ADVERTISEMENT

ആലുവ യുസി കോളജിൽ ബിരുദാനന്തര ബിരുദം രണ്ടാം വർഷ വിദ്യാർഥിയാണു പള്ളുരുത്തി സ്വദേശി ശ്രുതി പ്രദീപ്. എ ഗ്രേഡ് സി സർട്ടിഫിക്കറ്റോടെ എൻസിസിയുടെ എയർ വിങ്ങിൽ സീനിയർ അണ്ടർ ഓഫിസർ. ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലുമെല്ലാം മികവു തെളിയിച്ച ശ്രുതിയെ മിടുക്കിയെന്ന് എല്ലാ അർഥത്തിലും വിശേഷിപ്പിക്കാം.

സംഗീതവും നൃത്തവും ഒപ്പം കളരിപ്പയറ്റും

സംഗീതത്തിലും നൃത്തത്തിലും സ്കൂൾ തലത്തിൽ മുതൽ ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ടു ശ്രുതി. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും ഇപ്പോഴും അഭ്യസിക്കുന്നു. വീണയും പുല്ലാങ്കുഴലും ശാസ്ത്രീയ സംഗീതവും പഠിക്കുന്നുണ്ട്. ഇതോടൊപ്പം മാർഷ്യൽ കലാരൂപങ്ങളിലും ശ്രുതിക്കു താൽപര്യമുണ്ട്. കളരിപ്പയറ്റാണു പ്രധാനം. തയ്ക്വാൻഡോയിലും ഷൂട്ടിങ്ങിലും എൻസിസിയുടെ സൗത്ത് സോൺ ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവായിരുന്നു. സ്വായത്തമാക്കിയതൊന്നും വിട്ടുകളയാതെ ഇവയിലെല്ലാം ഇപ്പോഴും പരിശീലനം തുടരുന്നു ശ്രുതി. നാഷനൽ ഷൂട്ടിങ് ചാംപ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.

യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക്

13 പേർക്കായിരുന്നു വിയറ്റ്നാമിൽ നടന്ന 16 ദിവസത്തെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ അവസരം ലഭിച്ചത്. ശാസ്ത്രീയ കലകളിലും മാർഷ്യൽ കലകളിലുമുള്ള മികവാണ് ശ്രുതിക്ക് അവസരം നേടിക്കൊടുത്തത്. രാജ്യത്തെ വിവിധ കലാരൂപങ്ങൾ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾക്കു മുൻപിൽ അവതരിപ്പിക്കുകയും നമ്മുടെ കലകളെക്കുറിച്ചു സംസാരിക്കുകയും അവരുടെ കലകൾ സ്വായത്തമാക്കി രാജ്യത്ത് അവതരിപ്പിക്കുകയുമായിരുന്നു യൂത്ത് എക്സ്ചേഞ്ച് പരിപാടിയുടെ പ്രധാന ലക്ഷ്യം. കളരിപ്പയറ്റും ശാസ്ത്രീയ നൃത്തവുമൊക്കെ വിയറ്റ്‌നാമിലെ സ്റ്റേജിൽ ശ്രുതി അവതരിപ്പിച്ചു. കേരളത്തിൽ നിന്നു പരിപാടിയിലേക്കു സിലക്‌ഷൻ ലഭിച്ചതു ശ്രുതിക്കു മാത്രമാണ്. രാഷ്ട്രപതിക്കും സേനാനായകൻമാർക്കും ഒപ്പം വിരുന്നിനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ലഭിച്ചു.

ഷൂട്ടർ, റൈഡർ

ബുള്ളറ്റിൽ പറക്കുകയാണു ശ്രുതിയുടെ മറ്റൊരു ഹോബി. പല റൈഡിങ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. എന്നും കോളജിൽ പോകുന്നതും ബുള്ളിൽത്തന്നെ. കോളജിൽ പോകാൻ ബുള്ളറ്റ് ഉപയോഗിക്കുന്നത് റൈഡിങ് ഭ്രമം കൊണ്ടുമാത്രമല്ല, രാവിലെ സിവിൽ സർവീസിന്റെ പരിശീലനമുണ്ട്. അതിനുശേഷം വീണാ ക്ലാസ്. കോളജിലെ ക്ലാസ് കഴിഞ്ഞു വൈകിട്ട് നൃത്ത പരിശീലനം, എല്ലായിടത്തേക്കും സമയത്ത് ഓടിയെത്താനാണു യാത്ര ബുള്ളറ്റിലാക്കുന്നതെന്നാണു ശ്രുതി പറയുന്നത്. എൻസിസിയുടെ ഭാഗമായാണു ഷൂട്ടിങ് പഠിച്ചത്.

മികവ് ആകാശത്തോളം

2016 ലാണ് ആദ്യമായി ശ്രുതി വിമാനം പറത്തിയത്. വിദഗ്ധ പരിശീലനത്തിനുശേഷം കൊച്ചിയിൽ നിന്നാണ് മൈക്രോലൈറ്റ് എയർക്രാഫ്റ്റ് പറത്തിയത്. വായു സൈനിക് ക്യാംപിൽ പങ്കെടുത്തിട്ടുള്ള ശ്രുതി ഇപ്പോൾ പൊലീസ് അക്കാദമിയിൽ പുതിയ ബാച്ചുകൾക്കു പരിശീലനവും നൽകുന്നുണ്ട്. പിജി പൂർത്തിയാക്കിയാലുടൻ സിവിൽ സർവീസ് പരീക്ഷയെഴുതുകയാണു ലക്ഷ്യം. പള്ളുരുത്തി സ്വദേശി പി.എസ്. പ്രദീപും ഡോ. ബിന്ദു പ്രദീപുമാണു ശ്രുതിയുടെ മാതാപിതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com