Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' മൗനം മുറിച്ച് അവൾ പറഞ്ഞു, ആ പൂർവവിദ്യാർഥി ഞങ്ങളുടെ സ്കൂളിൽ കൂട്ടക്കുരുതി നടത്താനെടുത്ത സമയമാണിത്! '

Emma Gonsalez എമ്മ ഗോൺസലസ്

അമേരിക്കയിലെ കൗമാരക്കാർ ഇപ്പോൾ ജീവിതസമരത്തിലാണ്. തോക്കിനിരയാകാതെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി അവർ തെരുവിലിറങ്ങിയിരിക്കുന്നു. എമ്മ ഗോൺസലസിനെപ്പോലെ, മൗനം കൊണ്ടും വാക്കുകൊണ്ടും അനുഭവങ്ങളുടെ നൊമ്പരവെട്ടത്തിൽ‌ തീപ്പൊരി പ്രസംഗങ്ങൾ നടത്തുന്നു. 

മൗനതീക്ഷ്ണം 

എമ്മ ഗോൺസലസിന്റെ കണ്ണുകളിൽനിന്നു തീപ്പൊരി ചിതറുകയായിരുന്നു. കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോൾ അവൾ അകലങ്ങളിലേക്കു മിഴിയുറപ്പിച്ചുനിന്നു. മൈക്കിലൂടെ ഉയർന്നുകേട്ട അവളുടെ ശ്വാസോച്ഛാസം, ആർത്തലച്ചെത്തി മെല്ലെ പിൻവാങ്ങുന്ന തിരമാലകളെപ്പോലെ രൗദ്രം, അതിലേറെ ശാന്തം. ആറു മിനിറ്റും ഇരുപതു സെക്കൻഡും ഒന്നും മിണ്ടാതെ, എന്നാൽ മുഖഭാവം കൊണ്ട് എല്ലാം പറ‍ഞ്ഞ് എമ്മ അങ്ങനെനിന്നു. തൊട്ടടുത്ത സെക്കൻഡിൽ മൗനം മുറിച്ച് അവൾ പറഞ്ഞു: നികൊളാസ് ക്രൂസ് എന്ന പൂർവവിദ്യാർഥി ഞങ്ങളുടെ സ്കൂളിൽ തോക്കുമായി കൂട്ടക്കുരുതി നടത്താനെടുത്ത സമയമാണിത്! 

ഫ്ലോറിഡയിലെ പാർക്‌ലൻഡിലുള്ള സ്കൂളിൽ കഴിഞ്ഞമാസം നടന്ന വെടിവയ്പിന്റെ പശ്ചാത്തലത്തിലായിരുന്നു തോക്കുനിയന്ത്രണത്തിനു നിയമം വേണമെന്നാവശ്യപ്പെട്ടു രാജ്യവ്യാപകമായി യുവജനപ്രക്ഷോഭം തുടങ്ങിയത്. പ്രണയദിനത്തിൽ നടന്ന ആ വെടിവയ്പിൽ സഹപാഠികളും അധ്യാപകരുമായി, എമ്മയ്ക്കു പ്രിയപ്പെട്ട പതിനേഴുപേരുടെ ജീവനാണു പൊലിഞ്ഞത്. 

ആ നിമിഷങ്ങളുടെ ചോരച്ചുവപ്പുള്ള ഓർമകളാണ് അവളെ ക്ഷുഭിതയാക്കിയതും ഒപ്പം കരയിച്ചതും. എമ്മ പ്രസംഗിച്ചു തീർന്നതും ഇടിവെട്ടിപ്പെയ്തൊരു മഴ പിൻവാങ്ങിയതുപോലെ... 

പറ്റെ വെട്ടിയ തലമുടിയും കരളുലയ്ക്കുന്ന സങ്കടമുഖവുമായി മൗനംകൊണ്ടു പ്രതിഷേധിച്ച അവളെക്കണ്ടപ്പോൾ, പലർക്കുമുണ്ടായി ഒരു വിചിത്രമായ ഫ്ലാഷ്ബാക്ക്. കാൾ തിയഡൊർ ഡ്രെയറിന്റെ ദ് പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക് എന്ന സിനിമയിലെ ഒരു രംഗം ഓർമകളിൽ മിന്നിമാഞ്ഞതുപോലെ. 1928ലെ ആ നിശ്ശബ്ദ ചിത്രത്തിൽ ജോൻ ഓഫ് ആർക്കായി വേഷമിട്ട റെനീ മരിയയെന്ന നടി അവിസ്മരണീയമാക്കിയ മൗനപ്രതിഷേധത്തിന്റെ അതേ സൂക്ഷ്മഭാവങ്ങളായിരുന്നു എമ്മയുടെ മുഖത്തുനിന്നു വായിച്ചെടുക്കാനായത്. പതിനഞ്ചാം നൂറ്റാണ്ടിൽ, ചോദ്യശരങ്ങൾക്കു മുന്നിൽ ഹൃദയം വാരിപ്പിടിച്ച് മൗനംപൂണ്ടു പ്രതിഷേധിച്ച പത്തൊൻപതുകാരി– ചരിത്രത്തിലെ ജോൻ ഓഫ് ആർക്ക്. എമ്മ ഗോൺസലസ് ജോൻ ഓഫ് ആർക്കിനെ അനുകരിച്ചതല്ല. സാദൃശ്യങ്ങൾ സംഭവിച്ചു പോകുന്നതാണ്. നേരിനായുള്ള പോരാട്ടങ്ങൾക്കു മുഖം ഒന്നാണല്ലോ. 

തളരില്ല എമ്മ

തോക്കുനിയന്ത്രണ പോരാട്ടങ്ങൾ പിടിച്ചുലയ്ക്കുന്നതു യുഎസിലെ തോക്കുലോബിയെയാണ്. അവർ, കരുത്തരായതിനാൽ അടങ്ങിയിരിക്കില്ല. പ്രത്യേകിച്ചു പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കു ‘സമ്മാനങ്ങൾ’ നൽകി, അവരുടെ പ്രീതി പിടിച്ചുപറ്റിയവരായതിനാൽ. എമ്മയ്ക്കെതിരെ വ്യാജ ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നു, തോക്കുലോബിയും അവരുടെ ‘വെട്ടുകിളിക്കൂട്ടവും’. വ്യാജ വിഡിയോകൾ, രാജ്യവിരുദ്ധത....ആരോപണങ്ങൾക്കു പഞ്ഞമില്ല. പക്ഷേ, എമ്മയെ അതൊന്നും തളർത്തുന്നില്ല. വെടിയുണ്ടകളെക്കാൾ കരുത്തുറ്റതാണ് അവളുടെ നിലപാടുകൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam