sections
MORE

12 വർഷങ്ങൾ, മുന്നൂറോളം പാട്ടുകൾ... സംഗീത ലോകത്ത് പിന്നിട്ട വഴികളെക്കുറിച്ച് മൃദുല വാരിയർ

HIGHLIGHTS
  • മലയാളം, തമിഴ്, കന്നട സിനിമകളിലായി മുന്നൂറോളം പാട്ടുകൾ ആലപിച്ചു
  • ലാലീ... ലാലീ....എന്നു തുടങ്ങുന്ന ഗാനം ബ്രേക്കായി
mridula-warrier
SHARE

മലയാള ടെലിവിഷൻ സംഗീത പരിപാടികളിൽ പാട്ടിന്റെ പാലാഴി തീർ‌ത്താണ് കോഴിക്കോട്ടുകാരി മൃദുല വാരിയർ മലയാള ചലച്ചിത്ര പിന്നണി ഗായികയായി മാറിയത്. മെലഡിയും ക്ലാസിക്കലും അടിപൊളി പാട്ടുകളും ഒരു പോലെ വഴങ്ങുന്ന ഈ അനുഗൃഹീത ഗായിക 12 വർഷത്തിനകം മലയാളം, തമിഴ്, കന്നട സിനിമകളിലായി മുന്നൂറോളം പാട്ടുകൾ ആലപിച്ചു കഴിഞ്ഞു. മലയാളത്തിൽ കളിമണ്ണ്, നടൻ, ഇവൻ മേഘരൂപൻ, പട്ടംപോലെ, ഓർമയുണ്ടോ ഈ മുഖം, 100 ഡേയ്സ് ഓഫ് ലൗ തുടങ്ങിയവയാണ് പുറത്തുവന്ന പ്രധാന സിനിമകൾ. മലയാള സിനിമകളിലെ റെക്കോർഡിങ്ങിന്റെ സൗകര്യത്തിനായി ആയുർവേദ ഡോക്ടറായ ഭർത്താവ് അരുൺ ബി. വാരിയരും മകൾ മൈത്രയ്ക്കും ഒപ്പം ആലുവയിൽ താമസിക്കുന്ന മൃദുല വാരിയർ‌, ഉത്സവത്തിൽ പങ്കെടുക്കാനായി നാട്ടിൽ എത്തിയപ്പോൾ തന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ച് ‘യുവ’ യോട് പറയുന്നു.

‘‘പറയത്തക്ക സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ‌ നിന്നു വരുന്ന എന്റെ സംഗീത ജീവിതത്തിലെ പ്രധാന വഴിത്തിരിവ് മലയാള ടെലിവിഷൻ സംഗീത പരിപാടികൾ‌ തന്നെയാണ്. മലയാളത്തിലെ ഒട്ടുമിക്ക ടിവി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. അവിടെ വിധികർത്താക്കളായെത്തിയ സംഗീതജ്ഞരിൽ നിന്നും ടിവി പ്രേക്ഷകരിൽ നിന്നും ലഭിച്ച പ്രോത്സാഹനമാണ് എന്നെ സംഗീത വഴിയിൽ പിടിച്ചു നിർത്തിയത്. എൻജിനീയറിങ് പഠനം കഴിഞ്ഞിട്ടും ആ വഴിയേ പോകാതെ സംഗീതവഴി തിരഞ്ഞെടുക്കാൻ പ്രേരണയായതും ടെലിവിഷൻ സംഗീത പരിപാടികളിൽ പങ്കെടുത്തപ്പോൾ ലഭിച്ച പ്രേക്ഷക പ്രീതിയും പ്രോത്സാഹനവും തന്നെയാണ്.

മുക്കം കെഎംസിടി എൻജിനീയറിങ് കോളജിൽ‌ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ കോഴ്സിനു ചേർന്നപ്പോഴേക്കും ടിവി സംഗീത പരിപാടികളിലൂടെ ചെറിയതോതിൽ അറിയപ്പെട്ടു തുടങ്ങിയിരുന്നു. ആ സമയത്ത് ഗോൾ എന്ന സിനിമയിൽ പാടി അഭിനയിക്കുക കൂടി ചെയ്തതോടെ ക്യാംപസിൽ  ‘സിൽമ’ നടിയായി. പാലാ സി.കെ. രാമചന്ദ്രനും കാവുംവട്ടം വാസുദേവനുമായിരുന്നു ആദ്യകാല സംഗീത ഗുരുക്കൻമാർ.ടിവി സംഗീത പരിപാടിയിൽ‌ വിധികർത്താവായെത്തിയ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫാണ് ആദ്യമായി സിനിമയിൽ പാടാൻ അവസരം തന്നത്. അങ്ങനെയാണ് ബിഗ് ബി യിൽ പാടുന്നത്. തുടർന്ന് സംഗീത സംവിധായകരായ എം.ജയചന്ദ്രൻ, ഗോപിസുന്ദർ, വിദ്യാസാഗർ, ഔസേപ്പച്ചൻ, ബിജിബാൽ, ഷാൻ റഹ്മാൻ, വിനു തോമസ്, അഫ്സൽ യൂസഫ്, ഗോവിന്ദ് മേനോൻ എന്നിവരുടെയെല്ലാം സംഗീത സംവിധാനത്തിനു കീഴിൽ മനോഹരമായ ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞു.

വഴി തിരിച്ച് ലാലീ, ലാലീ..

ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയ്ക്കു വേണ്ടി ഒ.എൻ‌.വി. കുറുപ്പ് രചിച്ച് എം.ജയചന്ദ്രൻ സംഗീതം നൽകിയ ലാലീ... ലാലീ....എന്നു തുടങ്ങുന്ന ഗാനമാണ് പാട്ടിന്റെ വഴിയിൽ എനിക്ക് ബ്രേക്കായത്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ സ്പെഷൽ പുരസ്കാരം, വനിത അവാർഡ് തുടങ്ങിയവയും ലഭിച്ചു. അതുപോലെ തന്നെ വിശുദ്ധനിലെ ഒരു മെഴുതിരിയുടെ.... എന്നു തുടങ്ങുന്ന ഗാനവും പട്ടംപോലെ എന്ന ചിത്രത്തിലെ മഴയേ തൂമഴയേ എന്നു തുടങ്ങുന്ന ഗാനവും വിദേശത്തെ സംഗീത മേളകളിലെല്ലാം സംഗീത പ്രേമികൾ വീണ്ടും വീണ്ടും ആവശ്യപ്പെടുന്ന പാട്ടുകളാണ്.

പിന്നെ മറ്റൊരു വിശേഷം മലയാളത്തിലെ അതിമനോഹരമായ 2 മെലഡികളുടെ കവർ സോങ് ഈയിടെ എനിക്ക് ആലപിക്കാനായെന്നതാണ്. നീലക്കടമ്പ് എന്ന സിനിമയ്ക്കു വേണ്ടി കെ.ജയകുമാർ രചിച്ച് കെ.രവീന്ദ്രൻ ഈണം നൽകിയ നീലക്കുറിഞ്ഞികൾ......... എന്നു തുടങ്ങുന്ന ഗാനവും മേഘമൽഹാർ എന്ന സിനിമയ്ക്കു വേണ്ടി ഒ.എൻ.വി കുറുപ്പ് രചിച്ച് രമേശ് നാരായണൻ ഈണം നൽകിയ ഒരു നറുപുഷ്പമായ്...... എന്നു തുടങ്ങുന്ന ഗാനവും പുതിയകാലത്തെ സംഗീത പ്രേമികളും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഞാൻ.

തിയറ്ററിലെത്താനിരിക്കുന്ന ഒട്ടേറെ സിനിമകളിലും എന്റെ പാട്ടുണ്ട്. സംഗീതവഴിയുടെ തുടക്കത്തിൽ മാതാപിതാക്കളായ പി.വി.രാമൻകുട്ടി വാരിയരും എം.ടി.വിജയലക്ഷ്മിയും സഹോദരൻ ജയദീപ് വാരിയരും നൽകിയ പിന്തുണയും പ്രോത്സാഹനവും ഇപ്പോൾ ഭർത്താവ് ഡോ. അരുൺ ബി. വാരിയരിൽ നിന്നും ലഭിക്കുന്നുവെന്നതാണ് എന്റെ സംഗീതവഴിയിലെ ഭാഗ്യം’’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA