അവന്തികയും ഷാനയുമെത്തി, വരവേറ്റ് സിഎംഎസ്; ഇത് ചരിത്രം

HIGHLIGHTS
  • പൂക്കൾ നൽകി സിഎംഎസ് അവരെ സ്വീകരിച്ചു
avanthika-and-shana-first-transgender-students-in-cms-kottayam
പുതിയ ചുവടുകൾ... ട്രാൻസ്ജെൻഡർ വിദ്യാർഥികളായ ഷാന നവാസും, അവന്തികയും ആദ്യദിനത്തിൽ കോട്ടയം സിഎംഎസ് കോളജിലേക്ക് എത്തുന്നു.∙ മനോരമ
SHARE

പൂക്കൾ നൽകി സിഎംഎസ് അവരെ സ്വീകരിച്ചു. നിറഞ്ഞ സന്തോഷത്തിൽ കലാലയ മുറ്റത്തെത്തിയ അവർ ക്യാംപസിലെ വിദ്യാർഥികളുടെ ഭാഗമായി. കോട്ടയം സിഎംഎസ് കോളജിൽ ആദ്യമായി 2 ട്രാൻസ്ജെൻഡർ വിദ്യാർഥികൾ പഠിക്കാനെത്തി. ബിഎ ഇക്കണോമിക്‌സ് കോഴ്സിൽ ചേരാൻ എത്തിയ ഷാനയും ബിഎ ഹിസ്റ്ററിയിൽ എത്തിയ അവന്തികയുമാണ് ആ വിദ്യാർഥികൾ.

‘സ്വന്തം ഐഡന്റിറ്റി ഉപയോഗിച്ചു സിഎംഎസ് കോളജിൽ പഠിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം നൽകുന്നു. അധ്യാപകരും സഹപാഠികളും സന്തോഷത്തോടെ സ്വീകരിച്ചു’– അവന്തിക പറഞ്ഞു.

‘സിഎംഎസ് കോളജിനു മുന്നിലൂടെ പലവട്ടം യാത്ര ചെയ്തപ്പോഴും ഒരു സ്ത്രീയായി ഇവിടെ പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആഗ്രഹം സഫലമായതിന് ഏറെ നന്ദി’– ഷാനയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു. ഉറ്റ സുഹൃത്ത് ഏറ്റുമാനൂർ കൈപ്പുഴ സ്വദേശി അനഘ, ഡോ. സജിനി, ഡോ. കാർത്തിക എസ്.നായർ എന്നിവരാണു തുടർന്ന് പഠനത്തിനുള്ള പിന്തുണ നൽകിയതെന്നു ഷാന പറഞ്ഞു. സുഹൃത്തുക്കളും പങ്കാളി വിഷ്ണുവും സഹായിച്ചപ്പോഴാണ് 5 വർഷമായി മുടങ്ങിയ പഠനം തുടരാൻ അവന്തിക തീരുമാനിച്ചത്.

പുലർച്ചെ കൊച്ചിയിൽ നിന്നു പുറപ്പെട്ട ഇരുവരും 10 മണിയോടെ കോളജിലെത്തി. ഇവിടേക്ക് എത്തുന്നതിനു മുൻപ് ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷേ, കോളജിലെ അന്തരീക്ഷം ഏറെ സന്തോഷം നൽകുന്നതായി ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. 

കോളജ് അധികൃതരുടെ ഭാഗത്തു നിന്നു പിന്തുണ ലഭിച്ചതായും ഇരുവരും പറയുന്നു. പ്രത്യേക ശുചിമുറി സൗകര്യം ഒരുക്കി. ഒപ്പം സൗജന്യ ഉച്ചഭക്ഷണവും കോളജിൽ നിന്ന് ക്രമീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു ക്ലാസ് അവസാനിച്ചതിനെ തുടർന്ന് ഇരുവരും താമസ സ്ഥലത്തേക്കു മടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ