Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സ് വെറും 36, സമ്പാദ്യം 14,24,04 കോടി രൂപ!

Yang Huiyan ചൈനയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് 36കാരിയായ യാങ്.

യാങ് ഹ്യുയന്‍...പേര് സൂചിപ്പിക്കുന്ന പോലെ ചൈനക്കാരിയാണ് കക്ഷി. യാങ്ങിനെ സംബന്ധിച്ചിടത്തോളം 2018 എന്ന പുതുവര്‍ഷം പിറന്നത് സ്വപ്‌നസമാനമായിട്ടായിരുന്നു. ചൈനക്കാര്‍ക്കും യുഎസിലെ ബിസിനസുകാര്‍ക്കും എല്ലാം സുപരിചിത ആയിരുന്നെങ്കിലും കക്ഷി പ്രശസ്തയായത് 2018ലെ ആദ്യ 96 മണിക്കൂറുകള്‍ക്കിടെ സംഭവിച്ച അല്‍ഭുതത്താല്‍ ആയിരുന്നു. 

ജനുവരിയിലെ ആദ്യ രണ്ട് ദിവസത്തിനുള്ള തന്റെ സമ്പാദ്യത്തിലേക്ക് യാങ് ഹ്യുയന്‍ എന്ന സംരംഭക കൂട്ടിച്ചേര്‍ത്തത് 13,000 കോടി രൂപയോളം ആയിരുന്നു. ആരെയും ഞെട്ടിക്കുന്ന, അല്‍ഭുതപ്പെടുത്തുന്ന നേട്ടം.

ആരാണീ യാങ് ഹ്യുയന്‍?

ചൈനയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് 36കാരിയായ യാങ്. കമ്യൂണിസ്റ്റ് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ രാജ്ഞി. ചൈനീസ് പ്രോപ്പര്‍ട്ടി ഡെവലപ്പറായ കണ്ട്രി ഗാര്‍ഡന്‍ ഹോള്‍ഡിങ്‌സിന്റെ വൈസ് ചെയര്‍മാനാണ് യാങ്. ലാഭകണക്കുകള്‍ മാത്രം പറയുന്ന കമ്പനിയുടെ ഓഹരി വിപണിയിലെ സൂപ്പര്‍ പ്രകടനമാണ് യാങ്ങിന്റെ സമ്പാദ്യത്തില്‍ നേരത്തെ പറഞ്ഞ വന്‍കുതിപ്പുണ്ടാക്കിയത്. ഫോബ്‌സ് മാസികയുടെ ആഗോള സമ്പന്നരുടെ പട്ടികയിലുമുണ്ട് ഈ മിടുക്കി. ആമസോണിന്റെ ജെഫ് ബെസോസിന് പോലും ഭാവിയില്‍ ഇവര്‍ വെല്ലുവിളിയാകുമെന്നാണ് പലരും വിലയിരുത്തുന്നത്. 

14,24,04 കോടി രൂപയുടെ സമ്പദ്യമുണ്ട് യാങ്ങിന്. അവരുടെ സംരംഭം കണ്ട്രി ഗാര്‍നാകട്ടെ രാജ്യത്തെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഡെവലപ്പറും. ഹുറണ്‍ സമ്പന്ന പട്ടിക അനുസരിച്ച് ചൈനയില്‍ നാലാം സ്ഥാനത്തുണ്ട് യാങ്. വനിതകളുടെ കൂട്ടത്തില്‍ ഒന്നാമതും. ഫോബ്‌സിന്റെ ആഗോള സമ്പന്ന പട്ടികയില്‍ 30 ആണ് സ്ഥാനം. 

ഇത്രയും വലിയ ശതകോടീശ്വരി ആണെങ്കിലും മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ എപ്പോഴും നാണമാണ് കക്ഷിക്ക്. യാങ് ഗുവോകിയാങ് എന്ന പ്രശസ്ത ബിസിനസുകാരന്റെ മകളാണ് യാങ് ഹ്യുയന്‍. സ്‌കൂള്‍ ഫീസ് പോലും കൊടുക്കാന്‍ ശേഷിയില്ലാതെ പണിക്ക് പോകേണ്ടി വന്ന ആളായിരുന്നു യാങ്ങിന്റെ അച്ഛന്‍. അദ്ദേഹം തന്റെ സ്വപ്രയത്‌നംകൊണ്ട് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യമാണ് കണ്ട്രി ഗാര്‍ഡന്‍. 

2007ല്‍ കേവലം 25 വയസായപ്പോഴേക്കും അവള്‍ ചൈനയിലെ അതിസമ്പന്നയായി മാറി. അച്ഛന്‍ കമ്പനിയുടെ 70 ശതമാനം ഓഹരികളും അവളുടെ പേരിലേക്ക് മാറ്റിയതോടെയായിരുന്നു അത്. അങ്ങനെയാണ് യാങ് കണ്ട്രി ഗാര്‍ഡനിന്റെ തലപ്പത്തെത്തിയത്. 

ഇപ്പോഴും 57 ശതമാനം ഓഹരിയോടെ കമ്പനിയിലെ ഏറ്റവും വലിയ ഉടമസ്ഥാവകാശം കൈയാളുന്നു യാങ്. കുട്ടികളെ പഠിപ്പിക്കുന്നതിനായി ബ്രൈറ്റ് സ്‌കോളാര്‍ എജുക്കേഷന്‍ ഹോള്‍ഡിങ്‌സ് എന്ന മറ്റൊരു സംരംഭത്തിനും യാങ് തുടക്കം കുറിച്ചു. അതും സൂപ്പര്‍ ഹിറ്റായി. 2007ല്‍ ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത സംരംഭം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam