സംവിധാനത്തിലും ഒരു കൈ നോക്കാൻ നീരജ്

HIGHLIGHTS
  • പഠനകാലത്ത് സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്
  • പെർഫോമിങ് ആർട്ട് പഠിക്കാന്‍ തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു
actor-to-director-neeraj-madhav-story
നീരജ് മാധവ്
SHARE

ഡാൻസർ, കൊറിയോഗ്രഫർ, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പേരെടുത്ത നീരജ് മാധവ് കോഴിക്കോട് പന്നിയങ്കര സ്വദേശിയാണ്. സ്വാഭാവികമായ അഭിനയ ശൈലിയാൽ ന്യൂജനറേഷൻ‌ താരങ്ങൾക്കിടയിൽ ശ്രദ്ധേയനായ നീരജ് മാധവ് അഭിനയത്തോടൊപ്പം തിരക്കഥാ രചനയും സംവിധാനവുമെല്ലാമായി സിനിമയിൽ തിരിക്കിലാണ്.

‘സ്കൂൾ കാലം മുതൽ നൃത്ത പരിപാടികളിൽ പങ്കെടുക്കുകയും ഒട്ടേറെ സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്ന എന്റെ ജീവിതത്തിലെ ആദ്യ പ്രധാന സംഭവം ഒരു ടിവി ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റ് ആവാൻ പറ്റിയതാണ്. അതോടെ കലാരംഗത്ത് തിരിച്ചറിയപ്പെടാൻ തുടങ്ങി. പ്ലസ് ടുവിനു സയൻസ് പഠിച്ച എന്നെ ചെന്നൈയിൽ വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദ കോഴ്സിനു ചേരാൻ സമ്മതം നൽകിയ മാതാപിതാക്കളുടെ തീരുമാനം എല്ലാറ്റിനും തുണയായി. 

neeraj-madhav3

ചെന്നൈ എസ്ആർഎം കോളജിലായിരുന്നു ബിരുദ പഠനം. ഇന്ത്യയിലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാനാവാത്ത സിനിമ സംസ്കാരമാണ് ചെന്നൈയ്ക്കുള്ളത്. അവിടത്തെ ഒരു ഹോട്ടൽ തൊഴിലാളി പോലും സിനിമ സ്വപ്നം കാണുന്നയാളായിരിക്കും. അത്തരമൊരു സംസ്കാരത്തിൽ വിഷ്വൽ കമ്യൂണിക്കേഷൻ പഠനവുമായി മുന്നോട്ടു പോകുമ്പോൾ സംവിധായകനാകാനായിരുന്നു ലക്ഷ്യമിട്ടത്. കോളജിലാണെങ്കിൽ എന്തു പരിപാടികൾക്കും മുഖ്യാതിഥികളായെത്തുന്നത് സിനിമ താരങ്ങളും. കമലഹാസനും വിക്രമുമെല്ലാം കോളജിൽ വരുമായിരുന്നു. ഈ ഒരു അന്തരീക്ഷത്തിൽ സിനിമ നമ്മളിലേക്കങ്ങു പടർന്നു പിടിക്കും. അഭിനയ മോഹം ഉണ്ടായിരുന്നെങ്കിലും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. 

നൃത്ത പരിചയം അഭിനയത്തിനു സഹായകമാകുമോയെന്നൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് പഠനകാലത്ത് സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാന വർഷം കോഴ്സിന്റെ ഭാഗമായി സംവിധാനം ചെയ്ത ‘ഹ്യൂമൻ ക്യൂരിയോസിറ്റി’ എന്ന ഹ്രസ്വ സിനിമ ക്യാംപസിൽ മികച്ച ചിത്രവുമായി.

ചെന്നൈയിലെ പഠനത്തിനു ശേഷം പെർഫോമിങ് ആർട്ട് പഠിക്കുന്നതിനാണ് തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. അന്ന് ചില നാടകങ്ങളിൽ വേഷമിട്ടതല്ലാതെ അഭിനയത്തിൽ മുൻ പരിചയമൊന്നുമുണ്ടായിരുന്നില്ല. ആ സമയത്താണ് ‘ബഡ്ഡി’ എന്ന സിനിമയുടെ ഓഡിഷനു പോയത്. സുഹൃത്തുക്കൾക്കൊപ്പം വെറുതേ പോയി നോക്കിയതായിരുന്നു. ബഡ്ഡി ടീമിനൊപ്പം എത്തിയത് മറ്റൊരു വഴിത്തിരിവ്. ബഡ്ഡിയുടെ അസോഷ്യേറ്റ് സംവിധായകനായ ജീവനാണ് എന്നെ ജീത്തു ജോസഫിന്റെ മെമ്മറീസിലേക്ക് നിർദേശിക്കുന്നത്. ബ‍ഡ്ഡിയുടെ തിരക്കഥയെഴുതിയ ബിബിൻ ചന്ദ്രൻ, സംവിധായകൻ എബ്രിഡ് ഷൈനിനു പരിചയപ്പെടുത്തി. അതുവഴിയാണ് 1983 എന്ന സിനിമയിലെ പ്രഹ്ലാദനായി.

സിനിമയിൽ നടനായി നിൽക്കാമെന്ന് എനിക്ക് ആത്മവിശ്വാസം ലഭിച്ചത് ദൃശ്യത്തിൽ അഭിനയിച്ചതോടെയാണ്. ലാലേട്ടന്റെ സഹായിയുടെ വേഷം ചെയ്തതോടെ പ്രേക്ഷകരിൽ നിന്നു ലഭിച്ച സ്വീകാര്യതയാണ് അഭിനയത്തെ ഗൗരവമായി എടുക്കാനും ഒരു ജോലി എന്ന നിലയിൽ കാണാനും പ്രേരണയായത്. പിന്നീടങ്ങോട്ട് സപ്തമശ്രീ തസ്കരഃ, ഒരു വടക്കൻ സെൽഫി, ഊഴം, ഒരു മെക്സിക്കൻ അപാരത, പൈപ്പിൻ ചുവട്ടിലെ പ്രണയം, ലവകുശ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാനായി. ഇതിനിടയിൽ ലവകുശ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. രജീഷ് ലാൽ വംശ സംവിധാനം ചെയ്യുന്ന ‘ക’ എന്ന സിനിമയിലാണ് ഇനി അഭിനയിക്കാൻ കരാറായിട്ടുള്ളത്.

neeraj-madhav2

ഇപ്പോഴിതാ സംവിധാനം എന്ന സ്വപ്നത്തിലേക്കും അടുത്തു വരികയാണ്. അനുജൻ നവനീത് മാധവുമായി ചേർന്നുള്ള സിനിമയുടെ സംവിധാനവും ഈ വർഷമുണ്ടാകും.

തയാറാക്കിയത്: 

സി.ശിവപ്രസാദ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA