sections
MORE

കൊച്ചിയിൽ നിന്നു വാഗമണ്ണിലേക്ക് സൈക്കിളിൽ; ഈ വിഷ്ണു കിടിലനാണ്

kochi-to-vagamon-cycle-journy-vishnu-s-message-to-society
വിഷ്ണു കമ്മത്ത്
SHARE

വിഷ്ണുവിന്റെ സന്തതസഹചാരിയാണ് സൈക്കിൾ. വർഷം 15 കഴിഞ്ഞു, ഈ ചെറുപ്പക്കാരൻ സൈക്കിളിൽ സവാരി തുടങ്ങിയിട്ട്. ചേർത്തല സ്വദേശിയായ വിഷ്ണു കമ്മത്ത് ഇപ്പോൾ സൈക്കിൾ യാത്രക്കാരൻ മാത്രമല്ല, സൈക്കിൾയാത്രാ പ്രചാരകൻ കൂടിയാണ്. ഫാക്ടിൽ ജോലി ചെയ്യുന്ന ഈ ചെറുപ്പക്കാരൻ എല്ലാ ആഴ്ചയിലും ഒരു ദിവസം ചേർത്തലയിൽ നിന്ന് കൊച്ചിയിലേക്ക്  സൈക്കിൾ ചവിട്ടിയാണു വരവും പോക്കും. പ്രകൃതി സൗഹൃദ വാഹനമായ സൈക്കിളിന്റെ പ്രചാരണം ലക്ഷ്യമിട്ടാണ് ഈ യാത്ര. ചേർത്തലയിൽ നിന്നു കൊച്ചി വരെ നീളുന്ന സൈക്കിൾ യാത്രയ്ക്ക് ഇപ്പോൾ ചില സുഹൃത്തുക്കളുമുണ്ടെന്നു വിഷ്ണു പറയുന്നു. ഒരു ദിവസമെങ്കിലും വാഹനമുപേക്ഷിക്കാൻ തയാറാകുന്നവരുടെ എണ്ണം കൂടുകയാണ്.

സൈക്കിൾ യാത്രയെക്കുറിച്ചു മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ, ദീർഘ ദൂര യാത്രയ്ക്കു സൈക്കിൾ ഉപയോഗിക്കാനാകില്ലെന്നു കൂട്ടുകാരെല്ലാം വാദിച്ചു. പക്ഷേ, സൈക്കിളിൽ ദീർഘയാത്ര സാധ്യമാകുമെന്നു തെളയിക്കാൻ തന്നെ വിഷ്ണു തീരുമാനിച്ചു. അങ്ങനെ സൈക്കിൾ യാത്രയുടെ പ്രചാരണവും സുരക്ഷാ പ്രവർത്തനങ്ങളുടെ സന്ദേശവും വിദ്യാർഥികളിൽ എത്തിക്കാനായി കഴിഞ്ഞ ദിവസം വിഷ്ണു വാഗമണ്ണിലേക്ക് ഒരു സൈക്കിൾ സവാരി നടത്തി. വാഗമണ്ണിലെ വിഎച്ച്എസ്എസിൽ എത്തിയ വിഷ്ണു, സ്കൂൾ ലൈബ്രറിയിലേക്ക്  സേഫ്റ്റി മാനേജ്മെന്റിനെക്കുറിച്ച് ജോബി കണ്ടനാട് എഴുതിയ പുസ്തകം കൈമാറിയാണ് യാത്ര അവസാനിപ്പിച്ചത്. പോയ വഴികളിൽ ആളുകളോട് സേഫ്റ്റി മാനേജ്മെന്റിനെക്കുറിച്ച് സംസാരിച്ചും ഡമോ പ്രസന്റേഷൻ നടത്തിയുമാണ് യാത്ര ചെയ്തത്. അപകടമുണ്ടായാൽ അടിയന്തരമായി ചെയ്യേണ്ട സുരക്ഷാ കാര്യങ്ങൾ, വ്യായാമത്തിന്റെ ഗുണങ്ങൾ, പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതെങ്ങനെ.... തുടങ്ങി വ്യത്യസ്തമായ സന്ദേശങ്ങൾ പകർന്നായിരുന്നു വിഷ്ണുവിന്റെ യാത്ര. ഓഫിസിലേക്കുള്ള യാത്രയ്ക്കും ദീർഘദൂരയാത്രകൾക്കും സൈക്കിൾ ഉപയോഗിക്കാം എന്ന ബോധ്യപ്പെടുത്തലും തന്റെ യാത്രയ്ക്കു പിന്നിലുണ്ടെന്ന് വിഷ്ണു പറയുന്നു.

2003ൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ആദ്യമായി വിഷ്ണുവിന് ഒരു സൈക്കിൾ വാങ്ങിക്കൊടുക്കുന്നത്. അന്നു തുടങ്ങിയ ചങ്ങാത്തമാണ് ഇന്നും വിടാതെ കൂടെയുള്ളത്. ഇതു മൂന്നാമത്തെ സൈക്കിളാണ് താൻ ഉപയോഗിക്കുന്നതെന്നു പറയുമ്പോൾ മുൻകാലത്തെ സൈക്കിളുകൾ രണ്ടും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുന്നുണ്ട് വിഷ്ണു.

തൃപ്പൂണിത്തുറയിലെ പെഡൽ ഫോഴ്സ് സൈക്കിൾ സംഘടനയിലെ അംഗമാണ് വിഷ്ണു. സൈക്കിൾ യാത്രയുടെ പ്രചാരണത്തിനായി പെഡൽ ഫോഴ്സ് സൈക്കിളിലെ അംഗങ്ങൾ ഒട്ടേറേ കാര്യങ്ങൾ ചെയ്യാറുണ്ടെന്നു വിഷ്ണു പറയുന്നു. മോട്ടോർ വാഹനങ്ങൾക്കു ബദലായി സൈക്കിൾ  ഉപയോഗിക്കാം എന്ന സന്ദേശവുമായി ‘ജോലിക്കു പോകാം സൈക്കിളിൽ’ എന്ന പദ്ധതി  കഴിഞ്ഞ വർഷം നടത്തിയിരുന്നു. ഭീകരാക്രമണത്തിൽ മരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചും ജവാന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തൃപ്പൂണിത്തുറയിൽ നിന്നു കൊച്ചി നാവിക സേന ആസ്ഥാനത്തേക്കും കഴിഞ്ഞ ദിവസം വിഷ്ണുവും  കൂട്ടുകാരും ദേശസ്നേഹ യാത്രയും നടത്തിയിരുന്നു. തന്റെ സൈക്കിൾ പ്രചാരണ യാത്രയുടെ ഭാഗമായി ഒട്ടേറെ സഹപ്രവർത്തകരെയും കൂട്ടുകാരെയും സൈക്കിൾ യാത്രക്കാരാക്കി മാറ്റിയതിന്റെ സന്തോഷത്തിലാണ് വിഷ്ണു ഇപ്പോൾ. ചേർത്തല അനന്തപുരം  വെങ്കിടേശ്വര കമ്മത്തിന്റെയും നിർമലയുടെയും മകനാണ് വിഷ്ണു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA