പ്രണയം നിരസിക്കുന്നത് മരണം ക്ഷണിക്കലോ? ; യുവത്വം പ്രതികരിക്കുന്നു

kerala-girl-set-on-fire-by-spurned-lover
പ്രതീകാത്മക ചിത്രം
SHARE

പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് കോളജ് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ സംഭവം യുവാക്കൾക്കിടയിലുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. തിരുവല്ലയിലുണ്ടായ സംഭവത്തിനു തൊട്ടു പിന്നാലെ, കൊച്ചിയിൽ ബൈക്കിൽ സഞ്ചരിച്ച യുവതികൾക്കുനേരെ പെട്രോൾ ഒഴിക്കാനുള്ള ശ്രമം നടന്നു. ഈ വിഷയത്തോടു കൊച്ചിയിലെ കോളജ് വിദ്യാർഥികൾ പ്രതികരിക്കുന്നു.

‘ചിന്തകൾ ഇടുങ്ങുന്നു’ – അമൽ സണ്ണി (കൊച്ചിൻ കോളജ്, ഫോർട്ട്കൊച്ചി)

സംസ്കാരശൂന്യം, അധാർമികം, ക്രൂരത, നിർഭാഗ്യകരം തുടങ്ങിയ വിശേഷണങ്ങളൊന്നും മതിയാകുന്നില്ല കഴിഞ്ഞയിടെ തിരുവല്ലയിലുണ്ടായ സംഭവത്തെ വിശേഷിപ്പിക്കാൻ. വിദ്യാഭ്യാസമുള്ള യുവജനങ്ങളാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നത് എന്ന യാഥാർഥ്യം  വിശ്വസിക്കാൻ പ്രയാസവുമുണ്ട്. ഉത്തരേന്ത്യയിലും മറ്റും പറഞ്ഞുകേട്ട ഇത്തരം ഫാഷിസ്റ്റ് നടപടികൾ നമ്മുടെ നാട്ടിലും കലാലയങ്ങളിലും സാധാരണമാകുകയാണ്. ചെറുപ്പക്കാരുടെ വളരെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതിനു പിന്നിൽ. മാതൃകാപരമായ ശിക്ഷ നൽകുന്നതിലൂടെ മാത്രമേ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ. ക്യാംപസുകളിൽ ഇത്തരം വിഷയങ്ങളിൽ തുറന്ന ചർച്ചകൾ നടക്കട്ടെ. അഭിപ്രായ രൂപീകരണങ്ങളുണ്ടാകട്ടെ.

‘സ്നേഹത്തിന്റെ കണ്ണികൾ അകലുന്നു’– കെ.പി. അതുൽ (ഇസ്‌ലാമിക് ഹിസ്റ്ററി, മൂന്നാം വർഷം മഹാരാജാസ് കോളജ്)

ഒരു മേശയുടെ ഇരു വശങ്ങളിൽ മുഖത്തോടു മുഖംനോക്കി ഇരുന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങൾ ക്യാംപസുകളിലും യുവാക്കൾക്കിടയിലും ഇല്ല. പക്ഷേ, എടുത്തുചാട്ടവും ദീർഘവീഷണം ഇല്ലായ്മയും പലപ്പോഴും വലിയ ദുരന്തങ്ങളിലേക്കാണു കാര്യങ്ങളെ എത്തിക്കുക. സ്നേഹത്തിന്റെ കണ്ണികൾ സമൂഹത്തിൽ അകന്നു തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണു നമുക്കു ചുറ്റും.  വിദ്യാർഥികൾക്കിടയിലുള്ള പ്രശ്നങ്ങൾ അവർക്കിടയിൽ തന്നെ തീർപ്പാക്കാൻ ശ്രമിക്കണമെന്ന സന്ദേശം വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണു സമീപകാലത്തെ സംഭവങ്ങൾ. പുറത്തുനിന്നുള്ള ഇടപെടലുകളാണു കാര്യങ്ങൾ വഷളാക്കുന്നത്. ക്ലാസ് മുറികൾക്കകത്ത്, ഡിപാർട്ട്മെന്റിനകത്ത്, അല്ലെങ്കിൽ കോളജിലെ യൂണിയനുകൾ തമ്മിലുള്ള പ്രശ്നങ്ങൾ പോലും ക്യാംപസിൽ തന്നെ പറഞ്ഞുതീർക്കുകയാണു വേണ്ടത്. പൊതുഇടങ്ങളിലേക്ക് ഇവയെ വലിച്ചിഴയ്ക്കരുത്. അല്ലാതെ വരുമ്പോൾ കാര്യങ്ങൾ അക്രമത്തിലേക്കു കൈവിട്ടുപോകും.

college-students
പി.ശ്രീകൃഷ്ണ, കെ.പി അതുൽ, അലൻ ഷിബു, കെ. കൃഷ്ണദാസ്, അമൽ സണ്ണി

‘മൊബൈലിൽ നിന്നു മുഖമുയർത്താം’– കെ. കൃഷ്ണദാസ് (ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, മൂന്നാം വർഷം ഭാരത മാതാ കോളജ്, തൃക്കാക്കര)

പരസ്പരം എന്താണെന്നു മനസിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേ വിദ്യാർഥികൾക്കിടയിലുണ്ടാകാറുള്ളൂ. ക്യാംപസിൽ ഒന്നിച്ചിരിക്കുമ്പോൾ പോലും മൊബൈലിൽ തലമുക്കി ഇരിക്കുന്നവരാണു ഞങ്ങളിലേറെയും. ഒപ്പമുള്ളവരോടു മുഖത്തു നോക്കി, തുറന്നു സംസാരിച്ചാൽ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകില്ല. പ്രേമനൈരാശ്യത്തിന്റെ പേരിൽ തീകൊളുത്തുന്നതും ആസിഡ് ഒഴിക്കുന്നതും പോലുള്ള അനിഷ്ട സംഭവങ്ങൾ ഇത്തരം ക്ഷമയോടെയുള്ള ആശയവിനിമയങ്ങൾ ഇല്ലാതാകുന്നതുകൊണ്ട് ഉണ്ടാകുന്നതാകാം. മൊബൈലിൽ നിന്നു മുഖമുയർത്തി പരസ്പരം സംസാരിക്കുന്നവരായി മാറണം പുതുതലമുറ.

‘ആക്രമണങ്ങൾ ആശങ്കാജനകം’ – പി. ശ്രീകൃഷ്ണ (എംഎ ഭരതനാട്യം, ആർഎൽവി കോളജ് തൃപ്പൂണിത്തുറ)

സമൂഹത്തിൽ സമീപ കാലങ്ങളിൽ കാണുന്ന ആൾകൂട്ട ആക്രമണങ്ങളിൽ യുവത്വത്തിന്റെ പങ്ക് ആശങ്കയുയർത്തുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങളായി ഇവയെ വായിച്ചെടുക്കാൻ പാടില്ല. മറിച്ചു ചരിത്രപരമായി നമ്മൾ ആർജിച്ച മൂല്യങ്ങൾ ചോർന്നു തുടങ്ങിയതിന്റെ ലക്ഷണമായി വേണം കാണാൻ. സ്ത്രീകൾ സമൂഹത്തിന്റെ മുൻപന്തിയിലേക്കു വരുമ്പോൾ, അവർക്കു സ്വതന്ത്രമായ അഭിപ്രായമുണ്ടാകുമ്പോൾ ഇവിടത്തെ പാട്രിയാർക്കി ഘടനയിൽ ഉണ്ടാക്കുന്ന പ്രതിപ്രവർത്തനമായി ഇത്തരം സംഭവങ്ങളെ നമുക്കു വ്യാഖ്യാനിക്കാം. അതിനോടൊപ്പം അരാഷ്ട്രീയമായ സമൂഹം ഏതു തരത്തിൽ, എന്തു സങ്കൽപങ്ങളിൽ നയിക്കപ്പെടുന്നു എന്നതും പരിശോധിക്കണം. ലഹരികളുടെ ഉപയോഗം തുടങ്ങി സമൂഹത്തിലെ ജീർണതകളോട് ആകൃഷ്ടരാകുന്ന യുവത്വം അത്യന്തം അപകടകരമാണ്. ജനാധിപത്യം, മതനിരപേക്ഷത, ലിംഗ സമത്വം, മാനവികത തുടങ്ങിയ നമ്മുടെ മൂല്യങ്ങളുടെ ഉൾക്കാഴ്ചയുയർത്തുന്ന പഠനങ്ങളിലൂടെയും നിരന്തര പ്രവർത്തനങ്ങളുടെയും മാത്രമേ നമുക്ക് ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാനാകൂ.

‘നമുക്കു തുറന്നു സംസാരിക്കാം’– അലൻ ഷിബു (എംഎ, ഇക്കണോമിക്സ്. എസ്എച്ച് കോളജ്, തേവര)

പ്രണയമുള്ള ജീവിതത്തിനേ ഭംഗിയുണ്ടാവൂ. പക്ഷേ, പ്രണയത്തിലെ ആത്മാർഥത ചേർന്നുപോകുന്നതാണ് ഇത്തരത്തിലുള്ള അക്രമത്തിലേക്കു പോകുന്നത്. ഒരു തരിയെങ്കിലും സ്നേഹം ആ പെൺകുട്ടിയോടുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. പരസ്പരം കാര്യങ്ങൾ തുറന്നു സംസാരിക്കാത്തതാണു ബന്ധങ്ങൾ തകരാനും ഇത്തരം ദുരന്തങ്ങളുണ്ടാകാനും കാരണം. യഥാർഥ പ്രണയങ്ങൾ ഇല്ലാതാകുന്നതും ഇതിന്റെ കാരണമാണ്. ഗുണപരമായ വിദ്യാഭ്യാസത്തിന്റെ കുറവും ഇത്തരം സംഭവങ്ങളിലേക്കു നയിക്കുന്നുണ്ട്. ലഹരി മരുന്നിന്റെ ഉപയോഗം യുവാക്കൾക്കിടയിൽ അപകടകരമായ തോതിൽ കൂടുന്നതും ആശങ്കയുണർത്തുന്നുണ്ട്. യുവാക്കൾക്കു സമൂഹത്തോടു വലിയ പ്രതിബദ്ധതയുണ്ട്. പഠനത്തോടൊപ്പം സാമൂഹിക സേവനങ്ങളും സമാന്തരമായി യുവാക്കൾ കൊണ്ടുപോകണം. കോളജുകളിൽ അതിനുള്ള ഒട്ടേറെ അവസരങ്ങളും സംഘടനകളുമുണ്ടല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA