Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹംഗറിയിൽ ഏഷ്യയുടെ ‘നാമമായി’ അനാമിക

Anamika ഷെഗ്ഡ് സർവകലാശാല നടത്തിയ രാജ്യാന്തര കോൺഫറൻസിൽ അനാമിക കൃഷ്ണൻ പ്രബന്ധം അവതരിപ്പിക്കുന്നു

‘ശാസ്ത്രത്തിന്റെ നവയുഗത്തിൽ ബയോ എത്തിക്സ്’ എന്ന വിഷയത്തിൽ കഴിഞ്ഞ 10,11 തീയതികളിൽ ഹംഗറിയിലൊരു രാജ്യാന്തര കോൺഫറൻസ് നടന്നു. ഷെഗ്ഡ് സർവകലാശാല നടത്തിയ ആ കോൺഫറൻസിൽ ലോകത്തെ എണ്ണം പറഞ്ഞ വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുത്തു.  വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രഗത്ഭർ പ്രബന്ധങ്ങളവതരിപ്പിച്ചു. അക്കൂട്ടത്തിൽ ഏഷ്യയെ പ്രതിനിധീകരിച്ച് ഒരാൾ മാത്രമാണു പ്രബന്ധമവതരിപ്പിച്ചത്. പേരെടുത്ത ശാസ്ത്രഞ്ജരോ നിയമവിദഗ്ധരോ ആയിരിക്കും അതെന്നു കരുതിയെങ്കിൽ തെറ്റി. എറണാകുളം ഗവ.ലോ കോളജിൽ മൂന്നാം വർഷം പഠിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അത്. പേര് അനാമിക കൃഷ്ണൻ. 

ഏഷ്യയെ പ്രതിനിധീകരിച്ചു എന്നതു മാത്രമല്ല പ്രത്യേകത, കോൺഫറൻസിൽ പങ്കെടുത്ത ഒരേയൊരു വിദ്യാർഥിയും ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു അനാമിക. കോൺഫറൻസിൽ പങ്കെടുക്കാൻ ഏഷ്യയിൽ നിന്ന് അപേക്ഷിച്ച 610 പേരിൽ നിന്നാണ് അനാമികയെ തിരഞ്ഞെടുത്തത്.  രണ്ടു വർഷം മാത്രം നിയമം പഠിച്ച ഒരു പെൺകുട്ടിയുടെ പ്രബന്ധത്തിനു ലഭിച്ചതു വലിയ പ്രോത്സാഹനമായിരുന്നു. 

മനുഷ്യാവകാശങ്ങളെക്കുറിച്ചും ബയോഎത്തിക്സിനെക്കുറിച്ചും 2005ൽ ഐക്യരാഷ്ട്ര സംഘടന നടത്തിയ ആഗോള പ്രഖ്യാപനം (യുഡിബിഎച്ച്ആർ) ഇന്ത്യൻ പശ്ചാത്തലത്തിൽ എങ്ങനെ വ്യാഖ്യാനിക്കാം എന്നതായിരുന്നു അനാമികയുടെ പ്രബന്ധം. അൽപം കടുകട്ടി വിഷയമാണെങ്കിലും തനിക്കു താൽപര്യമുള്ള മേഖലായയതിനാൽ വളരെ എളുപ്പം പ്രബന്ധം തയാറാക്കാൻ സാധിച്ചെന്ന് അനാമിക പറയുന്നു. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള കണ്ടുപിടിത്തങ്ങളുമായി ഓരോ ദിവസവും പുരോഗമിക്കുന്ന ശാസ്ത്രരംഗത്ത് ഈ വിഷയം വളരെ പ്രാധാന്യമുള്ളതാണെന്നും അനാമിക പറഞ്ഞു. 

ഇതാദ്യമായല്ല അനാമിക ഒരു രാജ്യാന്തര കോൺഫറൻസിൽ പങ്കെടുക്കുന്നത്. 2017 ഒക്ടോബറിൽ നെതർലൻഡ്സിലെ ഹേഗിൽ നടന്ന കോൺഫറൻസിലും അനാമിക പ്രബന്ധം അവതരിപ്പിച്ചിരുന്നു. അവിടെയും പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അനാമികയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ആൻഡമാൻ ലോ കോളജിൽ നടന്ന ദേശീയ കോൺഫറൻസിൽ ‘ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ആദിവാസികളുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ അനാമിക പ്രബന്ധമവതരിപ്പിച്ചു. വയനാട് കോട്ടവയൽ സ്വദേശികളായ സി.കൃഷ്ണന്റെയും യമുന കെ.ബാബുവിന്റെയും മകളാണ് അനാമിക. നിയമപഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ മിടുക്കിക്കു പ്രചോദനം. 

വിദ്യാർഥിയാണെന്നതും പെൺകുട്ടിയാണെന്നതും അതിർത്തികൾക്കപ്പുറത്തേക്കു സഞ്ചരിച്ചു വിജ്ഞാനം കണ്ടെത്തുന്നതിനു തടസ്സമല്ലെന്ന് അനാമിക തെളിയിക്കുന്നു. മറ്റു സംസ്കാരങ്ങൾ മനസ്സിലാക്കാനും അവിടെ ഉണ്ടാകുന്ന അറിവുകൾ സ്വായത്തമാക്കാനും വിശാലമായി ചിന്തിക്കാനും ഇത്തരം കോൺഫറൻസുകൾ സഹായിക്കുമെന്ന് അനാമിക പറയുന്നു. ഇന്റർനെറ്റിൽ നിന്നാണ് അനാമിക ഇത്തരം അവസരങ്ങൾ കണ്ടെത്തുന്നത്. മനസ്സു വച്ചാൽ എല്ലാവർക്കും ഇതു സാധ്യമാണ്. 

രാജ്യാന്തര നിയമങ്ങളാണ് അനാമികയുടെ ഇഷ്ടവിഷയം. ഹാർവാഡ് സർവകലാശാലയിലെ ഉപരിപഠനമാണ് അനാമികയുടെ അടുത്ത ലക്ഷ്യം. മനസ്സു വച്ചാൽ കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്നു വിശ്വസിക്കുന്ന ഈ മിടുക്കി ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായാണ് ഈ നേട്ടങ്ങളെ കാണുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam