‘മുത്തുവിളക്ക്’ പറയും; ഇന്ത്യാ–പാക് യുദ്ധത്തിലെ രക്തസാക്ഷിയുടെ കഥ

HIGHLIGHTS
  • ലക്ഷദ്വീപുകാർ സ്വന്തമായി ചെയ്യുന്ന ആദ്യത്തെ ഡോക്യുമെന്ററി കൂടിയാണിത്
short-film
SHARE

ലക്ഷദ്വീപിലെ യുവാക്കൾ രാജ്യസ്േനഹത്തിന്റെ പ്രതീകമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്, ജവാൻ മുത്തുക്കോയ. 1965 ലെ ഇന്ത്യാ– പാക് യുദ്ധത്തിൽ ജീവൻ ബലികൊടുത്ത രാജ്യസ്േനഹി. വീരമൃത്യു വരിക്കുമ്പോൾ 26 വയസായിരുന്നു അദ്ദേഹത്തിന്. രാജ്യത്തിനുവേണ്ടി രക്തസാക്ഷിയാകുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ പട്ടാളക്കാരൻ. 53 വർഷത്തിനു ശേഷം ദ്വീപിലെ യുവാക്കൾ തങ്ങളുടെ വീരപുരുഷന്റെ ജീവിതം ഡോക്യുമെന്ററി ആക്കിയിരിക്കുകയാണ്. ഒട്ടേറെ സിനിമകളും ഡോക്യുമെന്ററികളും ലക്ഷദ്വീപിനെക്കുറിച്ചുവന്നിട്ടുണ്ടെങ്കിലും ആദ്യമായി ദ്വീപ് വാസികൾത്തന്നെ അവരുടെ നാടിനെക്കുറിച്ചു ചെയ്യുന്ന ഡോക്യുമെന്ററി എന്ന പ്രത്യേകതയും ഇതിനുണ്ട്. മുത്ത് ബുളക്ക് (മുത്തു വിളക്ക്) എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ദഹ്‌ലാൻ ലക്ഷദ്വീപ് എന്ന ചെറുപ്പക്കാരനാണ്. നൗഫർ ഖാൻ കുളിയാണ് ഡോക്യുമെന്ററിയുടെ ക്രിയേറ്റീവ് ഹെ‍ഡ്.

ഈ വീരപുരുഷന്റെ ഓർമയ്ക്കായി അദ്ദേഹം പ്രൈമറി ക്ലാസുകൾ പഠിച്ച അമിനി ദ്വീപിലെ ഹയർ സെക്കൻഡറി സ്കൂളിന്റെ പേര് ഷഹീദ് ജവാൻ മുത്തുക്കോയ മെമ്മോറിയൽ ഗവ. സീനിയർ സെക്കൻഡറി സ്കൂൾ എന്നാക്കി മാറ്റി. പുതിയ തലമുറ ഈ ധീരനായകനെ വേണ്ട വിധത്തിൽ മനസിലാക്കിയിട്ടില്ലെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതകഥ ഡോക്യുമെന്ററിയാക്കാൻ തീരുമാനിച്ചതെന്നു സംവിധായകൻ ദഹ്‍ലാൻ പറയുന്നു. സ്കൂളിന്റെ നേതൃത്വത്തിലാണു ഡോക്യുമെന്ററി നിർമിച്ചത്.

ലക്ഷദ്വീപിന്റെ സാംസ്കാരിക തലസ്ഥാനമായ അമിനിയിൽ ഒരുമാസത്തോളം നീണ്ട അമിനി ഫെസ്റ്റ്– 2018ൽ  പ്രദർശനം നടത്തിയ ഡോക്യുമെന്ററിക്കു വലിയ സ്വീകരണമാണു ലഭിച്ചത്. നെറ്റ്‌വർക് പ്രശ്നങ്ങൾ മൂലം യൂട്യൂബിൽ ഡോക്യുമെന്ററി കാണാൻ പലർക്കും കഴിഞ്ഞിരുന്നില്ല. 4000 പേരാണ് അന്നു ഡോക്യുമെന്ററി കണ്ടത്.

ലക്ഷദ്വീപിലെ അമിനി, കടമത്, കവരത്തി ദ്വീപുകളിലും കൊച്ചിയിലും കൂടാതെ, അദ്ദേഹം പഠിച്ച കോഴിക്കോട് എലത്തൂർ സിഎംസി സ്‌കൂളിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന മുത്തുക്കോയയുടെ ഓർമകളിലൂടെയാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. മുത്തുകോയയുടെ സുഹ‌ൃത്തുക്കളെയും സഹപാഠികളെയും അധ്യാപകരെയും എല്ലാം കണ്ടെത്താൻ ദിവസങ്ങളോളം ഡോക്യുമെന്ററിക്കു പിന്നിൽ പ്രവർത്തിച്ച ചെറുപ്പക്കാർ നടന്നു.

സംഗീതത്തെയും സൗഹൃദത്തെയും ഒരുപാടു സ്നേഹിച്ചിരുന്ന ചെറുപ്പക്കാരനായിരുന്നു മുത്തുക്കോയയെന്നു പരിചതരായ എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമിക വിദ്യാ‌ഭ്യാസത്തിനു ശേഷം കോഴിക്കോട് സിഎംഎസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിച്ചേരുന്ന മുത്തുക്കോയ പത്താം ക്ലാസ് പാസായി ദ്വീപിൽ തിരിച്ചെത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിരുന്ന മൂർക്കോത്ത് രാവുണ്ണി ദ്വീപിലെ കൃഷി വകുപ്പിൽ അദ്ദേഹത്തിന് ഒരു ജോലി വാഗ്ദാനം ചെയ്യുന്നു. എന്നാൽ രാജ്യസ്നേഹിയായ ആ ചെറുപ്പക്കാരൻ തനിക്കു സൈന്യത്തിൽ ചേർന്നു രാജ്യത്തിനായി പ്രവർത്തിക്കാനാണു താൽപര്യമെന്ന് അദ്ദേഹത്തെ അറിയിക്കുന്നു. അഡ്മിനിസ്ട്രേറ്ററാണ് അതിനുള്ള സഹായം ചെയ്തു കൊടുക്കുന്നത്. 

രാജ്യത്തെ സേവിക്കാൻ  മകൻ പട്ടാളത്തിൽ ചേരാൻ തീരുമാനിക്കുന്നത് മകനെ മരണത്തിനു വിട്ടുകൊടുക്കുന്നതിനു തുല്യം എന്നായിരുന്നു ഉമ്മ വിശ്വസിച്ചത്. തന്റെ ആശങ്ക ഉമ്മ മകനെ അറിയിക്കുന്നു. ‘എന്തായാലും ഒരുനാൾ മരിക്കണം, അതു സ്വന്തം രാജ്യത്തിനു വേണ്ടിയാണെങ്കിൽ അതിൽപരം സന്തോഷം നൽകുന്ന കാര്യം എന്താണുമ്മേ ഉള്ളത്’ മുത്തുക്കോയയുടെ മറുപടി ഇങ്ങനെയായിരുന്നു. 1963ൽ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്നു ജോലി. 1965ൽ അവധിക്കു നാട്ടിലെത്തി. വിവാഹ ആലോചനകൾ തകൃതിയായി നടക്കുന്നതിനിടെ, പട്ടാളക്കാർ തിരിച്ചെത്താൻ സർക്കാർ ഉത്തരവിട്ടു. പട്ടാളത്തിന്റെ കപ്പൽ ലക്ഷദ്വീപിലെത്തി അദ്ദേഹത്തെകൂട്ടിക്കൊണ്ടുപോയി. പിന്നീടു മുത്തുക്കോയ തിരിച്ചെത്തിയില്ല. ഓപ്പറേഷൻ ജിബ്രാൾട്ട് എന്ന പേരിൽ പാക്കിസ്ഥാൻ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാൻ ശ്രമിച്ചു. അതു സൈന്യം തടഞ്ഞു. 17 ദിവസം യുദ്ധം നീണ്ടുനിന്നു. ഇന്ത്യയുടെ ഏറ്റവും വലിയ േസനാ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു അത്. ആയിരക്കണക്കിനു പട്ടാളക്കാർ വീരമൃത്യു വരിച്ചു. അവിടെ വച്ചു മുത്തുക്കോയയും കൊല്ലപ്പെട്ടു. ആ ഉമ്മയ്ക്ക് അവസാനമായി ചുംബിക്കാൻ ഒരു കവിൾത്തടം പോലും ലഭിച്ചില്ല.

ജവാൻ മുത്തുക്കോയയുടെ ജീവിത കഥ 50 വർഷങ്ങൾക്കു ശേഷം ഈ ചെറുപ്പക്കാർ ചികഞ്ഞെടുത്തപ്പോൾ അത്, വലിയൊരു രാജ്യസ്നേഹത്തിന്റെയും സ്വയം സമർപ്പണത്തിന്റെയു കഥയായി മാറി. എഡിറ്റിങ് ഉൾപ്പടെയുള്ള സാങ്കേതിക ജോലികൾ മാത്രമാണ് കൊച്ചിയിൽ ചെയ്തത്. ബാക്കിയെല്ലാം ലക്ഷദ്വീപിൽവച്ചുതന്നെ പൂർത്തിയാക്കി. വിപിൻ വിജയൻ, ബി.സി. കാസിം, തബ്ശീർ കവരത്തി, ബിനോയ് കോട്ടയ്ക്കൽ,ദീപു പ്രസാദ് എന്നിവരാണ് ഡോക്യുമെന്ററി സംഘത്തിലെ മറ്റ് അംഗങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA