മിസ് കേരളയിൽ ആറാമതായെങ്കിലും, മിസ് സൗത്ത് ഇന്ത്യയിൽ ഒന്നാമത്

HIGHLIGHTS
  • മിസ് കേരള മൽസരത്തിൽ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ട്
  • മിസ് ക്വീൻ ഓഫ് ഇന്ത്യയാണ് അടുത്ത ലക്ഷ്യം
Miss-south-india-nikitha-confidence-and-victory
നികിത തോമസ്
SHARE

ആറാം ക്ലാസിൽ വച്ചു മനസ്സിലുടക്കിയ മോഹത്തിന്റെ ചിറകിലേറി മിസ് സൗത്ത് ഇന്ത്യ കിരീടം കയ്യെത്തിപ്പിടിച്ച മിടുക്കി. കൊച്ചി പനമ്പിള്ളി നഗർ സ്വദേശി നികിത തോമസ് ഇന്ന് മിസ് സൗത്ത് ഇന്ത്യയാണ്. ആഗ്രഹങ്ങളെ വിടാതെ പിന്തുടർന്നാൽ ഒരു നാൾ അവ നമുക്കു വേണ്ടി കാത്തു നിൽക്കുമെന്ന് നികിത പറയുന്നു. കഴിഞ്ഞ മിസ് കേരള മൽസരത്തിൽ ആറാം സ്ഥാനത്തിലേക്ക് ഒതുങ്ങിപ്പോയിടത്തു നിന്ന് ആത്മവിശ്വാസത്തെ കൂട്ടുപിടിച്ചു നേടിയ നേട്ടം. കുട്ടിക്കാലത്തെ ആഗ്രഹം.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ കൊച്ചിയിൽ നടന്ന മിസ് കേരള സൗന്ദര്യ മൽസരം കാണാൻ കുടുംബത്തോടൊപ്പം പോയതാണ് നികിത. സുന്ദരമായ മുഖങ്ങളും പക്വതയാർന്ന ഉത്തരങ്ങളും അന്നേ മനസിൽ കയറിപ്പറ്റി. പന്നീടുള്ള വർഷങ്ങളിലെ സ്വപ്നമായിരുന്നു ആ വേദി. ആഗ്രഹം മാത്രമായിരുന്നില്ല, ലക്ഷ്യത്തിലേക്കുള്ള ജാഗ്രതയും നികിത കാത്തുസൂക്ഷിച്ചു. പതിനെട്ടിലെത്താനുള്ള  കാത്തിരിപ്പ്

മിസ് കേരള മൽസരത്തിൽ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായം പതിനെട്ട് വയസാണ്. 2018 ൽ പതിനെട്ട് വയസ്സു പൂർത്തിയായ ശേഷം ഒക്ടോബറിൽ നടന്ന ആദ്യ അവസരത്തിൽ തന്നെ നികിത റാംപിലെത്തി. മികച്ച പ്രകടനമായിരുന്നിട്ടും ആദ്യത്തെ ആറു സ്ഥാനത്തിലെത്താനെ കഴിഞ്ഞുള്ളു. 

nikitha (1)

ആത്മവിശ്വാസക്കുറവായിരുന്നു പരാജയ കാരണമെന്നു മനസിലാക്കിയ ശേഷം അതു മനസിൽ വച്ചു മിസ് സൗത്ത് ഇന്ത്യ മൽസരങ്ങൾക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. വിജയത്തിലേക്കുള്ള ചുവടുകൾ മിസ് സൗത്ത് ഇന്ത്യ മൽസരത്തിനു മുൻപുള്ള ദിവസങ്ങളിൽ തനിക്കു വിജയിക്കാനുള്ള അർഹതയുണ്ടെന്ന് ആദ്യം മനസിനെ പറഞ്ഞു  പഠിപ്പിക്കുകയായിരുന്നു നികിത. കൂടെയുള്ളവരേക്കാൾ ഒട്ടും മോശമല്ലെന്ന തോന്നൽ ഉണ്ടാക്കിയെടുത്തതിനു ശേഷം കാര്യങ്ങൾ എളുപ്പമായി. 

ആത്മവിശ്വാസത്തോടു കൂടി വേദിയെ അഭിമുഖീകരിക്കാൻ ആരംഭിച്ചതോടെ മിസ് കേരള മത്സരത്തിലെ പിഴവുകൾ തിരുത്താൻ കഴിഞ്ഞു. അവസാനം കേരളത്തിന്റെ അഭിമാനമുയർത്തിക്കൊണ്ടു കിരീട നേട്ടം. മിസ് ക്വീൻ ഓഫ് ഇന്ത്യയാണു നികിതയുടെ അടുത്ത ലക്ഷ്യം. പിന്നെ മിസ് ഇന്ത്യ, മിസ് വേൾഡ്, അങ്ങനെ നീളുന്നു ആഗ്രഹങ്ങൾ. 

കുടുംബം കൂടെയുണ്ട്

അമ്മ അനിത തോമസാണു തന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിലെന്നു നികിത തീർത്തു പറയുന്നു. ഒരോ കാൽവയ്പ്പിലും അമ്മയുടെ ഉപദേശം കൂടെയുണ്ട്. അച്ഛൻ തോമസ് നൈനാനും ചേച്ചി നീതു തോമസും നികിതയുടെ സ്വപ്നങ്ങൾക്കൊപ്പമാണ്. മോഡലിങ്ങിനോടുള്ള അടങ്ങാത്ത ആഗ്രഹത്തിന് കുടുംബം പൂർണ പിന്തുണയാണ്. അമ്മ അനിത തോമസും രണ്ടു മക്കളും ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. മൂവരും ചേർന്ന് ഒട്ടേറെ വേദികളെ ന‍ൃത്തച്ചുവടുകളാൽ ധന്യമാക്കി. 

nikitha (2)

മോഡലിങ് അല്ലാതെ

രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയാണു നികിത. മോഡലിങ്ങിനിടയിലും പഠനത്തിൽ വിട്ടുവീഴ്ചയില്ല. പ്ലസ് ടുവിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി പാസായ നികിതയ്ക്ക് ഡിഗ്രി പൂർത്തിയാക്കിയ ശേഷം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഉപരിപഠനം നടത്തണമെന്നാണ് ആഗ്രഹം. തന്റെ ജീവിതം കൊണ്ട് ഒരാളെയെങ്കിലും പ്രചോദിപ്പിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ നേട്ടമെന്നാണു നികിതയുടെ പക്ഷം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA