Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഷോയും ഫിസിക്കും തമ്മിൽ വല്ലാത്ത കെമിസ്ട്രി

osho-jimmy

അധികമാരും നടക്കാത്ത വഴികളിൽ നടക്കാൻ കൊതിച്ച ഒരു പെൺകുട്ടി മികവിന്റെ കിരീടം ശിരസിലേറ്റാൻ ഒരുങ്ങുകയാണ്. മിസ് ഏഷ്യാ മോഡൽ ഫിസിക് ജൂനിയർ (ബിക്കിനി ഫിറ്റ്നസ്) മൽസരത്തിൽ യോഗ്യത നേടിയ ആദ്യ മലയാളിയായ ഓഷോ ജിമ്മി നടന്നു കയറുന്നതു തന്റെ സ്വപ്നത്തിലേക്കുകൂടിയാണ്. ഒക്ടോബർ 2 മുതൽ 8 വരെ പുണെയിൽ നടക്കുന്ന മൽസരത്തിൽ ഓഷോ ഇന്ത്യയെ പ്രതിനിധീകരിക്കും. കലൂർ സ്വദേശിനിയും എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയുമാണ്. മൽസരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കേരളത്തിൽ നിന്നു യോഗ്യത നേടുന്ന ആദ്യ വനിതയുമാണ് ഓഷോ. കലൂർ സ്വദേശിയായ ജിമ്മി കെ. ആന്റണിയുടെയും സനീലയുടെയും മകളാണു 19കാരിയായ ഓഷോ ജിമ്മി. മിസ് വേൾഡാവുക എന്നതാണു പരമമായ ലക്ഷ്യം. 

ജീവിതത്തിൽ എന്നും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നതാണ് ഓഷോയുടെ രീതി. സൗന്ദര്യ മൽസരങ്ങളിൽ പങ്കെടുക്കാൻ പെൺകുട്ടികൾ ആഗ്രഹിക്കുന്നതു സാധാരണമാണല്ലോ, അതാണ് ഒരു ചുവടു മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. ബോക്സിങ്ങിലേക്കാണ് ആദ്യമായി ആകർഷിക്കപ്പെട്ടത്. അതോടൊപ്പം മോഡലിങ്ങും ചെയ്തു തുടങ്ങി. നടന്ന വഴികളിലെല്ലാം ആവശ്യമായി വന്ന ഫിറ്റ്നസിനു ജീവിതത്തിലുള്ള സ്ഥാനം തിരിച്ചറിഞ്ഞതോടെ ആ വഴിയിൽ നടക്കാൻ തീരുമാനിച്ചു. മൽസരങ്ങൾക്കും പരിശീലനത്തിനും പഠനത്തിനുമൊക്കെയുള്ള ചെലവും സ്വന്തം അധ്വാനത്തിലൂടെയാണ് ഓഷോ കണ്ടെത്തുന്നത്. ബോക്സിങ്, ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ. പ്ലസ് വൺ വിദ്യാർഥിയായിരുന്നപ്പോഴാണ് ആദ്യമായി ഫിറ്റ്നസ് രംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ മഹാരാജാസിൽ ബിഎ ഇംഗ്ലിഷ് ഒന്നാംവർഷം വിദ്യാർഥിയാണ്. ബോക്സിങ്ങിൽ നാഷനൽ അതല‌റ്റ് പവർ ലിഫ്റ്റിങ് ആൻഡ് വെയ്റ്റ് ലിഫ്റ്റിങ്, മിസ് കേരള ഫിറ്റ്നസ് ടൈറ്റിൽ വിന്നർ, അത്‌ലറ്റിക്സിൽ സ്റ്റേറ്റ് ലെവൽ വിന്നർ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും ഓഷോ ജിമ്മി കരസ്ഥമാക്കിയിട്ടുണ്ട്. 

 ഓഷോയുടെ ഒരുദിവസം 

മൽസരം അടുത്തെത്തിയതിനാൽ ഒരു വിധത്തിലുമുള്ള കോംപ്രമൈസിനും ഓഷോ തയാറല്ല. ഒരുദിവസം 12 മണിക്കൂറാണ് ഇതിനായി വർക്ക് ഔട്ട് ചെയ്യുന്നത്. രാവിലെ 5 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 10 വരെയും വിശ്രമമില്ല. കോളജിൽ നിന്നു വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഒക്ടോബർ വരെ തൽക്കാലം അവധി എടുത്തിരിക്കുകയാണ്. ചീര മാത്രമാണു മൽസരം കഴിയുന്നതുവരെ ഭക്ഷണം. ഓർഗാനിക് ചീര, ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണു വാങ്ങുന്നത്. സ്വന്തമായി പാചകം ചെയ്തു കഴിക്കും. വൈറ്റിലയിൽ ഒരു ഹോസ്റ്റലിലാണു താമസം. വൈറ്റില മിസ്റ്റർ സ്റ്റാൻഡേർഡ് ജിമ്മിലെ ജോസഫ് ജെറി ലോപ്പസ് ആണ് ആദ്യ പരിശീലകൻ. അദ്ദേഹമാണ് ഈ മേഖലയിലേക്കു കൊണ്ടുവന്നത്. കടവന്ത്ര ഫിറ്റ്നസ് ഫാക്ടറി ജിമ്മിലെ അബിൽ ആണ് ഇപ്പോൾ മിസ് ഏഷ്യ മൽസരത്തിനായി ഒരുക്കുന്നത്. 

 ബിക്കിനി ഫിറ്റ്നസ് 

ബിക്കിനി ഫിറ്റ്നസ് എന്നു പറയുമ്പോൾ ഇത് ബോഡി ബിൽഡിങ് ആണെന്നു പലർക്കും സംശയം തോന്നും. എന്നാൽ അങ്ങനെയല്ലെന്ന് ഓഷോ പറയുന്നു. ബോഡിയിൽ വലിയ മസിൽസ് ആവശ്യമില്ല, ക്ലീൻ മസിൽസാണു വേണ്ടത്. സൗന്ദര്യം, തലമുടി, സ്കിൻ ഇതെല്ലാം ശ്രദ്ധിക്കണം. ആരോഗ്യവും പ്രധാനമാണ്. ഒരു സൗന്ദര്യ മൽസരത്തിന് ആവശ്യമായതെല്ലാം വേണം. അതിനൊപ്പം ഫിറ്റ്നസും ആവശ്യമാണ്. ഇതിനെല്ലാം ഉപരി ഗട്സ് വേണമെന്നും ഓഷോ പറയുന്നു.