Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോബി, 29 വയസ്സ്, ആസ്തി 27,000 കോടി!

Bobby Murphy ബോബി മര്‍ഫി

യുവത്വത്തിന്റെ ചോരത്തിളപ്പ് മാറുംമുമ്പ് തന്നെ ശതകോടീശ്വരസംരംഭകനായി ലോകം മുഴുവനും അറിയപ്പെടുക. ആരും കൊതിക്കുന്ന നേട്ടം തന്നെയാണത്. അതിലുപരി ഭാഗ്യവും. ബോബി മര്‍ഫി എന്ന 29കാരനും പറയാനുള്ളത് അത്തരത്തിലൊരു വലിയ നേട്ടത്തിന്റെ കഥയാണ്. ഫോബ്‌സ് മാസികയുടെ ഏറ്റവും പുതിയ സമ്പന്ന പട്ടിക അനുസരിച്ച് 27,000 കോടി രൂപയിലധികം വരും ഈ 29കാരന്റെ മൊത്തം മൂല്യം. 

ആരാണീ ബോബി മര്‍ഫി? 

ഫേസ്ബുക്കിനെ പോലും വെല്ലുവിളിച്ച സ്‌നാപ്ചാറ്റ് എന്ന സോഷ്യല്‍ മീഡിയ സംരംഭത്തിന്റെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമാണ് ബോബി മര്‍ഫി. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്താണ് ഇവാന്‍ സ്പീഗലുമായി ചേര്‍ന്ന് സ്‌നാപ്ചാറ്റ് എന്ന രസകരവും കൗതുകവും നിറഞ്ഞ കമ്പനിക്ക് ബോബി തുടക്കമിട്ടത്. സ്‌നാപ്പിന്റെ ഏറ്റവും വലിയ സവിശേഷതയായ ഡിസപ്പിയറിങ് ഫീച്ചര്‍ അവതരിപ്പിച്ചതില്‍ ബോബിക്ക് വലിയ പങ്കുണ്ട്. അതായത് സ്‌നാപ്ചാറ്റ് വഴി നമ്മള്‍ അയക്കുന്ന മെസേജുകളും ഫോട്ടോകളും വിഡിയോകളും എല്ലാം ഒരു നിശ്ചിത സമയത്തിനകം ഓട്ടോമാറ്റിക് ആയി മാഞ്ഞുപോകും. സുരക്ഷിതത്വം സൂപ്പര്‍ അല്ലേ. 

സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഫേസ്ബുക്കിനെക്കാളും യുവാക്കള്‍ക്ക് സ്‌നാപ്പിനോട് പ്രിയമേറുന്നതിന് കാരണവും. ഈ ഫീച്ചര്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ബോബിക്ക് വലിയ പങ്കുണ്ടായിരുന്നു. 170 ദശലക്ഷം ഉപയോക്താക്കളാണ് ദിനംപ്രതി യുഎസില്‍ സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നത്. ഇവരാകട്ടെ, 18നും 34 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍.

അതായത് യുവാക്കള്‍ മാത്രം. ഇതുതന്നെയാണ് ഈ യുവശതകോടീശ്വരന്റെ വിജയത്തിന് കാരണവും. ഫോബ്‌സ് മാസികയുടെ യുവശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏഴാമത്തെ റാങ്കാണ് ബോബിക്കുള്ളത്. സ്‌നാപ്ചാറ്റിന്റെ മുഖമായി എപ്പോഴും ലോകത്തിന് മുന്നിലെത്താറുള്ളത് ഇവാന്‍ സ്പീഗലാണെങ്കിലും ബോബിയും കൂടി ചേര്‍ന്നതാണ് കമ്പനിയുടെ നട്ടെല്ല്. ഇരുവരും ചേര്‍ന്നാണ് സ്‌നാപ്പിന്റെ നല്ലൊരു ശതമാനം ഉടമസ്ഥാവകാശവും കൈയാളുന്നത്. 

പ്രശസ്തി ആഗ്രഹിക്കാത്ത ഇതുപോലുള്ള യുവാവ് ഇന്നത്തെ ലോകത്ത് കുറവായിരിക്കും എന്നാണ് ബോബിയെ അറിയുന്നവര്‍ പറയുന്നത്. എപ്പോഴും സ്മാര്‍ട്ടായ, ഫ്രണ്ട്‌ലി ആയ, ബഹളങ്ങളില്ലാത്ത യുവാവ്. ഒരു സന്യാസിയെയോ യോഗിയെയോ പോലെയാണ് ബോബിയെന്നാണ് സ്‌നാപ്ചാറ്റിലെ ഒരു മുന്‍ജീവനക്കാരന്‍ ഈ യുവാവിനെ വിശേഷിപ്പിച്ചത്. ഒരിക്കല്‍ പോലും ബോബി അപ്‌സറ്റ് ആയിരിക്കുന്നതോ ദേഷ്യം പിടിച്ചിരിക്കുന്നതോ കണ്ടില്ലെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ പറയുന്നു. 

ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയില്‍ ഒരാളായി 2014ല്‍ ബോബിയെ ടൈം മാസിക തെരഞ്ഞെടുത്തിരുന്നു. 2015ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്ത ശതകോടീശ്വരനായി ഫോബ്‌സ് പട്ടികയിലും ബോബി അരങ്ങേറ്റം കുറിച്ചു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam