#ബേഡ്ബാത്ത്ചാലഞ്ച് - ടെക്കീസിനു ഇതു വെറുമൊരു ഹാഷ്ടാഗല്ല!

HIGHLIGHTS
  • പക്ഷികൾക്കായി കുടിവെളളമൊരുക്കാൻ തയാറാണോ
  • പക്ഷികളുടെ ആനന്ദത്തിന്റെ സംഗീതമാണ് ഇവിടെ കേൾക്കുന്നത്
techies-in-infopark-set-to-launch-birdbath-challenge
SHARE

കൊടും വേനലിലും ഇൻഫോപാർക്ക് ക്യാംപസിലെത്തി ഒന്നു കാതോർത്താൽ സ്നേഹത്തിന്റെ ചില മൂളിപ്പാട്ടുകൾ കേൾക്കാം. ഒന്നുകൂടി കാതു കൂർപ്പിച്ചാൽ ഗായകരെയും കണ്ടെത്താം. ഇൻഫോപാർക്കിന്റെ വളപ്പിലേക്കു വിരുന്നെത്തുന്ന പക്ഷികളുടെ, സന്തോഷത്തിന്റെ സംഗീതമാണത്. ഈ കൊടുംചൂടിൽ പക്ഷികൾക്കു കുളിക്കാനും കുടിക്കാനും മൺകുടങ്ങളിൽ സ്നേഹം നിറച്ചു വച്ചിരിക്കുകയാണ് ഇവിടത്തെ ടെക്കികൾ. ആ സ്നേഹനീരിൽ മുങ്ങി നിവരുന്ന പക്ഷികളുടെ ആനന്ദത്തിന്റെ സംഗീതമാണ് ഇവിടെ കേൾക്കുന്നത്.

പ്രോഗ്രസീവ് ടെക്കീസ് എന്ന സൗഹൃദക്കൂട്ടായ്മയുടെ ഏറ്റവും പുതിയ പ്രവർത്തനമാണിത്. ബേഡ് ബാത്ത് ചാലഞ്ച് എന്നു പേരിട്ട ഈ നന്മപ്രവർത്തനം ഇൻഫോ പാർക്കിന്റെ വളപ്പിൽ ഒതുക്കിയിട്ടില്ല. അതു രാജ്യം മുഴുവൻ പടർന്നു പന്തലിച്ചിരിക്കുകയാണ്. പക്ഷികൾക്കായി പാത്രങ്ങളിൽ വെള്ളം നിറച്ചു ക്യാംപസിന്റെ വളപ്പിൽ ഒരുക്കിവച്ചിട്ട് ഇതിന്റെ അണിയറപ്രവർത്തകർ സാമൂഹ മാധ്യമങ്ങളിലേക്ക് ഇറങ്ങി. ലോകം മുഴുവനും അവരുടെ സന്ദേശമെത്തിച്ചു. തങ്ങളുടെ സുഹൃത്തുക്കളെ വെല്ലുവിളിച്ചു. പക്ഷികൾക്കായി കുടിവെളളമൊരുക്കാൻ തയാറാണോ എന്നുള്ള വെല്ലുവിളി. കുറഞ്ഞത്  5 പേരെയെങ്കിലും ഓരോരുത്തരും വെല്ലുവിളിച്ചു.

ബേഡ് ബാത്ത് ചാലഞ്ച് എന്ന പേരിൽ ടെക്കികൾ കൊളുത്തിയ തിരി രാജ്യത്തിന്റെ വിവിധ ദിക്കുകളിലേക്കു പടർന്നു. അതോടെ ആയിരങ്ങൾ ഈ സംരംഭം ഏറ്റുപിടിച്ചു. ഓരോരുത്തരും അവരവർ ഒരുക്കിയ മൺപാത്രങ്ങളിൽ പക്ഷികൾ കുളിക്കുന്നതിന്റെയും വെള്ളം കുടിക്കുന്നതിന്റെയും ചിത്രങ്ങളെടുത്ത് അണിയറപ്രവർത്തകർക്ക് അയച്ചു കൊടുത്തു. ഒപ്പം കൂട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്തു. ഇൻഫോ പാർക്കിലെ മൺപാത്രങ്ങളിൽ വെള്ളം നിറയ്ക്കാൻ പ്രത്യേകം വോളണ്ടിയർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്.

ബേഡ് ബാത്ത് ചാലഞ്ചിൽ ഒതുങ്ങുന്നതല്ല പ്രോഗ്രസീവ് ടെക്കീസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ. 

ഓരോ കാലഘട്ടത്തിലും ഏറ്റവും ആവശ്യമായവർക്കു സഹായവും സേവനങ്ങളുമെത്തിക്കാൻ ഇവരുണ്ട്. കേരളത്തിലെ വിവിധ ഐടി പാർക്കുകളിലും കമ്പനികളിലും ജോലി ചെയ്യുന്ന ടെക്കികളായ ചെറുപ്പക്കാരുടെ സംഘടനയാണിത്. അനീഷ് പന്തലാനിയാണു സംസ്ഥാന പ്രസിഡന്റ്. ബാഗിഷ് എം. ബോസാണ് ഇൻഫോപാർക്കിലെ സംഘടനാ പ്രസിഡന്റ്. സെക്രട്ടറി അഭിഷേക് ജേക്കബും മറ്റു പ്രവർത്തകരും ചേർന്നാണു ബേഡ് ബാത്ത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.

∙ കാർത്തുമ്പിക്കുടകൾ

അട്ടപ്പാടിയിലെ നിവാസികൾ നിർമിക്കുന്ന കുടകളാണു കാർത്തുമ്പിക്കുട. നിർമാണം നടത്തുന്നുണ്ടെങ്കിലും മാ‍ർക്കറ്റിങ് തന്ത്രങ്ങളറിയാത്ത ഇവരെ സഹായിക്കാനും പ്രോഗ്രസീവ് ടെക്കീസ് തയാറായി. ഇൻഫോപാർക്കിൽ മാത്രം ഓരോ വർഷവും 3000ൽ അധികം കുടകളാണ് ഇവർ വിൽക്കുന്നത്. 2 വർഷമായി തുടരുന്ന പ്രവർത്തനം ഇനിയും മുന്നോട്ടു തന്നെ.

techies-in-infopark-set-to-launch-birdbath-challenge

∙ റൈസ് ബക്കറ്റ് ചലഞ്ച്

ഓണത്തോടനുബന്ധിച്ചുള്ള പ്രോഗ്രസീവ് ടെക്കികളുടെ പ്രവർത്തനമാണു റൈസ് ബക്കറ്റ് ചാലഞ്ച്. ഇൻഫോ പാർക്കിലെ ഓരോ ബ്ലോക്കിലെയും ഓരോ നിലയിലും ബോക്സുകൾ വയ്ക്കും. അതിലേക്ക് അരിപ്പായ്ക്കറ്റുകൾ കൊണ്ടുവന്നു നിറയ്ക്കാം. 2017 മുതൽ ഈ പ്രവർത്തനം തുടരുന്നു. 5,000 കിലോഗ്രാം അരി വരെ ലഭിക്കുന്നുണ്ട്. തട്ടേക്കാട് ആദിവാസി മേഖലയിലാണ് ആദ്യ വർഷം വിതരണം ചെയ്തത്. 2018ൽ വെള്ളപ്പൊക്ക സമയത്തായിരുന്നു പ്രവർത്തനം. 200 ക്യാംപുകളിൽ അരി വിതരണം ചെയ്തു.

∙ പാഠം ഒന്ന് ഒരു കൈസഹായം

സ്കൂൾ കുട്ടികൾക്കുള്ള പ്രവർത്തനമാണിത്. സ്കൂൾ സാധനങ്ങൾ, ബാഗ്, കുട, ചോറ്റുപാത്രം അങ്ങനെ സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കാവശ്യമായതെല്ലാമുള്ള കിറ്റുകൾ ഒരുക്കും. സർക്കാർ സകൂളുകളിലെ പാവപ്പെട്ട കുട്ടികൾക്ക് ഇവ വിതരണം ചെയ്യും.

∙ രക്തദാനം

രക്തദാനം പ്രോത്സാഹിപ്പിക്കാനും ടെക്കികൾക്കു പ്രത്യേക പദ്ധതികളുണ്ട്. ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് 50 പേർക്കു കാക്കനാട് ഇൻഫോ പാർക്കിൽ നിന്ന് പ്രോഗ്രസീവ് ടെക്കികളുടെ നേതൃത്വത്തിൽ രക്തം നൽകുന്നു.

∙ഹെൽപ്പിങ് ഹാൻഡ്

രോഗികൾക്കു ചികിത്സാ സഹായമെത്തിക്കാനുള്ള പദ്ധതിയാണിത്. പ്രോഗ്രസീവ് ടെക്കീസിലെ 200 പേരടങ്ങുന്ന ഒരു ഗ്രൂപ്പിലെ ഓരോ അംഗവും എല്ലാ മാസവും 100 രൂപ വീതം നൽകും. 20,000 രൂപ ലഭിക്കും. ഇതു പ്രദേശത്തെ രോഗികൾക്കു വേണ്ടിയുള്ളതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA