തേൻ മുതൽ ഇറച്ചി വരെ തനിനാടൻ; ഇത് സന്ദീപിന്റെ കംപ്ലീറ്റ് ഗ്രീൻ കിച്ചന്‍

HIGHLIGHTS
  • അടുക്കളയിലേക്കു വേണ്ട കാർഷികോൽപന്നങ്ങൾ എല്ലാം ലഭിക്കുന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റ്
  • മൈഗ്രീൻകിച്ചൻ മൊബൈൽ ആപ് അടുത്ത മാസം പുറത്തിറങ്ങും.
തേൻ മുതൽ ഇറച്ചി വരെ തനിനാടൻ; ഇത് സന്ദീപിന്റെ കംപ്ലീറ്റ് ഗ്രീൻ കിച്ചന്‍
സന്ദീപും ഗ്രിനേഷും
SHARE

ബിടെക് പഠനം കഴിഞ്ഞ്, ആമസോൺ, ഫ്ലിപ്കാർട് പോലുള്ള ലോകത്തിലെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കണ്ണൂർ പഴശി സ്വദേശിയായ പി. സന്ദീപിന് കൃഷിയോടുള്ള താൽപര്യം കൂടുന്നത്. നമ്മുടെ നാട്ടിൽ കർഷകർ ഉൽപാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും പാലും മുട്ടയും ഇറച്ചിയും മീനുമെല്ലാം ഫ്രഷായി നാട്ടുകാർക്കു കൊടുക്കുന്ന ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങാമെന്ന ചിന്തയുമായി സന്ദീപ് ജോലിവിട്ട് നേരെ കൊച്ചിയിലേക്കു വന്നു. സഹോദരി പി.സന്ധ്യയും സഹോദരിയുടെ ഭർത്താവ് ഗ്രിനേഷും  ഒപ്പം കൂടി.  മൈഗ്രീൻകിച്ചൻ ഡോട്കോം എന്ന പേരിൽ അടുക്കളയിലേക്കു വേണ്ട കാർഷികോൽപന്നങ്ങൾ എല്ലാം ലഭിക്കുന്ന ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആരംഭിക്കുന്നത് അങ്ങനെയാണ്. 

വിഷരഹിതം, പൊള്ളും വിലയില്ലാതെ

വിഷരഹിത പച്ചക്കറികൾ ലഭിക്കാൻ നഗരങ്ങളിൽ വലിയ പ്രയാസമില്ല, പക്ഷേ, വില കേട്ടാൽ പൊള്ളുമെന്നു മാത്രം. 150 ഗ്രാം മത്തങ്ങയ്ക്ക് 50 രൂപ വരെ നൽകേണ്ട പല ഓർഗാനിക് സ്റ്റോറുകളുമുണ്ട് ഇവിടെ. രാസവളങ്ങളും കീടനാശിനികളും ചേർക്കാതെ പച്ചക്കറി ഉൽപാദിപ്പിക്കുക അത്ര എളുപ്പമല്ലെങ്കിലും ഇത്രയധികം വില നൽകേണ്ട സാഹചര്യം നാട്ടിൽ ഇപ്പോഴില്ലെന്നു സന്ദീപ് പറയുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ലഭിക്കുന്ന വിഷരഹിത കാർഷിക ഉൽപന്നങ്ങളുടെ അമിത വിലയ്ക്കു തടയിടണം എന്ന ലക്ഷ്യത്തോടെയാണ് മൈഗ്രീൻകിച്ചൻ ആരംഭിച്ചതെന്ന് സന്ദീപ് പറയുന്നു. മാത്രമല്ല, നല്ലതു ന്യായവിലയ്ക്കു കൊടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷവുമുണ്ട്. 

തേൻ മുതൽ ഇറച്ചി വരെ

ഓർഗാനിക് പച്ചക്കറി ലഭിക്കുന്ന പോർട്ടലുകൾ പലരും മുൻപേതന്നെ ആരംഭിച്ചിട്ടുള്ളതിനാൽ ‘കംപ്ലീറ്റ് ഗ്രീൻ കിച്ചൻ’ എന്ന ആശയമാണ് സന്ദീപിനുണ്ടായിരുന്നത്. അടുക്കളയിലേക്കു വേണ്ട എല്ലാ ഉൽപന്നങ്ങളും തനിനാടനായി ലഭിക്കുന്ന ഒരിടം. പച്ചക്കറി, പഴം, അരി, തേൻ, വീട്ടിലുണ്ടാക്കിയ മസാലപ്പൊടികൾ, പാൽ, തൈര്, മുട്ട, ഇറച്ചി എല്ലാം തനിനാടൻ തന്നെ മൈഗ്രീൻകിച്ചനിൽ ലഭിക്കും. കലൂർ പൊറ്റക്കുഴിയിൽ മൈഗ്രീൻകിച്ചന് ഓഫ്‌ലൈൻ സ്റ്റോറുമുണ്ട്. വാട്സാപ്പിലൂടെയും ഓർഡറുകൾ സ്വീകരിച്ചു സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

കേരളത്തിലെ കർഷകർക്കുവേണ്ടി

നമ്മുടെ നാട്ടിലെ കർഷകർ കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങൾ മാത്രമാണ് മൈഗ്രീൻകിച്ചനിൽ ലഭിക്കുക. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം മേഖലകളിലെ കർഷകരിൽ നിന്നാണ് ആദ്യം ഉൽപന്നങ്ങൾ ശേഖരിച്ചിരുന്നത്. പിന്നീട് ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലെ കർഷകരിൽ നിന്നും ഉൽപന്നങ്ങൾ നേരിട്ട് സ്വീകരിക്കാൻ തുടങ്ങി. നഗരത്തിൽ ടെറസിലും മുറ്റത്തും കൃഷി ചെയ്യുന്നവരുടെ ഉൽപന്നവും വാങ്ങാറുണ്ട്. മൈഗ്രീൻകിച്ചൻ മൊബൈൽ ആപ് അടുത്ത മാസം പുറത്തിറങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA