Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാകാരന്മാർക്ക് ഒരു ഡിജിറ്റൽ ലോകം; ഇതാ സിനിമാ ക്ലബ്

cinema-club-digital-platform-for-artist

ഫെയ്സ്ബുക്കിൽ നിങ്ങൾക്കൊരു കൂട്ടുകാരനെ കണ്ടെത്താമെങ്കിൽ ‘സിനിമാക്ലബ്ബി’യിൽ കലാകാരൻമാരെ കണ്ടെത്താം. നമ്മുടെ കലാപരമായ സൃഷ്ടികളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യാം. മറ്റു കലാകാരൻമാരിൽനിന്ന് ആവശ്യമായ നിർദേശങ്ങൾ തേടാം. 

താൽപര്യമുള്ള മേഖലകളിലെ പുതിയ സാധ്യതകളിലേക്കു പറക്കാം. സൃഷ്ടിപരമായ കഴിവുകളുള്ളവർക്കു വേണ്ടിയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ‘സിനിമാക്ലബ്ബി’.

ഒരുമിച്ചു പഠിച്ച, ഒരുമിച്ചു ജോലിയെടുത്ത ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ 4 വർഷം മുൻപു തുടങ്ങിയ സ്റ്റാർട്ടപ് സംരംഭമാണ് ‘സിനിമാക്ലബ്ബി’ എന്ന ഡിജിറ്റൽ ഇടം. എൻജിനീയറിങ്ങിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തു മടുത്ത 6 കൂട്ടുകാർ ചേർന്നാണു സ്റ്റാർട്ടപ് തുടങ്ങിയത്. 

ഇപ്പോൾ 8 പേരടങ്ങുന്ന സൗഹൃദ സംഘമാണ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. കൊച്ചിയിലും ബെംഗളൂരുവിലുമായാണു കമ്പനിയുടെ പ്രവർത്തനം.

ഒരുപാടു കലാകാരൻമാർ സമൂഹത്തിൽ ആരാലും അറിയപ്പെടാതെ പോകുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു സംരംഭത്തിലേക്കു തിരിയുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിഷ്ണുനാഥ് പറയുന്നു. വിവിധ ഇടങ്ങളിലുള്ള, വ്യത്യസ്ത വിഭാഗങ്ങളിലായുള്ള ലക്ഷക്കണക്കിനു പ്രതിഭകൾക്ക് അവരുടെ സൃഷ്ടിപരമായ കഴിവുകളെ വിപണനം ചെയ്യാനുള്ള പ്രഫഷനൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്ഫോമാണിതെന്നു വി.കെ. അനന്തകൃഷ്ണൻ പറഞ്ഞു.

 തിരക്കുകൾ മടുത്തു

വിവിധ കാലങ്ങളിലായി എൻജിനീയറിങ് പഠനം പൂർത്തിയാക്കി വിദേശ രാജ്യങ്ങളിലടക്കമുള്ള പ്രമുഖ കമ്പനികളിൽ ജോലി ചെയ്യുകയായിരുന്നു വിഷ്ണു സുരേന്ദ്രനാഥ്, വി.കെ. അനന്തകൃഷ്ണൻ, ടിറ്റു ജോർജ്, വിപിൻ വരദ, അനൂപ് അശോക്, എം. അജിത് ആനന്ദ് എന്നിവർ. 

ജോലിയുടെ തിരക്കുകളിൽ മടുപ്പു തോന്നിത്തുടങ്ങിയപ്പോഴാണു പുതിയ  സംരംഭത്തെക്കുറിച്ച് ഈ കൂട്ടുകാർ ചിന്തിച്ചു തുടങ്ങിയത്.  അറിയപ്പെടാതെ പോകുന്ന കലാകാരൻമാർക്ക്, അവരെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോം വേണമെന്ന ചിന്തയിലേക്കാണ് അവസാനം അവരെത്തിയത്. എല്ലാവരും ‘ഓകെ’ പറഞ്ഞതോടെ ജോലികളോടു ‘ബൈ’ പറ‍ഞ്ഞു. 

അധികം വൈകാതെ ‘സിനിമക്ലബ്ബി’യെന്ന പ്ലാറ്റ്ഫോമിനു രൂപം നൽകി. 2016ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തു. സുരഭി ജോർജ്, അംബരീഷ് ആർ. നാഥ് എന്നിവർ പിന്നീടു കമ്പനിയുടെ ഭാഗമായി. 

ഇപ്പോൾ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ അംഗീകാരത്തോടെയാണു പ്രവർത്തിക്കുന്നത്. ലോകത്തിന്റെ ഏതു കോണിൽ ജീവിക്കുന്ന കലാകാരനും പുതിയ ബ്രാൻഡിന്റെയും ബിസിനസ് സ്ഥാപനങ്ങളുടെയും ഭാഗമായി പ്രവർത്തിക്കാനും ‘സിനിമാക്ലബ്ബി’ അവസരമൊരുക്കുന്നുണ്ട്. 

 കലയുണ്ടോ, അവസരമുണ്ട്

കലാകാരൻമാർക്കു സിനിമാക്ലബ്ബിയുടെ വെബ്സൈറ്റ് വഴിയോ ആപ് വഴിയോ അംഗങ്ങളാകാം. ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. ഓരോരുത്തരുടെയും വൈദഗ്ധ്യം, താൽപര്യം, നേട്ടങ്ങൾ, സ്ഥലം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടു സിനിമാക്ലബ്ബിയിൽ പ്രൊഫൈൽ തയാറാക്കാം. ഒരേ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവരെ കണ്ടുമുട്ടുന്നതിനും ഒരുമിച്ചു പ്രവർത്തിക്കുന്നതിനും സിനിമാക്ലബ്ബി അവസരം നൽകുന്നു.

 സിനിമയുടെ തിരക്കഥ എഴുതുന്നവർക്കു സിനിമ സംവിധാനം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടുമുട്ടാനും പാട്ടുപാടുന്നവർക്ക് ബാൻഡുകളെ കണ്ടെത്തുന്നതിനും, അങ്ങനെ കലാപരമായ കൂട്ടായ്മകൾ രൂപീകരിക്കാനും സിനിമാക്ലബ്ബി അവസരമൊരുക്കുകയാണ്. പാട്ട്, എഴുത്ത്, അഭിനയം, സംവിധാനം, നൃത്തം തുടങ്ങി കലയുടെ ഏതുമേഖലയിൽ ഉള്ളവർക്കും സിനിമാക്ലബ്ബിയിൽ അവസരമുണ്ട്.