കളിക്കാൻ മാത്രമല്ല, വേണമെങ്കിൽ കളി പഠിപ്പിക്കാനും റെഡി! ഇരിങ്ങാലക്കുട ക്രൈസ്‍റ്റ് കോളജിലെ ഫിസിക്കൽ എജ്യൂക്കേഷൻ രണ്ടാം വർഷ ബിരുദ വിദ്യാർഥി ആൽബിൻ വിജുവാണു പറയുന്നത്. അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ കോച്ചിങ്ങിനുള്ള ഡി ലൈസൻസ് നേടി പ്രായം കുറഞ്ഞ പരിശീലകനെന്ന നേട്ടത്തിനുടമയാകുകയാണ് ആൽബിൻ. കൊച്ചിൻ പ്രീമിയർ ലീഗിനു തന്റെ ടീമിനെ നയിച്ചെത്തുകയാണ് ഈ മിടുക്കൻ. ഫെഡറേഷന്റെ 23 പേർ പങ്കെടുത്ത പരിശീലന കോഴ്‍സിൽ ഒന്നാമനാണ് ആൽബിൻ.
കൊച്ചിൻ പ്രീമിയർ ലീഗിനു യോഗ്യത നേടിയ എറണാകുളം ബൈസന്റൈൻ ക്ലബ് ക്യാപ്‍റ്റനായ ആൽബിൻ കഴിഞ്ഞ 5 വർഷമായി കളിക്കളത്തിൽ സജീവമാണ്. വെണ്ണിക്കുളം സെന്റ് ജോർജ് ഹൈസ്‍കൂൾ വിദ്യാർഥിയായിരിക്കെ പതിനാലാം വയസിൽ ഉപജില്ലയിൽ മിന്നുന്ന പ്രകടനം നടത്തിയാണ് ഈ രംഗത്തു ചുവടുറപ്പിച്ചത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്‍സിൽ പ്ലസ്ടു പഠിക്കുമ്പോൾ ബൈസന്റൈൻ സീനിയർ ടീം ക്യാപ്‍റ്റനായി. പ്രതിരോധ നിരയിൽ നിന്നു മധ്യനിരയിലേക്കു കയറിക്കളിച്ച ആൽബിൻ പല മത്സരങ്ങളിലും ഗോളടിച്ചു ടീമിന്റെ വിജയശിൽപിയായി. അർപ്പണ മനോഭാവമാണ‍് ആൽബിന്റെ നേട്ടങ്ങൾക്കു പിന്നിലുള്ളതെന്നു ക്ലബിന്റെ മുഖ്യ സംഘാടകൻ പി.ഒ. ജോബിൻ പറയുന്നു. ദിവസവും 4 മണിക്കൂർ ഫുട്‍ബോൾ പരിശീലനം നടത്തുന്നുണ്ട്. പ്രധാന മത്സരങ്ങൾ വിഡിയോയിൽ പകർത്തും. രാത്രി കംപ്യൂട്ടറിൽ അതു കാണും. കുറവുകൾ പരിഹരിച്ചാകും അടുത്ത കളി. പരിശീലനത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചതു കൂടുതൽ ആധികാരികതയോടെ കളിയിൽ മുന്നേറാൻ സഹായിക്കുമെന്നാണാണ് ആൽബിന്റെ വിശ്വാസം. കരിമുകൾ വേളൂർ കഴംകോട്ടയിൽ വിജുമോന്റെയും സിനിയുടെയും മകനാണ്.