കേരളവർമയ്ക്ക് ഊട്ടി, അലോഷ്യസിന് സ്വന്തം സാമ്രാജ്യം; ഇതാ ക്യാംപസിലെ ഇടങ്ങൾ

friends-circle-under-tree-in-campus
കുട്ടനെല്ലൂർ ഗവ. കോളജിലെ പഞ്ചാരമരച്ചുവട്ടിൽ വിദ്യാർഥി സൗഹൃദക്കൂട്ടം. ചിത്രം: ഫഹദ് മുനീർ ∙ മനോരമ
SHARE

ഇന്നു വലന്റൈൻസ് ഡേ. ക്യാംപസിലെ ചില ഇടങ്ങൾ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സൗഹൃദങ്ങളുടെ ഹൈവോൾട്ടേജ് ഏരിയ. ലൈബ്രറി വരാന്തകൾ, പ്രണയത്തിന്റെ കളറടിച്ച ഇടനാഴികൾ, പെരുമഴയത്ത് കുടപിടിച്ചുതന്ന തണൽമരച്ചുവടുകൾ, ചൂടാറാത്ത ചർച്ചകൾക്ക് ചിയേഴ്സ് പറഞ്ഞ കന്റീനുകൾ... ഹൃദയങ്ങളെ പരസ്പരം കോർത്തിണക്കുന്ന ചങ്ങലക്കണ്ണികളാണിവ. ക്യാംപസ് വിട്ടാലും ഓർമയിൽ നിന്ന് ഈ ഇടങ്ങൾ മാത്രം ടിസി വാങ്ങി പോകാറില്ല. പ്രണയ ദിനത്തിൽ തൃശൂരിലെ ചില ക്യാംപസുകളിലെ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഇടങ്ങൾ കാണാം...

ഞങ്ങളുടെ പഞ്ചാര മരമേ!

കുട്ടനെല്ലൂർ ഗവ. കോളജിലെ മരങ്ങൾക്ക് ആത്മകഥയെഴുതാൻ മാത്രം അനുഭവ സമ്പത്തുണ്ട്. കുട്ടനെല്ലൂർ കോളജിലേക്കു വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതു തന്നെ ഐക്യമരമാണ്. വിപ്ലവത്തിന്റെ തൊങ്ങലുകൾ ചാർത്തിയ മരം ക്യാംപസിന്റെ സ്വഭാവം തന്നെ പറയുന്നു.   

പ്രധാന ബ്ലോക്കിനു പിറകിലെ നക്ഷത്രവനവും സൗഹൃദ തുരുത്തുകളാണ്. വളരുന്ന ചെറുചെടികൾ ഓരോ മരത്തെയും ചെറിയ ഓരോ കാടുകളാക്കുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ നൂറോളം മരങ്ങളാണ് ക്യാംപസിലുള്ളത്. 

അധികം പൊക്കമില്ലാത്ത ഒരു മരം കോളജ് ഗ്രൗണ്ടിനോടു ചേർന്നുണ്ട്. ക്യാംപസിലെ പ്രശസ്തമായ പഞ്ചാരമരം. എത്രയോ ലൗ ‘ആപ്ലിക്കേഷനുകളുടെ’ ചർച്ചകൾക്കും തേപ്പുകൾക്കും സാക്ഷിയായ  മരമാണതെന്ന് വിദ്യാർഥികളുടെ ആത്മഗതം. പഞ്ചാരമരച്ചോട്ടിലെ ആപ്ലിക്കേഷനുകൾ ‘റിജക്ട്’ ആകില്ലെന്നാണ് കോളജിന്റെ വിശ്വാസം. ഒരേ മുഖങ്ങൾ‌ തന്നെ വിവിധ മരച്ചോടുകളിൽ കണ്ട സംശയം കോളജിലെ പ്രധാനിയോടു കാര്യം ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: കൊച്ചിന്റെ മൂന്നാമത്തെ ലൗവാ! പയ്യന്റെ ആദ്യത്തേതും! 

മറ്റു ക്യാംപസുകൾ: ഹോ, പഠിച്ചു മടുത്തു. ഒന്നു ചിൽ ചെയ്യാനെന്താ വഴി?

കേരള വർമ : മോളൂ, ഈ ഊട്ടി ഊട്ടി എന്നു കേട്ടിട്ടുണ്ടോ? ഫെയ്മസാ...

campus-life
കേരളവർമ കോളജിലെ ഊട്ടി എന്നറിയപ്പെടുന്ന മരക്കാട്

സ്വന്തമായി വിനോദ സഞ്ചാരകേന്ദ്രമുള്ള ഏതു ക്യാംപസ് ഉണ്ടെടോ കേരളത്തിൽ? ചോദ്യം കേരളവർമക്കാരുടേതാണ്. മറുപടി പറയാൻ ഏതു ക്യാംപസുകാരും ഒന്നു വിറയ്ക്കും. കാരണം, കേരളവർമയിലെ ‘ഊട്ടി’ എന്ന ഇടം സൗഹൃദം പൂക്കുന്ന തണുപ്പു കാടാണ്. ശക്തൻ തമ്പുരാനോടാണ് വിദ്യാർഥികൾ ഊട്ടി സ്ഥാപിച്ചതിനുള്ള നന്ദി പറയേണ്ടത്. വിശ്രമ ജീവിതത്തിനു ശക്തൻ തമ്പുരാൻ നിർമിച്ച കൊട്ടാരമാണ് ക്യാംപസിന്റെ ആകർഷണങ്ങളിലൊന്ന്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു കൊണ്ടുവന്ന മരത്തൈകൾ നട്ടുപിടിപ്പിച്ചു കൊട്ടാര വളപ്പിൽ തന്നെ ഒന്നാന്തരം കാടുണ്ടാക്കി. അതാണ് കേരള വർമയുടെ ‘ഉൗട്ടി’ എന്ന മരക്കാട്. കോൾപാടത്തിന്റെ ഭംഗിയിലേക്ക് തുഴഞ്ഞുപോകാൻ പണ്ട് കേരളവർമയിൽ ബോട്ടു ജെട്ടിയും വള്ളവുമുണ്ടായിരുന്നു. ആദ്യ കാലത്ത് കമിതാക്കളുടെ മാത്രം താവളമായിരുന്ന കേരള വർമയുടെ ഉൗട്ടിയിൽ ഇന്നു ക്ലാസുകൾ വരെ നടക്കുന്നുണ്ട്.

മറ്റു ക്യാംപസുകൾ : ഈ മതിൽക്കെട്ടിനുള്ളിൽ കാണുന്നതാ ഞങ്ങളുടെ സാമ്രാജ്യം. 

അലോഷ്യസുകാർ : പുറത്തേക്കിറങ്ങി നോക്കെടോ, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുവല്ലേ  ഞങ്ങളുടെ ക്യാംപസ്!

campus
എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ തുരുക്ക്

വലിയ മദിരാശി മരങ്ങൾക്കിടയിലൂടെ ചുറ്റിയടിച്ചു കടന്നുവരുന്ന കുളിർക്കാറ്റും പഴയ വഞ്ചിക്കടവും കൽക്കുരിശും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ കുട്ടികളുടെ മാത്രം അവകാശമാണ്. പുറത്തുനിന്നു നോക്കുമ്പോൾ മനോഹരമായ കുറച്ചു കെട്ടിടങ്ങൾ മാത്രമാണു കാണുന്നതെങ്കിലും ക്യംപസിന്റെ ഉള്ളിലാണ് അതിന്റെ ആത്മാവ്. ക്യാംപസ് ബ്ലോക്കുകൾക്കിടയിലൂടെ മുന്നോട്ടു പോയാൽ വിശാലമായ കോൾപടവുകളും പുൽമൈതാനവും കാണാം. 

കോൾ തീരത്തെ ക്യാംപസ് എന്നു പുറത്തു നിന്നെത്തുന്നവർക്കു തോന്നുമെങ്കിലും ശരിക്കും കോൾപ്പാടം തങ്ങളുടെ സ്വന്തമാണെന്ന് അലോഷ്യസിലെ വിദ്യാർഥികൾ പറയും. ശാന്തമായ കോൾ പാടം എത്രനേരം നോക്കി ഇരുന്നാലും മതിയാകില്ല. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടക്കമിട്ട വിദ്യാഭ്യാസ സംസ്കാരത്തിന്റെ ഭാഗമാണ് കൽക്കുരിശ്. കുരിശിനു ചുറ്റുമുള്ള സ്ഥലത്തിനും തുരുത്ത് എന്നുതന്നെയാണ് പേര്. വർഷങ്ങളുടെ പഴക്കമുള്ള തുരുത്തിലെ തണൽ മരങ്ങൾക്കു താഴെയാണ് അലോഷ്യസിലെ പ്രണയവും സൗഹൃദങ്ങളും പൂവിടുന്നതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA