Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' മരിച്ചില്ല ... അടുത്തുനിന്നാരോ പറയുന്നതും കേട്ടു '

P M Manesha പി.എം. മനേഷ.

ട്രെയിനിലേക്കു കയറുകയായിരുന്നു, കാൽ വഴുതിയതേ ഓർമയുള്ളൂ... കാതടപ്പിക്കുന്ന ഒരു മൂളൽ... ഞാൻ പാളത്തിൽ വീണുകിടക്കുകയാണ്... ആളുകൾ ഓടിക്കൂടി... ശരീരം മുഴുവൻ മരവിച്ചിരിക്കുന്നു.. വേദനയോടെ തിരിച്ചറിഞ്ഞു, വലതു കാൽ തകർത്തുകളഞ്ഞാണു ട്രെയിൻ പോയത്. അവസാന ബോഗിയായതിനാൽ മരിച്ചില്ല എന്ന് അടുത്തുനിന്നാരോ പറയുന്നതും കേട്ടു – ജീവിതത്തിൽ നേരിട്ട ദുരന്തത്തെ ഓർത്തെടുക്കുകയാണു തോപ്പുംപടി കഴുത്തുമുട്ട് പത്താഴപ്പുരയ്ക്കൽ വീട്ടിൽ മനോജിന്റെയും ശാലിനിയുടെയും മകൾ പി.എം. മനേഷ. 

ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ അവസാനവർഷ വിദ്യാർഥിയാണു മനേഷ. കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിലേക്കു വരുമ്പോഴായിരുന്നു വിധി മനേഷയുടെ മുന്നിൽ ദുരന്തമായി പാ‍ഞ്ഞുവന്നത്. പാളത്തിലേക്കു വീണപ്പോൾ തെറിച്ചുപോയ മൊബൈൽ ഫോൺ ആരോ മോഷ്ടിച്ചതാകണം, പിന്നീടു കിട്ടിയില്ല. ഓടിക്കൂടിയവരിൽ നിന്ന് ഒരാളുടെ ഫോൺ വാങ്ങി അച്ഛനെ വിളിച്ചു. മണിക്കൂറുകൾക്കുള്ളിൽ എത്താമെന്ന് അച്ഛൻ ധൈര്യം നൽകി. ബെംഗളൂരുവിലെ വിക്ടോറിയ ഗവ. ആശുപത്രിയിലേക്കു മനേഷയെ എത്തിച്ചതു റോണി എന്നു പേരുള്ള ഒരു മലയാളി യുവാവാണ്. 

അച്ഛന്റെ സുഹൃത്തു കൂടിയായ ക്രൈസ്റ്റ് അക്കാദമി അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൊറ്റക്കാരൻ മനേഷയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മണിക്കൂറിനുള്ളിൽ മനേഷയുടെ പിതാവും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ പ്രിൻസ് വർഗീസും ഭാര്യയുമെല്ലാം ആശുപത്രിയിലെത്തി അവൾക്കു ധൈര്യം പകർന്നു. തന്റെ സ്വപ്നത്തിലേക്കു നടന്നുകയറാൻ കഴിയാതെ വരുമോ എന്നായിരുന്നു അവൾ ആശങ്കപ്പെട്ടത്. ഒന്നും സംഭവിക്കില്ലെന്നു പിതാവ് ആശ്വസിപ്പിച്ചു. എന്നാൽ മുട്ടിനു താഴേക്കു കാൽ മുറിച്ചുകളയണമെന്നാണു ഡോക്ടർമാർ പറഞ്ഞത്. കാൽ മുറിച്ചുകളഞ്ഞാൽ, ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യാനാകുമോ എന്നവൾ ഡോക്ടറോടു ചോദിച്ചു. കൃത്രിമക്കാലിൽ പഴയതുപോലെ നടക്കാനും പടികയറാനും കഴിയുമെന്നു ഡോക്ടർമാർ ഉറപ്പുനൽകി. എന്നാൽ ആശുപത്രിക്കിടക്കയിൽ മനേഷയെ സന്ദർശിച്ച കോളജ് അധികൃതർ ഈ അവസ്ഥയിൽ അവളെ പരീക്ഷ കഴിഞ്ഞു നടക്കുന്ന ട്രെയിനിങ്ങിന് അയയ്ക്കാൻ കഴിയുമോ എന്നു സംശയം പ്രകടിപ്പിച്ചു. പക്ഷേ, അവരുടെ വാക്കുകൾക്കു മുന്നിൽ വിധിയെ പഴിച്ചിരിക്കാൻ മനേഷ തയാറായില്ല. പരിശ്രമത്തിലൂടെ അവൾ വിധിയെ നേരിടാനുറച്ചു 

പാഠങ്ങൾ കൊറിയറായെത്തി

കൃത്രിമക്കാൽ വയ്ക്കാൻ മൂന്നു മാസം കഴിയണം. മുറിവു പൂർണമായും ഉണങ്ങിക്കഴിഞ്ഞേ കൃത്രിമക്കാൽ വയ്ക്കാനാകൂ. ആ കാലമത്രയും വിധിയെപ്പഴിച്ചു വിശ്രമജീവിതം നയിക്കാൻ അവൾ  ഒരുക്കമായിരുന്നില്ല.

വിധിയെ പഠിച്ചു തോൽപിക്കാൻ തീരുമാനിച്ചു. അന്നുതന്നെ കൂട്ടുകാരിയെ വിളിച്ചു. എല്ലാ ദിവസത്തെയും നോട്ടുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത്, അന്നന്നു വൈകുന്നേരം കൊറിയർ ചെയ്യാൻ ചട്ടംകെട്ടി. പിറ്റേന്നു മുതൽ പഠനം തുടങ്ങി. ഏവിയേഷന് ഇതുവരെയുള്ള സെമസ്റ്ററുകളിൽ ക്ലാസിൽ ഒന്നാം സ്ഥാനമാണ് മനേഷയ്ക്ക്. പ്രസിദ്ധീകരിച്ച സെമസ്റ്ററുകളിൽ റാങ്കുമുണ്ട്. ചെറുപ്പത്തിലേ മനസ്സിൽ കൊരുത്ത മോഹമാണ് ഏവിയേഷൻ ജോലി. 

ഒന്നര മാസം കഴിഞ്ഞപ്പോൾത്തന്നെ കൃത്രിമക്കാലിനുള്ള നടപടികൾ തുടങ്ങി. അളവുകൊടുത്തു കാൽ നിർമിച്ചെടുക്കണം. പരീക്ഷാതീയതി വന്നു, ഒരു ദിവസം പോലും വൈകിക്കൂടാ. കൃത്യം മൂന്നു മാസം തികഞ്ഞപ്പോൾ അവൾക്കു പുതിയ കാൽ ലഭിച്ചു. പിറ്റേന്നു മുതൽ പാഠങ്ങൾക്കൊപ്പം നടക്കാനുള്ള പഠനവും തുടങ്ങി.  എന്നും നേരംപുലരുന്നതിനു മുൻപേ ഉണർന്ന് അവൾ നടപ്പു തുടങ്ങും. വലിയ ലക്ഷ്യത്തിലേക്കുള്ള നടത്തത്തിൽ വേദനകളെ അവൾ മറന്നു. നടക്കാൻ പഠിച്ചതിനുശേഷം പടി കയറാനുള്ള ശ്രമം തുടങ്ങി. 

സ്വപ്നത്തിലേക്ക് വീണ്ടും

തോപ്പുംപടിയിലെ വീട്ടിൽ നിന്ന് അമ്മ ശാലിനിക്കൊപ്പം മനേഷ ഇന്നലെ ബെംഗളൂരുവിലേക്കു യാത്രയായി. 19നു പരീക്ഷ തുടങ്ങും. പരീക്ഷാഹാളിലേക്കു മനേഷ കൃത്രിമ കാലിൽ നടന്നുകയറും. പടികൾ കയറാനും നടക്കാനും, വേണ്ടിവന്നാൽ ഓടാനും തനിക്കു കഴിയുമെന്നു കോളജ് ഡയറക്ടർക്കും പ്രിൻസിപ്പലിനും മുൻപിൽ അവൾക്കു തെളിയിക്കണം. 

പരീക്ഷ കഴിഞ്ഞാലുടൻ ഹൈദരാബാദ് എയർപോർട്ടിൽ തൊഴിൽപരിശീലന പരിപാടിയാണ്. ഒരു വർഷം പോലും നഷ്ടപ്പെടാതെ തന്റെ സ്വപ്നജോലിയിലേക്കെത്താൻ ആത്മധൈര്യത്തോടെ വേദനകളോടു പൊരുതുകയാണ് ഈ ഇരുപതുകാരി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam