ ഹെയർ ഫോർ ഹോപ് സംഘടനയുമായി ബന്ധപ്പെട്ടു. മുടിയുടെ ഒരു ഭാഗമല്ലേ മുറിക്കുന്നതെന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ‘കൊടുക്കുമ്പോൾ ഏറ്റവും മികച്ചതുതന്നെ കൊടുക്കണം. അതുകൊണ്ടു മുഴുവൻ മുടിയും മുറിക്കണം’. വൈകിയില്ല, കോട്ടയത്തുള്ള സലൂണിൽ മുടിമുറിച്ചു. 

∙ തൊപ്പിവച്ചുകൂടേ? 

മുടിമുറിക്കാൻ ഒറ്റയ്ക്കാണു പോയത്. തൊപ്പി വാങ്ങിയിരുന്നില്ല. അമ്മയും നാട്ടകം പോളിടെക്നിക് കോളജിലെ അധ്യാപികയുമായ ലൈസാമ്മ ഫുൾ സപ്പോർട്ട്. പകുതിയായപ്പോൾ തൊപ്പിയും വാങ്ങി അമ്മയെത്തിയെങ്കിലും അതു വയ്ക്കാൻ അപർണ കൂട്ടാക്കിയില്ല. സ്ത്രീകൾ എങ്ങനെ നടക്കണമെന്ന് സ്റ്റഡി ക്ലാസ് എടുക്കുന്ന നാട്ടുകാരുടെ മുന്നിൽ കമ്മൽകൂടി ഊരിവച്ചു. എവിടെ ചെന്നാലും സഹതാപം നിറഞ്ഞ നോട്ടം. ബസിൽ കയറിയാൽ ആളുകൾ സീറ്റൊഴിഞ്ഞു കൊടുക്കും. ആദ്യദിവസം ഫെയ്സ്ബുക്കിൽ ചിത്രം പങ്കുവച്ചപ്പോൾ സുഹൃത്തുക്കൾ കരുതിയത് ഫോട്ടോഷോപ് ആണെന്ന്. പിറ്റേന്നു കോളജിൽ വച്ച് കാര്യമറിഞ്ഞപ്പോൾ അഭിനന്ദനപ്രവാഹം. കൊല്ലം സ്വദേശിയായ അപർണയും കുടുംബവും കോട്ടയത്താണിപ്പോൾ താമസം. മുടിമുളയ്ക്കുന്നതും കാത്തിരിക്കുകയാണോ എന്നു ചോദിച്ചാൽ ഇല്ലെന്നു മറുപടി. പറ്റിയാൽ കുറച്ചുദിവസം കഴിഞ്ഞ് ഒന്നുകൂടി തല ഷേവ് ചെയ്യണമെന്ന് അപർണ! 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam