Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തിന്‍റെ ആകാശഗംഗയിലൊരു നക്ഷത്രം ; സസ്നേഹം രാജലക്ഷ്മിക്ക്

Rajalakshmi ഡോ.ദിവ്യ .എന്‍, രാജലക്ഷ്മി

കോളജിലെ ഇംഗ്ലീഷ് ക്ലാസ്സില്‍ സില്‍വിയ പ്ലാത്തിന്റെ മിറര്‍ എന്ന കവിത  പഠിപ്പിക്കേ, മരണത്തിനെയും സൃഷ്ടിയെയും കുറിച്ചു പറഞ്ഞപ്പോള്‍, വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്ന്, എങ്ങനെയോ  ഒരിക്കല്‍ വായിച്ച 'ഒരു വഴിയും കുറെ നിഴലുകളും' എന്ന നോവല്‍ മനോഹരമായ ഓര്‍മ്മയായി പെട്ടെന്നുള്ളിലേക്ക് കടന്നു വന്നു .പിന്നിട് കോളജ് ലൈബ്രറിയില്‍  ആകസ്മികമായി കണ്ണില്‍ പെട്ട നന്ദിതയുടെ കവിതകളും മാധവികുട്ടിയുടെ കഥകളും  രാജലക്ഷ്മിയെന്ന എഴുത്തുകാരിയായ അധ്യാപികയെ  കുറിച്ചു ചിന്തിപ്പിച്ചു. രാജലക്ഷ്മിയുടെ കഥകള്‍ വായിക്കുമ്പോഴൊക്കെ  പ്രതിബിംബങ്ങള്‍ നഷ്ടപ്പെട്ട മനുഷ്യരുടെയിടയില്‍  നിഴലുകളുടെ അപ്രസക്തിയനുഭവപ്പെട്ടിരുന്നു.   

കാലത്തിന്‍റെ കണ്ണാടിയിലും  ഓര്‍മ്മയുടെ അമ്ലലായനിയിലും  രാജലക്ഷ്മിയെന്ന എഴുത്തുകാരിയുടെ  രൂപം ഒരു മനോഹര വിഷാദ സ്വപ്നമായി അലിഞ്ഞു ചേര്‍ന്നു.  ഒരു വഴിയും കുറേ നിഴലുകളും എന്ന നോവലിലൂടെയാണ്  രാജലക്ഷ്മിയെ ആദ്യമായി  വായിച്ചും അറിഞ്ഞും തുടങ്ങുന്നത്  ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും  ജീര്‍ണതയിലഭിരമിക്കുന്ന മനുഷ്യരെ കുറിച്ചവര്‍ എഴുതി. ആയിരത്തി തൊളളായിരത്തി അറുപതിലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ  ആ കൃതി  ഏകാന്തതയുടെ രക്തസാക്ഷിത്വം സ്വയം വരിച്ച ഒരു പറ്റം മനുഷ്യരുടെ കഥയായിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന മകള്‍ എന്ന കഥയിലൂടെയാണ് രാജലക്ഷ്മി ശ്രദ്ധയായതെന്നറിഞ്ഞു. പിന്നീട്  രാജലക്ഷ്മിയെ  വായിക്കുമ്പോഴൊക്കെ  അവരിലെ എഴുത്തുകാരിക്കുള്ളിലെ സ്ത്രീയെയും അധ്യാപികയെയും കൂടി അറിയുകയായിരുന്നുവെന്നു  തോന്നിയിട്ടുണ്ട്. രാജലക്ഷ്മിയുടെ  ഓരോ കഥയും ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായ പല സ്ത്രീകളുടെയും കഥയാണ് . 

പാലക്കാട്  ചെര്‍പ്പുളശ്ശേരിയിലെ പ്രകൃതി രാജലക്ഷ്മിയുടെ കഥകളെ സ്വാധീനിച്ചിരുന്നു. രാജലക്ഷ്മിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ അധികവും ഗ്രാമീണമായ  നിഷ്കളങ്കത പുലര്‍ത്തുന്നവരായിരുന്നു. നാഗരികമായ സാംസ്കാരിക കാപട്യം ഉള്‍കൊള്ളാന്‍ കഴിയാത്തത് ആയിരുന്നു രാജലക്ഷ്മി തന്‍റെ സ്ത്രീ കഥാപാത്രങ്ങളില്‍ പലരുടെയും ജീവിത പരാജയത്തിനു കാരണമായി കഥയില്‍ കാണിക്കുന്നത്. രാജലക്ഷ്മിയുടെ കോളജ് അധ്യാപക ജീവിതം അവരുടെ  മിക്ക കഥകളെയും സ്വാധീനിച്ചിട്ടുണ്ട്. കുറച്ചു സംസാരിക്കുന്ന  സ്നേഹമയിയായ  ഒരധ്യാപികയായാണ്‌  രാജലക്ഷ്മിയുടെ വിദ്യാർഥികളില്‍ പലരും ഇന്നുമവരെ ഓര്‍ക്കുന്നത്.  

“ഒരധ്യാപിക ജനിക്കുന്നു” എന്ന രചനയിലെ അധ്യാപികയ്ക്ക്‌ ഞാനുള്‍പ്പെടെയുള്ള പല അധ്യാപികമാരുടെയും മുഖമുള്ളതുപോലെ തോന്നി.  ഒരേ സമയം ഉദ്യോഗവും കുടുംബവും  കൊണ്ടു നടക്കുന്ന സ്ത്രീകളുടെ വിഹ്വലതകള്‍ രാജലക്ഷ്മിയുടെ പല കഥകളിലും കാണാം. ഉദ്യോഗം നല്‍കുന്ന സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളപ്പോഴും കുടുംബം എന്ന വ്യവസ്ഥിതി സ്ത്രീക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക പാരതന്ത്ര്യം സ്ത്രീകള്‍ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നത് രാജലക്ഷ്മിയുടെ കഥകളില്‍ നമുക്കു കാണാന്‍ കഴിയും.   “മാപ്പ്” എന്ന കഥയിലെ രമയെന്ന അധ്യാപിക ഉദ്യോഗസ്ഥകളായ പല സ്ത്രീകളുടെയും സങ്കീര്‍ണ മാനസിക വ്യാപാരങ്ങളിലേക്കുംതുടര്‍ന്നുള്ള അവരുടെ ആശങ്കകളിലെക്കും വിരല്‍ ചൂണ്ടുന്നു. അധ്യാപികയായാലും സാഹിത്യകാരിയായാലും ഒരു സ്ത്രീയുടെ ഉള്ളിനെ നീറ്റുന്ന പല സത്യങ്ങളും ഒന്നാണെന്ന്  ഇവര്‍ നമ്മളെ ഓര്‍മ്മപെടുത്തുന്നു. രമയുടെ അടുത്തു  മാപ്പ് അപേക്ഷിക്കാന്‍ വരുന്ന വിദ്യാര്‍ഥി രമയെ കാണാതാകുമ്പോള്‍ പുഷ്കിന്‍  കവിതകളുടെ സമാഹാരത്തില്‍ ആദ്യത്തെ പേജില്‍ “ഞാന്‍ മുട്ട് കുത്താന്‍ വന്നപ്പോള്‍ അങ്ങ് വാതില്‍ അടച്ചു കളഞ്ഞു” എന്ന് എഴുതി കൊടുത്ത് തിരിച്ചു പോയതറിഞ്ഞ് അധ്യാപികയ്ക്ക് അനുഭവപ്പെട്ട ആഘാതം എഴുത്തുക്കാരി ശക്തവും ലളിതവുമായി ചൂണ്ടി കാണിക്കുന്നു.

രാജലക്ഷ്മിയുടെ മിക്ക കഥകളിലും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയായി  കുടുംബം ചിത്രീകരിക്കപ്പെടുന്നുണ്ട്. മിക്ക നായികമാരുടെയും മോഹഭംഗത്തിനു മേല്‍ അച്ഛന്‍ എന്ന കഥാപാത്രത്തിന്‍റെ സ്വാധീനമുണ്ട്. ഒരു വഴിയും കുറെ നിഴലുകളും എന്ന നോവലിലെ രമണിയും മകളിലെ ശാരദയുമൊക്കെ അവരുടെ അച്ഛന്‍ നിഷ്കര്‍ഷിക്കുന്ന മാര്‍ഗ്ഗത്തിലൂടെ നടക്കേണ്ടി വരുന്നവരാണ്.കുടുംബ വ്യവസ്ഥയുടെ പ്രതിനിധിയായ അച്ഛന്‍ പറയുന്നതനുസരിച്ചവര്‍ ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും തങ്ങളുടെ അഭിലാഷങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നു.

സ്വപ്‌നങ്ങളെ നിഴലുകളാക്കി ആ തണലില്‍ നടക്കാന്‍ വിധിക്കപെട്ട “മകള്‍” എന്ന കഥയിലെ ശാരദയെ പോലെയിന്നും ഒരുപാടു പെണ്‍മക്കള്‍  നമുക്കിടയില്‍ നിശ്ശബ്ദം ജീവിക്കുന്നു. “പരാജിത”യിലെ നിര്‍മല അഥവാ മിസ്സിസ് പണിക്കര്‍ വിവാഹിതയും അമ്മയുമായ സ്ത്രീയുടെ ആന്ത്വരിക വിഹ്വലതകളും ആത്മദാഹവും കാണിക്കുന്നു. പ്രണയവും മോഹങ്ങളും നിഷേധിക്കപ്പെട്ട് സമൂഹത്തിന്‍റെ ചട്ടകൂടിനുള്ളില്‍ തളയ്ക്കപ്പെട്ട സ്ത്രീയെന്നും രാജലക്ഷ്മിയുടെ  കഥകളില്‍ ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ ഭാഷയില്‍ രാജലക്ഷ്മി അവരുടെ അസ്തിത്വത്തിന്റെ ആത്മാവിഷ്കരണം നടത്തി .

വിജയിക്കുന്നവരുടെ സംഗീതത്തെക്കാള്‍ സാന്ദ്രതയും ആഴവും  പരാജിതയുടെ ശോക ഗാനത്തിനാണ് എന്ന് രാജലക്ഷ്മി പറഞ്ഞു.“ഇളവെയിലും പൂക്കളും മഞ്ഞയും മഴയും ഇഷ്ടപ്പെട്ടിരുന്ന” ലീലയും സ്വപ്നങ്ങളുടെ ഇടവഴികളിലൂടെ സഞ്ചരിച്ച ഇന്ദിരയും ഓരോ സ്ത്രീയിലും ഉണര്‍ന്നും ഉറങ്ങിയും ഉണ്ട്. അടുക്കളയിലും ജോലി സ്ഥലത്തുമായി ഹോമിക്കപെട്ട പല സ്ത്രീകളുടെയും കഥകള്‍ അവരുടെ അന്തരാത്മാവിന്‍റെ കണ്ണാടിയായി മാറി.  ഏകാന്തതയുടെ അടിവേരില്‍  നിന്നു കിളിര്‍ത്ത മൗനമെന്ന മഹാവൃക്ഷത്തണലില്‍ തലചായ്ക്കാന്‍ തോന്നുമ്പോഴോക്കെയുംഒരു വായനക്കാരിയായി  രാജലക്ഷ്മിയെന്ന എഴുത്തുക്കാരിയുടെ കഥകളിലേക്ക്  ഇന്നും പല സ്ത്രീകളും  യാത്ര ചെയുന്നു. അവരുടെ  വാക്കുകള്‍ക്കിടയിലെ നിശബ്ദതയുടെ നേര്‍ത്ത തണുപ്പേല്‍ക്കുന്നു. എഴുത്തുകാരിയിലെ വായനക്കാരിയെ  ശ്വസിക്കുന്നു. ഏകാന്തതയുടെ തടവറ സ്വയം വരിച്ച  ആളുകളുടെ കഥകള്‍ രാജലക്ഷ്മി പറഞ്ഞു. അവരുടെ  തൂലികത്തുമ്പില്‍ നിന്നടര്‍ന്നു വീണ വാക്കുകള്‍  മനുഷ്യമനസ്സിന്റെ വേദന നിറഞ്ഞ ഇരുണ്ട വഴികളിലേക്ക് വെളിച്ചം വീശി.  

ജീവിത നിരാശയോടോപ്പം തന്നെ മൃത്യുബോധവും  രാജലക്ഷ്മിയുടെ കഥകളില്‍ എത്തി. “എഴുതാതിരിക്കാന്‍ വയ്യ ജീവിച്ചിരിക്കുകയാണെങ്കില്‍ ഇനിയും എഴുതി പോകും എഴുതുമ്പോള്‍ മറ്റു ചിലര്‍ക്ക് കൂടി സുപരിചിതമായ സംഭവങ്ങളുമായും കണ്ടും കേട്ടുമുള്ള ജീവിതങ്ങളുമായും സാമ്യം വന്നേക്കും” എന്ന് ക്ഷമാപണ സ്വരത്തില്‍ എഴുതി വച്ചിട്ടാണ് രാജലക്ഷ്മി ആത്മഹത്യ ചെയ്തത്. ഇവിടെ എഴുത്ത് ആത്മാവിഷ്ക്കാരം മാത്രമല്ല ജീവിതം കൂടിയാകുന്നു. നിഷേധിക്കപ്പെട്ട ആത്മാവിഷ്ക്കാരം മരണതുല്യമായ അനുഭവമാകുന്നു. ബൗദ്ധികമായി മരിച്ചു ജൈവികമായി ജീവിക്കുന്നതിനേക്കാള്‍ ഭേദം ആത്മഹത്യയാണെന്ന് ഒരു പക്ഷേ രാജലക്ഷ്മിക്കു തോന്നിയിരിക്കണം. പ്രശ്സത സാഹിത്യ വിമര്‍ശകന്‍ കെ പി അപ്പന്‍റെ “മരണത്തിന്‍റെ ഹൃദ്യമായ മുന്നറിയിപ്പുകള്‍” എന്ന പഠനത്തില്‍ രാജലക്ഷ്മിയുടെ “മാപ്പ്”, “ആത്മഹത്യ”  എന്നീ കഥകള്‍ ഒരസ്വസ്ഥമായ എഴുത്തുകാരിയുടെ  മനസ്സിനെ സൂചിപ്പിക്കുന്നുവെന്ന് എഴുതിയിട്ടുണ്ട്. എന്‍ ആര്‍ ഗ്രാമപ്രകാശ്‌ സര്‍ രാജലക്ഷ്മിയെ കുറിച്ചെഴുതിയ കൃതിയില്‍ അവരുടെ രചനകളിലെ വൈരുധ്യങ്ങള്‍ നിറഞ്ഞ ആത്മബിംബങ്ങളെ കുറിച്ച് പറയുന്നു. 

“ആത്മഹത്യ” എന്ന കഥയിലെ നീരജയെന്ന കഥാപാത്രം സ്നേഹശൂന്യമായ ഒരു ദാമ്പത്യ ബന്ധം മടുത്തു മരണം ആഗ്രഹിക്കുന്നവള്‍ ആണ്. മരിച്ചു ജീവിക്കുന്നതിലും ഭേദം മരണത്തിലേക്ക് നടക്കുന്നതാണെന്നവള്‍ കരുതുന്നു. “ഹാന്‍ഡ്‌ കര്‍ച്ചീഫ്” “ചരിത്രം ആവര്‍ത്തിക്കുന്നില്ല” എന്നീ കഥകളിലെ മുഖ്യ കഥാപാത്രങ്ങള്‍ തങ്ങളുടെ ജീവിതം വിലക്കുകള്‍ ഇല്ലാതെ പൂര്‍ണമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍  വിധി വൈപരീത്യങ്ങള്‍ അവരുടെ ജീവിത കാമനകള്‍ക്ക്‌ തടസ്സം വരുത്തുന്നു. 

ജീവിതം പോലെ മരണവും വ്യക്തിപരമാണെന്നറിയാം. രാജലക്ഷ്മിയെന്ന എഴുത്തുകാരിയെ വായിക്കുന്നവര്‍ അവര്‍ ആത്മഹത്യ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഇനിയും ഒരുപാട് ജീവിതത്തിനെ കുറിച്ച് എഴുതണമായിരുന്നുവെന്നും ആഗ്രഹിക്കുന്നു. 

“ആത്മഹത്യ ഭീരുതത്തിന്റെ ലക്ഷണമാണ്” എന്ന് പറഞ്ഞിട്ടും ഒടുവില്‍  രാജലക്ഷ്മി സ്വയം മരണത്തിന്‍റെ വഴിയെ നടന്നത്  ഒരുപക്ഷേ അവരെ ഉള്‍കൊള്ളാനാകാത്ത സമൂഹത്തില്‍ നിന്നും രക്ഷപ്പെടാനാവും. മരണത്തിന്‍റെ തണുത്ത വിരലുകളെ രാജലക്ഷ്മി എന്ന എഴുത്തുകാരി തന്‍റെ  സര്‍ഗാത്മകതയുടെ അഗ്നിയെ  തൊടാന്‍ അനുവദിക്കരുതായിരുന്നു  എന്ന് പറയുമ്പോഴും അവരുടെ മരണം കപട സമൂഹത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണെന്ന് നമ്മള്‍ ഓര്‍ക്കേണ്ടി വരും. “കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം” എന്ന് കവി ചങ്ങമ്പുഴ പാടിയത് പോലെ  രാജലക്ഷ്മിയും ചിന്തിച്ചിരിക്കണം. ജ്വലിക്കുന്ന വാക്കുകളിലൂടെയിന്നും  ജീവിക്കുന്ന രാജലക്ഷ്മിയെ പോലെയൊരു   എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം ഭൗതിക മരണം  അപ്രസക്തമാണെന്ന്  നമുക്കാശ്വസിക്കാം. വാക്കുകളുടെ ലോകത്തിലൂടെയന്നുമിന്നും  വായനക്കാരുമായി നിശ്ശബ്ദം സംവദിച്ചു കൊണ്ട് അവരത്  തെളിയിക്കുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam