Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ജോലി വാഗ്ദാനം നൽകി പറ്റിച്ചു; പിന്നെ വാശിയോടെ എഴുതി നേടിയത് ഒന്നാം റാങ്ക്

Shishok ശിശോക്

കേരളത്തിൽ‌ നടന്ന ദേശീയ ഗെയിംസിൽ‌ ഖോഖൊയിൽ വെള്ളിമെഡൽ നേടിയ ശിശോകിന് ഒരു വിജയത്തിനപ്പുറമുള്ള സന്തോഷമുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, തയ്യൽ ജോലി ചെയ്യുന്ന അമ്മ ശോഭനയെ സഹായിക്കാൻ ഒരു ജോലി കിട്ടിയല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സിൽ. ദേശീയ ഗെയിംസിൽ സ്വർണമോ വെള്ളിയോ നേടുന്ന എല്ലാവർക്കും ജോലി നൽകുമെന്ന 2015ലെ സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം ശിശോകും വിശ്വസിച്ചു. എന്നാൽ നാലു വർഷത്തിനിപ്പുറം പുതിയ സർക്കാർ വന്നിട്ടും പ്രഖ്യാപനം നടപ്പായില്ല. കായികമന്ത്രിയെ അടക്കം പലതവണ കണ്ടു മടുത്ത ശിശോക് ഒന്നുറപ്പിച്ചിരുന്നു. കഠിനപ്രയത്നം നടത്തിയെങ്കിലും ഒരു സർക്കാർ ജോലി നേടുമെന്ന്. ആ സ്വപ്നമാണ് എൽഡിസിയുടെ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പൂവണിഞ്ഞത്. 69.33 മാർക്ക് നേടി ഒന്നാം റാങ്കുകാരനായി ഈ മിടുക്കൻ. എഴുത്തുപരീക്ഷയിൽ 50.33 മാർക്ക്. ഒപ്പം 19 മാർക്ക് വെയ്റ്റേജിലൂടെയും നേടി തിളക്കമാർന്ന ഒന്നാം റാങ്കിൽ ശിശോക് എത്തി.

കാടാങ്കോട്, കരിങ്കരപ്പുള്ളി ഗ്രാമത്തിലുള്ളവർക്കു ഖോഖൊ വെറുമൊരു കളിയല്ല, വികാരമാണ്. നാട്ടിൽ നിന്നുതന്നെ ഖോഖൊ പഠിച്ചെങ്കിലും പാലക്കാട് ബിഇഎം സ്കൂളിലെ പഠനകാലം എസ്.ശിശോകിലെ ഖോഖൊ കളിക്കാരനെ പരുവപ്പെടുത്തി. പിന്നീട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ ഗവ.വിക്ടോറിയ കോളജ് എന്നിവിടങ്ങൾ എത്തിയപ്പോഴും ഖോഖൊ കൂടെത്തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാണിയങ്കാട് വീട്ടിലെ ശിശോക് ഖോഖൊ ദേശീയ ടീമിൽ വരെ ഇടം നേടി. വിക്ടോറിയ കോളജിൽ ബിഎസ്‍സി മാത്‌സിനു പഠിക്കുമ്പോൾ 2016ൽ സാഫ് ഗെയിംസിന്റെ ഭാഗമായി ദേശീയ ക്യാംപിൽ പങ്കെടുത്തു. ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക്. നഗരത്തിലെ തന്നെ പിഎസ്‌സി പരിശീലന കേന്ദ്രത്തിൽ പഠനം നടത്തുന്ന ശിശോക് സ്വകാര്യധനകാര്യ സ്ഥാപനത്തിലെ അസി. മാനേജരായി ജോലി ചെയ്യുന്നുമുണ്ട്. വിദൂരവിദ്യാഭ്യാസത്തിലൂടെ അണ്ണാമല സർവകലാശാലയിൽ നിന്ന് എംഎസ്‌സി മാത്‌സ് പൂർത്തിയാക്കാനുള്ള ശ്രമത്തിലുമാണു ശിശോക്.

ഒന്നാം റാങ്ക് നേടുമ്പോൾ പിഎസ്‌സി കോച്ചിങ് സെന്ററിലെ സുഗുണനോടും കൂട്ടുകാരോടുമാണു ശിശോക് സ്നേഹം പങ്കുവയ്ക്കുന്നത്. കുട്ടൂകാർക്കൊപ്പമുള്ള പഠനം വിജയത്തിൽ നിർണായകമായെന്നു ശിശോക് പറയുന്നു. തയ്യൽക്കാരനായിരുന്ന അച്ഛൻ ശിവൻ നാലു വർഷം മുൻപു മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തനിക്കു പിന്തുണ നിൽക്കുന്ന അമ്മയ്ക്കു സന്തോഷം നിറഞ്ഞ ജീവിതം നൽകണമെന്നാണു ശിശോകിന്റെ വലിയ ആഗ്രഹം. എല്ലാറ്റിനും പിന്തുണയുമായി സഹോദരൻ ശിശോഭും കൂടെയുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.