Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടുജീവിതത്തോടടുത്തപ്പോഴാണ് ഉള്ളിലെ നിഗൂഢതകൾ അറിയാൻ കഴിഞ്ഞത്

Divya ദിവ്യ എസ്.എസ്.റോസ്

നടന്നു നടന്നു കാടുകയറിയതാണു ദിവ്യ. ഒരു ഇരുപത്തിയഞ്ചു കൊല്ലം നാട്ടിൽ നടന്നു. പിന്നെ കാട്ടിൽ നടക്കാമെന്നു കരുതി; അല്ല പിന്നെ..! വനംവകുപ്പിലെ ജോലിക്കു സ്ത്രീകൾ പൊതുവെ താൽപര്യം കാട്ടാതിരിക്കുമ്പോൾ, ഫോറസ്റ്റ് റേഞ്ച് ഓഫിസറായി എട്ടുവർഷം പിന്നിടുകയാണ് ദിവ്യ. എല്ലാം ആവേശകരമായ അനുഭവം. കാട് ഒരു സംഭവം തന്നെയാണ്.... !

കോവളം പെരിങ്ങമ്മല സ്വദേശി ദിവ്യ എസ്.എസ്.റോസിന്റെ ഭരണകേന്ദ്രം വനംവകുപ്പിൽ തിരുവനന്തപുരം ഡിവിഷനു കീഴിൽ പരുത്തിപ്പള്ളി റേഞ്ചാണ്. 2010ൽ ആയിരുന്നു നിയമനം. വനംവകുപ്പിൽ സ്ത്രീകൾ ഉദ്യോഗസ്ഥരായ ചരിത്രം അധികമില്ലെങ്കിലും ദിവ്യ യെസ് മൂളുകയായിരുന്നു. 

ബോട്ടണിയിലായിരുന്നു ബിരുദം. പിഎസ്‌സിയുടെ കൃഷി, വനം വകുപ്പുകളിൽ ഒരേ സമയം ലിസ്റ്റിലുണ്ടായിരുന്നു. ആദ്യം അഡ്‌വൈസ് വന്നത് വനംവകുപ്പിൽ നിന്നായപ്പോൾ കണ്ണുമടച്ചങ്ങ് സമ്മതിച്ചു. ഒരു സ്ത്രീയെന്ന നിലയിൽ യൂണിഫോം നൽകുന്ന സുരക്ഷിതത്വം, അതു തന്നെയാണു വനം വകുപ്പ് തിരഞ്ഞെടുക്കാനുള്ള കാരണം. ജീവിതത്തിൽ റിസ്കെടുക്കാൻ വളരെ ഇഷ്ടമാണ്. അതും കാരണമായെന്നു ദിവ്യ പറയുന്നു. 

ആസ്വദിക്കുന്നു ഓരോ നിമിഷവും

ട്രാവലിങ് ഇഷ്ടമാണ്. നടക്കുന്നത് അതിലേറെ ഇഷ്ടമാണ്. ഒരു സാധാരണക്കാരൻ വനത്തിനുള്ളിൽ കയറും പോലെയല്ല  ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഉദ്യോഗസ്ഥ കയറുന്നത്. വനത്തിനുള്ളിലെ നിഗൂഢതകൾ അറിയാൻ കഴിഞ്ഞു. വെള്ളം, ശുദ്ധവായു, പ്രകൃതിഭംഗി എല്ലാം ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ട്. ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായതായി തോന്നിയിട്ടില്ല. 2010ൽ നെയ്യാർ വനം വന്യജീവി മേഖലയിൽ ആയിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട്, ഫോറസ്റ്റ് കംപ്യൂട്ടർ സെല്ലിൽ പ്രവർത്തിച്ചു. ഇപ്പോൾ രണ്ടര വർഷമായി പരുത്തിപ്പള്ളി വനം റേഞ്ചിലാണ്.

അഭിമാനം തോന്നിയ നിമിഷങ്ങൾ

നെയ്യാർ വനപരിധിയിൽ ജോലി നോക്കുമ്പോൾ ഫോറസ്റ്റ് ഇന്റലിജൻസിന്റെ ഒട്ടേറെ ഓപ്പറേഷനുകളിൽ പങ്കെടുത്തു. തന്ത്രപ്രധാനമായ അത്തരം കേസുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമാകുന്നതു തന്നെ ത്രില്ലിങ്ങാണ്. കാടിനെ മറയാക്കി കച്ചവടം നടത്തുന്നവരെ കണ്ടെത്താൻ കഴിഞ്ഞു. മൃഗവേട്ടയുടെ സൂചനകളൊക്കെ ചിലപ്പോൾ ലഭിക്കാറുണ്ട്. ചിലതൊക്കെ തെറ്റായ വിവരങ്ങളാകും. 

നാട്ടുവൈദ്യത്തിന്റെ മറവിൽ പെരുമ്പാമ്പിന്റെ നെയ്യെടുത്തു വിൽക്കുന്നതായി ഒരിക്കലൊരു വിവരം ലഭിച്ചു. അതിനു പിന്നാലെ കുറേ അലഞ്ഞു. അവസാനം കണ്ടെത്തി നിയമത്തിനു മുന്നിലെത്തിച്ചു. ഒൗദ്യോഗിക ജീവിതത്തിൽ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. 

കരുത്തേകുന്ന കാട്

കേരളത്തിലെ കാടുകൾ എത്ര മനോഹരമാണ്. കാടിൽ ലക്ഷ്യമില്ലാതെ അലയാനും അലിയാനും കഴിയും. പെൺകുട്ടികൾക്കു ബാലികേറാമലയൊന്നുമല്ല വനംവകുപ്പിലെ തൊഴിൽ. മനസ്സിനു കരുത്തേകാൻ പ്രേരിപ്പിക്കുന്നതാണു കാടുജീവിതം. ഇടുക്കി, മൂന്നാർ, ഇരവികുളം നാഷനൽ പാർക്ക്, ആനമുടി മേഖലകളിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ട്. മറ്റൊരു വലിയ അനുഭവമായിരിക്കും അത്. ജീവിതത്തിൽ എല്ലാറ്റിനും പിന്തുണയുമായി ഭർത്താവ് എക്സൈസ് ഇൻസ്പെക്ടറായ എസ്.ജി.അരവിന്ദ് കൂടെയുണ്ട്. 

യുവാക്കളോട്

എക്സ്പ്ലോർ ചെയ്യൽ തന്നെയാണു ജീവിതം. അവിടെ തടസ്സങ്ങളുണ്ടാകാം. ദൃഢനിശ്ചയമുണ്ടെങ്കിൽ നമ്മൾ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കുന്ന സ്ഥലത്തെത്തും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.