ADVERTISEMENT

തകർപ്പൻ റാപ് ഗാനങ്ങളുടെ ആളാണ് ഫെജോ. വാക്കുകളെ പ്രാസമൊപ്പിച്ചു കൂട്ടിയിണക്കി ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അതിവേഗത്തിൽ പാടി ആളുകളുടെ ശ്രദ്ധ നേടുന്നയാൾ. 2009 മുതൽ യൂട്യൂബിൽ ഫെജോയുടെ മലയാളം റാപ്പുകളുണ്ട്. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനു വ്യൂവേഴ്സും ഫെജോയ്ക്കുണ്ട്. ഇപ്പോൾ യൂട്യൂബിൽ നിന്ന് സിനിമ എന്ന വലിയ പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുകയാണ് ഫെജോ. മറഡോണ എന്ന ടോവിനോ ചിത്രത്തിലൂടെയയാണ് സിനിമയിലെത്തിയത്. അവസാനം പുറത്തുവന്ന സിനിമ ഫഹദ് ഫാസിൽ നായകനായ അതിരനാണ്. സിനിമയിൽ‌ സജീവമാകുകയാണു ലക്ഷ്യമെങ്കിലും മലയാളത്തിൽ വ്യത്യസ്തമായൊരു സ്വതന്ത്ര സംഗീതശ്രേണി ഉണ്ടാകണമെന്ന ആഗ്രഹം കൂടിയുണ്ട്, ഫെബിൻ ജോസഫ് എന്ന ഫെജോയ്ക്ക്.

 

 പാട്ടും സിനിമയും

എൻജിനീയറിങ്ങിനു പോകണമെന്ന ഒരാഗ്രഹവും ഫെജോയ്ക്കുണ്ടായിരുന്നില്ല. പക്ഷേ, ‘നാട്ടുനടപ്പ്’ അനുസരിച്ച് ബിടെക്കിനു ചേർന്നു. ഇതു തന്റെ വഴിയല്ലെന്ന് ആദ്യ സെമസ്റ്ററിൽത്തന്നെ മനസ്സിലാക്കിയെങ്കിലും സപ്ലിയടിക്കാതെ കോഴ്സ് പൂർത്തിയാക്കി. പാട്ടും സിനിമയുമായിരുന്നു എന്നും ഫെബിൻ ജോസഫിന്റെ ആഗ്രഹങ്ങൾ. കൂടെ അൽപം എഴുത്തും വായനയും. കോഴ്സ് കഴിഞ്ഞപ്പോൾ കെഎസ്ഇബിയിൽ ട്രെയിനിയായി ജോലിക്കു കയറി. മാസങ്ങൾക്കുള്ളിൽ ജോലി നിർത്തി. ചില കൺസ്ട്രക്ഷൻ കമ്പനികളിൽ പിന്നീടു ജോലിക്കു കയറിയെങ്കിലും ഒരു മാസം തികയും മുൻപേ രാജിവച്ചു. ‘തെണ്ടിത്തിരിഞ്ഞു’ നടന്നാലും സിനിമയും പാട്ടും കൈവിടില്ലെന്ന ഉറച്ച തീരുമാനത്തോടെ ജോലിയും ജോലിക്കുവേണ്ടിയുള്ള ശ്രമങ്ങളും പൂർണമായി ഉപേക്ഷിച്ചു. പഠനകാലത്തുതന്നെ യൂട്യൂബിൽ പാട്ടുകൾ അപ്‌ലോഡ് ചെയ്തു തുടങ്ങിയിരുന്നു. ആദ്യം ലിറിക്സ് വിഡിയോകളായാണ് പാട്ടുകൾ ചെയ്തത്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത റാപ് സംഗീതം തനി മലയാളം വാക്കുകളിൽ കേട്ടപ്പോൾ ചിലർ സ്വീകരിച്ചു. ചിലർ മോശം കമന്റുകളുമിട്ടു. നല്ല കമന്റുകൾ ഇന്ധനമാക്കിയെടുത്തു വീണ്ടും പാട്ടുകളെഴുതി, പാടി, അപ്‌ലോഡ് ചെയ്തു. സ്വന്തം ബയോഡേറ്റ തന്നെ റാപ് സംഗീതമാക്കി അവതരിപ്പിച്ച ഫെജോയുടെ പാട്ടുകൾ വളരെപ്പെട്ടെന്ന് വൈറലായി. മറഡോണയുടെ സംഗീത സംവിധായകൻ സുശിൻ ശ്യാം ഫെജോയെ സിനിമയിലേക്കു വിളിക്കുന്നത് യൂട്യൂബ് വിഡിയോകൾ കണ്ടിട്ടാണ്. അപരാധപ്പങ്ക എന്ന മറഡോണയിലെ റാപ് വൻ ഹിറ്റായി. അതിനുശേഷം രണം എന്ന സിനിമയിൽ റാപ് മ്യൂസിക് ചെയ്തു. അതിരനാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി നായകനാകുന്ന അണ്ടർ വേൾഡ്, അഷ്കർ അലി നായകനാകുന്ന ജിംബൂംബാ എന്നീ ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

 

 റാപ്പിലേക്കുള്ള വഴി

തമിഴ്, മലയാളം, ഹിന്ദി സിനിമാഗാനങ്ങൾ കേൾക്കുകയായിരുന്നു ഹോബി. പിന്നീടാണ് ഇംഗ്ലിഷ് പാട്ടുകൾ കേട്ടുതുടങ്ങിയത്. സിനിമാഗാനങ്ങൾക്കപ്പുറത്തേക്കുള്ള സംഗീതത്തിന്റെ വിവിധ വഴികളെപ്പറ്റി അറിയുന്നത് ഇംഗ്ലിഷ് പാട്ടുകളിലൂടെയാണ്. റാപ്പും ഹിപ്ഹോപ്പുമൊക്കെ വല്ലാതെ ആകർഷിച്ചു. സിഡി പ്ലേയറിലാണ് ആദ്യം പട്ടു കേട്ടിരുന്നത്. ഇംഗ്ലിഷ് റാപ്പുകൾക്കു മലയാളം പാരഡി ചെയ്തായിരുന്നു തുടക്കം. ഇംഗ്ലിഷ് വാക്കുകൾക്കു പകരം മലയാളം വാക്കുകൾ തിരുകിക്കയറ്റി, പാട്ടുണ്ടാക്കി കൂട്ടുകാരെ പാടിക്കേൾപ്പിച്ചു. പിന്നീടു സ്വന്തമായി വരികളെഴുതി. പലരും നല്ല അഭിപ്രായം പറഞ്ഞു. മൊബൈൽ കയ്യിലെത്തിയതോടെ റിക്കോർഡ് ചെയ്യാൻ തുടങ്ങി. റാപ്പിന്റെ കാര്യത്തിൽ മലയാളം അത്ര ഫ്ലെക്സിബിൾ ഭാഷയല്ലെന്നു ഫെജോ പറയുന്നു. പ്രാസമൊപ്പിച്ചു വാക്കുകളെടുക്കാനും പാടുപെട്ടു. എഴുത്തും വായനയും റാപ് എഴുത്തിനെ സഹായിച്ചു. അങ്ങനെ പാട്ടുകൾ ചിട്ടപ്പെടുത്തി, യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു തുടങ്ങി. മലയാളം റാപ് മാതൃകകൾ ഇല്ലാതിരുന്നതിനാൽ തുടക്കത്തിൽ കുറച്ചു കഷ്ടപ്പെട്ടു. ഇപ്പോൾ വരികളെഴുതാതെതന്നെ വാക്കുകൾ തൽസമയം ഫെജോയുടെ നാവിൻതുമ്പിലെത്തും.

ഇതിനിടെ ഹിന്ദി റാപ്പർ റഫ്ത്താറിന്റെ കൂടെ റാപ് ചെയ്യാൻ അവസരം ലഭിച്ചു. വരുൺ ധവാനാണ് ഫെജോയുടെ മലയാളം റാപ് വിഡിയോയിൽ അഭിനയിച്ചത്

.

 ചിന്തകൾ പാട്ടിലേക്ക്

അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകൾ കൂടിയാണ് റാപ്പ്. അവർക്കു പറയാനുള്ള വിഷയങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഉപാധികളിലൊന്ന്. അതുകൊണ്ടു തന്നെ അൽപം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് എപ്പോഴും എടുക്കാറുള്ളത്. യൂട്യൂബിൽ പല കമ്പനികളും പരസ്യത്തിനായി സമീപിച്ചെങ്കിലും ഇതുവരെ ചെയ്തിട്ടില്ല. കമ്പനികൾക്കുവേണ്ടിയും റാപ് ചെയ്തിട്ടില്ല. സിനിമയ്ക്കൊപ്പം മലയാളത്തിന്റെ സ്വതന്ത്ര സംഗീതരംഗത്തെ കുറച്ചുകൂടി ശക്തമാക്കണമെന്ന ആഗ്രഹവും ഫെജോയ്ക്കുണ്ട്. തെരുവിന്റെ കലാകാരൻ എന്ന പുതിയ റാപ് ആൽബം ഉടൻ പുറത്തിറങ്ങും. വൈറ്റില പറമ്പിലോട്ട് ജോസഫിന്റെയും ലിയോനിതയുടെയും മകനാണ് ഫെജോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com