Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വഴി മാറൂ പെണ്ണേ' എന്നു പറഞ്ഞവർക്കു മുന്നിൽ ബൈക്കിൽ ചെത്തിപ്പായുന്ന ഫസില

Fasila ഫസില

വൈരുധ്യങ്ങളുടെ കലയാണു ബൈക്ക് റേസിങ്ങും യോഗയുമെന്ന് അതേക്കുറിച്ചു പൂർണബോധ്യമില്ലാത്തവർക്കേ പറയാനാകൂ. ഒന്നു വേഗത്തിന്റെ കല. മറ്റൊന്ന് ആത്മസംയമനത്തിന്റെയും ശാന്തതയുടെയും കല. ഇതു രണ്ടും ഒരുവഴിക്കു പോകില്ലെന്നു പറയുന്നവർക്കുള്ള മറുപടിയാണു ഫസില. റേസിങ്ങും യോഗയും ഒരുപോലെ കൊണ്ടുപോകുന്ന അദ്ഭുതമാണ് റേസിങ് ട്രാക്കിലെ ഈ മലയാളിക്കുതിപ്പ്. 26 വയസ്സു പിന്നിടുംമുൻപേ നാലു ദേശീയ റേസിങ് ചാംപ്യൻഷിപ്പുകളിലാണു ഫസില വിജയക്കുതിപ്പു നടത്തിയത്. അതും ബൈക്ക് റേസിങ് കരിയറായി സ്വീകരിച്ചു രണ്ടു വർഷത്തിനുള്ളിൽ. പാലക്കാട്ടു നിന്നെത്തി കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഈ പെൺകുട്ടി ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻ‍ഷിപ്പിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ആദ്യ വനിത കൂടിയാണെന്നറിയുക. 

വഴി മാറൂ പെണ്ണേ... 

ബൈക്ക് സ്റ്റണ്ടറാകാൻ‍ കൊതിച്ച ഫസില ബൈക്ക് റേസിങ്ങിലെത്തിയതു യാദൃച്ഛികമായാണ്. ഫിനാൻസ് അക്കൗണ്ടിങ്ങും ഹാർഡ്‌വെയർ എൻജിനീയറിങ്ങും പഠിച്ചു കൊച്ചിയിൽ ജോലി നോക്കുന്ന കാലം. സ്വന്തം ബൈക്കിൽ ഓഫിസിലേക്കു പോകുമ്പോൾ റോങ് സൈഡിൽ അമിതവേഗത്തിൽ ഒരു പയ്യൻ. തന്റെ തെറ്റു മറച്ചുപിടിച്ച് വഴിമാറാൻ അവൻ ആ‍ജ്ഞാപിച്ചു. വഴി മാറൂ പെണ്ണേ... ഞാനത് അനുസരിച്ചില്ല. പുറകെവന്ന യാത്രക്കാർ ബഹളം വച്ചതോടെ ഫ്രീക്കൻ വണ്ടിയെടുത്തുപോയി. അതിനുമുൻപു പേടിപ്പിക്കാനെന്നോണം പയ്യൻ മുന്നിലെ ചക്രം ഉയർത്തിപ്പിടിച്ച് ചില സ്റ്റണ്ടിങ് നമ്പറുകൾ കാണിച്ചു. അന്ന് സ്റ്റണ്ടിങ് പഠിക്കണമെന്ന് ഉറപ്പിച്ചതാണ്. പക്ഷേ, പെൺകുട്ടിയായതിനാൽ പഠിപ്പിക്കാൻ ആരും തയാറായില്ല. പിന്നീട് അത്യാവശ്യം നമ്പറുകൾ സ്വയം പഠിച്ചെടുത്തു. 

 

റേസിങ്ങിലേക്ക്...

ഒരു ദിവസം വഴിയരികിൽ ഒരു അപ്പാച്ചെ 180 ബൈക്ക് കണ്ടു. അതിന്റെ ഹാൻഡിൽ അതിമനോഹരമായിരുന്നു. അതുപോലൊന്ന് തന്റെ ബൈക്കിനും വേണമെന്നു തോന്നി. വൈറ്റിലയിലെ കോഗ് റൈസിങ് എന്ന വർക്ക്‌ഷോപ്പിലാണു ഹാൻഡിൽ നിർമിച്ചതെന്നറിഞ്ഞു. അവിടെച്ചെന്നു ഹാൻഡിൽ മാറ്റി. ജോസ് സെബാസ്റ്റ്യൻ എന്ന േറസിങ് പരിശീലകനെ അവിടെവച്ചു പരിചയപ്പെട്ടു. എന്റെ സ്പീഡും വണ്ടിയോടിക്കുന്ന ശൈലിയുമൊക്കെ കണ്ട് റേസിങ്ങിലേക്കു വരാൻ അദ്ദേഹമാണു നിർദേശിക്കുന്നത്. 

നാലു മാസം കൊണ്ട് ആദ്യവിജയം

നാലുമാസത്തെ പരിശീലനത്തിനിടയിൽ കേരളത്തിലെ സുപ്രധാന ചാംപ്യൻഷിപ്പുകളിൽ വിജയം നേടാനായി. തുടർന്ന് ആദ്യ ദേശീയ ചാംപ്യൻ‍ഷിപ്. എംആർഎഫിന്റെ മുംബൈ–ബറോഡ ചാംപ്യൻഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ താരങ്ങൾ പങ്കെടുത്ത റേസിങ്ങിൽ റണ്ണർഅപ് ആയതോടെ വനിതാ റേസിങ്ങിൽ ദക്ഷിണേന്ത്യയിൽ നിന്നൊരു നക്ഷത്രം ജന്മമെടുക്കുകയായിരുന്നു. 

ഇൻഡോർ, പുണെ, നാസിക് ചാംപ്യൻഷിപ്പുകളിലും ആദ്യ മൂന്നുസ്ഥാനങ്ങളിലൊന്നിലെത്തിയതോടെ ഫസില ശ്രദ്ധാകേന്ദ്രമായി. മാറി.കുണ്ടും കുഴിയും ചാലുകളും നിറഞ്ഞ ഇൻഡോർ ചാംപ്യൻഷിപ്പിൽ അതികഠിനമായിരുന്നു മൽസരം. പലയിടത്തും പാളി വീണു. വീണിടത്തുനിന്നു വീണ്ടും ബൈക്ക് പൊക്കിയെടുത്താണു വീണ്ടും ഓടിച്ചത്.

യോഗ ആത്മധൈര്യം

‘പല ചാംപ്യൻഷിപ്പുകളിലും അറിയാത്ത വഴികളിലൂടെയാണു ബൈക്ക് ഓടിക്കേണ്ടിവരിക. അപ്രതീക്ഷിതമായ തടസ്സങ്ങളും നേരിടും. ചിലപ്പോൾ വണ്ടിതന്നെ കേടായെന്നുവരും. വല്ലാത്തൊരു പരീക്ഷണഘട്ടമായിരിക്കും. പെൺകുട്ടിയാണെന്ന പരിഗണനയൊന്നുമുണ്ടാകില്ല. മനസ്സ് പരിഭ്രാന്തമാകരുത്. മനസ്സ് പതറാതെ പോകാൻ യോഗ അപ്പോൾ ഗുണം ചെയ്യും.’ 

തിരുവനന്തപുരത്തു നിന്നാണു യോഗ അഭ്യസിച്ചത്. പിന്നീടു യോഗ കോഴ്സ് ചെയ്തു. നാച്ചുറോപ്പതിയിലും എയ്റോബിക്സിലും പരിശീലനം നേടി. ഇപ്പോൾ കൊച്ചിയിലെ പ്രമുഖ യോഗ – ഫിറ്റ്നസ് ട്രെയിനർ കൂടിയാണ്. ചലച്ചിത്രതാരങ്ങളെയടക്കം പരിശീലിപ്പിക്കുന്നു.  യോഗയിൽ നിന്നുള്ള വരുമാനത്തിലാണു ചാംപ്യൻഷിപ്പുകൾക്കു പോകുന്നത്. ഫിനാൻസ് അക്കൗണ്ടിങ്ങും ഹാർഡ്‌വെയർ എൻജിനീയറിങ്ങും പഠിച്ചതുകൊണ്ടു ജോലി കിട്ടിയിരുന്നു. പക്ഷേ, ജോലിയും റേസിങ്ങും ഒരുമിച്ചു പോകില്ലയെന്നതിനാൽ റേസിങ്ങിനു പ്രാധാന്യം നൽകുകയായിരുന്നു – ഫസില പറയുന്നു. 

ഈ വർഷം മധ്യത്തോടെ നടക്കുന്ന എംആർഎഫ് ചാംപ്യൻഷിപ്പിനുള്ള പരിശീലനത്തിലാണു ഫസിലയിപ്പോൾ. രണ്ടുലക്ഷം രൂപയെങ്കിലും ഒരു ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനു വേണ്ടിവരും. ചാംപ്യൻഷിപ്പിനായി വായ്പയെടുത്താണു  ബൈക്ക് വാങ്ങിയിരിക്കുന്നത്. റേസിങ്ങിൽ തനിക്കു നല്ലൊരു സ്പോൺസറെ ലഭിച്ചെങ്കിലെന്ന പ്രതീക്ഷയിലാണ് ഈ പെൺകുട്ടി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.