ADVERTISEMENT

26 ദിവസം, 9028 കിലോമീറ്റർ, 12 സംസ്ഥാനങ്ങൾ, നാല്‍പതിലേറെ വിനോദസഞ്ചാര സ്ഥലങ്ങൾ... കോഴിക്കോട്ടുനിന്ന് കശ്മീരിലേക്ക് ഒറ്റയ്ക്കു നടത്തിയ സ്വപ്ന യാത്രയെക്കുറിച്ച് വാണിമേൽ സ്വദേശി കെ.സി.അബ്ദുസമദ്.

കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസമാണു ദോഹയിൽനിന്നു കുടുംബത്തോടൊപ്പം ഒരു മാസത്തെ ലീവിനു നാട്ടിലെത്തിയത്. വർഷങ്ങളായി കണ്ട സ്വപ്നം, മാസങ്ങളായുള്ള തയാറെടുപ്പ്... യാത്രയ്ക്കൊരുങ്ങിത്തന്നെയായിരുന്നു ഇത്തവണത്തെ വരവ്. 11ന് പുലർച്ചെ 4ന് തണ്ടർ ബേ‍ഡ് 350 എക്സ് ബുള്ളറ്റ് വാണിമേൽനിന്നു യാത്ര തുടങ്ങി; ഇന്ത്യയുടെ അറ്റത്തേക്ക്.

പുറപ്പെട്ടത് ഒറ്റയ്ക്കാണെങ്കിലും 26 ദിവസവും മറക്കാനാകാത്ത അനുഭവങ്ങൾ കൂട്ടിനുണ്ടായിരുന്നു. മൂന്നാം ദിവസം തന്നെ ‘പണി പാളിയോ’ എന്നു സംശയിച്ച അനുഭവമുണ്ടായി. പുനെയിൽനിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വഴി തെറ്റി രാത്രി 10നു ശേഷം എത്തിപ്പെട്ടത് അതിവിജനമായ ഒരു റോഡിൽ. നെറ്റ്‌വർക്ക് നഷ്ടപ്പെട്ടതോടെ ഗൂഗിൾ മാപ്പ് ഉറങ്ങി. വഴി ചോദിക്കാൻ ആരെയെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ കൂരിരുട്ടിൽ കിലോമീറ്ററുകൾ മുന്നോട്ട്. ഒടുവിലൊരാളെ കണ്ടപ്പോൾ ദൂരെയേതോ ദിക്കിലേക്കു കൈചൂണ്ടി. വണ്ടി തിരിച്ച് രണ്ടും കൽപിച്ച് ആ വഴി പോയി; പിറ്റേന്നു രാവിലെ പൻവേലിലെത്തിയപ്പോഴാണു ശ്വാസം നേരെ വീണത്. അന്ന് കോരിച്ചൊരിയുന്ന മഴയത്ത് മുംബൈ നഗരം ചുറ്റിക്കണ്ടു.

solo-trip-1

പിറ്റേന്ന് ഗുജറാത്തിലെ സൂറത്തിലെത്തി സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാനുള്ള യാത്രയ്ക്കൊരുങ്ങുമ്പോൾ മുന്നിലൊരു മലയാളി സംഘം! ആറു പേരുണ്ട്. പട്ടേൽ പ്രതിമ കാണാൻ അവർക്കൊപ്പം കൂടി. ലക്ഷ്യം ഒന്നാണെങ്കിലും മാർഗം വേറെയായിരുന്നു. അവർ ജയ്പൂർ–അജ്മേൽ വഴിക്കും ഞാൻ അഹമ്മദാബാദിലേക്കും കൈകൊടുത്തു പിരിഞ്ഞു.

കൊടും ചൂടിലായിരുന്നു ജയ്സൽമീറിൽനിന്നുള്ള യാത്ര. മരുഭൂമിയോടു ചേർന്ന പ്രദേശം. അര മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യാനാകാത്ത അവസ്ഥ. രണ്ടു ദിവസം മുൻപു വെറുപ്പിച്ചു കളഞ്ഞ മഴ ചെറുതായെങ്കിലും ഒന്നു ചാറിയെങ്കിലെന്ന് ആശിച്ചുപോയി. പഞ്ചാബിലെത്തുംവരെ ഒരു കുപ്പി വെള്ളത്തിൽ ഗ്ലൂക്കോസ് പൗഡർ കലക്കി കുടിച്ചുകൊണ്ടേയിരുന്നു. വാഗാ അതിർത്തിയിലെ ഫ്ലാഗ് സെറിമണി കാണാൻ കാത്തുനിൽക്കുമ്പോൾ അതാ വരുന്നു, പട്ടേൽ പ്രതിമയ്ക്കു മുന്നിൽ കൈകൊടുത്തു പിരിഞ്ഞ മലയാളി സംഘം.

കശ്മീർ അതിർത്തിയിലെത്തിയപ്പോൾ പുതിയ സിംകാർഡ് എടുത്തു. നേരെ ഉദ്ധംപുരിലേക്ക്. കശ്മീരിലെ തനത് ആട്ടിൻ സൂപ്പും കബാബും, എന്താ രുചി...! രാത്രിയായപ്പോൾ തുടരെ വെടിയൊച്ചകൾ കേട്ടുതുടങ്ങി; ഒപ്പം ഹെലികോപ്റ്ററുകൾ വട്ടംചുറ്റുന്ന ശബ്ദവും. ഭീതി മൂലം ഉറങ്ങാൻ കഴിഞ്ഞില്ല. എന്താണു സംഭവമെന്നറിയാൻ ഹോട്ടൽ ജീവനക്കാരെ വിളിച്ചു. സൈന്യത്തിന്റെ പരിശീലനമാണെന്നും ഇതിവിടെ പതിവാണെന്നും അറിഞ്ഞപ്പോഴാണു ശ്വാസം നേരെ വീണത്.

കണ്ടു മതിയാകാത്ത കശ്മീർ കാഴ്ചകളുടേതായിരുന്നു തുടർന്നുള്ള ദിവസങ്ങൾ. ദാൽ തടാകം, ഗുൽബർഗിലേക്കുള്ള ശിക്കാർ സഫാരി, സോസില പാസ്, കാർഗിൽ... എല്ലാം കണ്ടു 15ാം ദിവസം ലെ ലഡാക്കിൽ. കശ്മീരിൽനിന്നു ലഡാക്കിലേക്ക് 200 കിലോമീറ്ററാണു ദൂരം. ഞാൻ എത്തിയത് 10 മണിക്കൂർ കൊണ്ട് – വഴിയിലുടനീളമുള്ള മനോഹര കാഴ്ചകൾ പിടിച്ചുനിർത്തിക്കളയും.

ബൈക്കർമാരുടെ സ്വപ്നഭൂമിയായ, മഞ്ഞുപെയ്യുന്ന കർദുംല പാസിലെത്തിയത് 17–ാം ദിവസമാണ്. ലോകത്ത് വാഹനത്തിലെത്താവുന്ന രണ്ടാമത്തെ ഉയരംകൂടിയ റോഡാണത്. സഞ്ചാരികൾക്ക് പോകാനാകുന്ന അവസാനത്തെ ഗ്രാമമായ തുർദുക്കിൽ എത്തിയപ്പോൾ വൈകുന്നേരമായി. അതിമനോഹരമാണ് ആപ്പിൾമരങ്ങൾ നിറഞ്ഞ തുർദുക്ക്; അവിടുത്തെ ആളുകളും. 

രാത്രി 7നു ശേഷമായിരുന്നു മടക്കം. വളഞ്ഞുപുളഞ്ഞ ഇടുങ്ങിയ വഴി, ഒരു വശത്തു കുന്നും മറുവശത്തു കൊക്കയും, മഞ്ഞു മൂടിയ പ്രദേശത്തു ജീവന്റെ കണികപോലുമില്ല, ഒപ്പം കൂരിരുട്ടും. തണുപ്പു ശരീരത്തെയും ഭയം മനസ്സിനെയും വിറങ്ങലിപ്പിച്ചു. ഇടയ്ക്ക് ലഗേജ് കെട്ടഴിഞ്ഞു സൈലൻസറിലുരസി ചെറുതായി കത്തി. ഇറങ്ങിനോക്കാൻ പോലും ധൈര്യമില്ലായിരുന്നു. 10 മണി കഴിഞ്ഞപ്പോഴാണ് ഒരു കൊച്ചു ടൗണിലെത്തിയത്.

മണാലിയിലേക്കുള്ള യാത്ര മൈനസ് 2 ഡിഗ്രി തണുപ്പിലായിരുന്നു. മുൻപു പോയിട്ടുള്ളതിനാൽ അവിടെ പുതിയ കാഴ്ചകളില്ല; പക്ഷേ, ഒരാളെ കാണണം. മലയാളികളുടെ പ്രിയപ്പെട്ട, മണാലിയിലെ ജിന്ന് ഡോ. ബാബു സാഗറിനെ. ആപ്പിൾ തോട്ടത്തിനുള്ളിലൂടെ കയറിച്ചെല്ലുമ്പോൾ വീടിനു മുന്നിൽ കാണാം ആ ബോർഡ്: ‘കേറി വാടാ മക്കളേ’. മലയാളി റൈഡർമാർക്ക് മണാലിയിൽ എപ്പോൾ ചെന്നാലും താമസിക്കാനുള്ള ഇടമാണ് ബാബുക്കയുടെ വീട്. ‌മടക്കയാത്രയുടെ തുടക്കം ആ വീട്ടിൽനിന്ന്. സിംല–ചണ്ഡിഗഡ് വഴി ഡൽഹിയിലെത്തി. ആഗ്രയിലേക്കുള്ള യാത്രയിൽ രാജസ്ഥാനിലെയത്ര ചൂടില്ലെങ്കിലും ഹ്യുമിഡിറ്റി കൂടുതലാണ്. ഗ്ലൂക്കോസ് വെള്ളം വീണ്ടും സഹായിച്ചു. ഉത്തർ പ്രദേശ്, മധ്യപ്രദേശ് വഴി ഹൈദരാബാദിലേക്കാണിനി. നാഗ്‌പുരിൽ ബുള്ളറ്റിന് രണ്ടാം സർവീസ്. ഹൈദരാബാദ് ചുറ്റിക്കണ്ടശേഷം ബെംഗളൂരു, കോഴിക്കോട് വഴി 26–ാം ദിവസം വാണിമേലിലെ വീട്ടിലെത്തുമ്പോൾ സ്വർഗം കീഴടക്കിവന്ന സന്തോഷം.

solo-trip-3

ചായക്കോപ്പയിലെ സ്നേഹം

പഞ്ചാബിലെ ഗ്രാമീണ മേഖലയിലൂടെയുള്ള യാത്രയായിരുന്നു ഏറ്റവും സുന്ദരം. ഉള്ളി കർഷകരെ കണ്ടു കൗതുകത്തിനു വണ്ടി നിർത്തിയതാണ്. ഫോട്ടോ എടുക്കാൻ സന്തോഷപൂർവം നിന്നുതന്ന ശേഷം അവർ അടുത്തുവന്ന് ഗ്ലൗസിലും ക്യാമറയിലും ഹെൽമറ്റിലുമൊക്കെ അത്ഭുതത്തോടെ തൊട്ടുനോക്കി. നിർബന്ധിച്ചു വീട്ടിൽ കൊണ്ടുപോയി ചായ തന്നു. ഗ്രാമീണ കർഷകരുടെ സ്നേഹം തൊട്ടറിഞ്ഞ അനുഭവം. ആ ചായയുടെ ഊർജത്തിലാകണം, അന്ന് 500 കിലോമീറ്ററിലധികം യാത്രചെയ്തു. സ്ഥിരതയില്ലാത്ത കാലാവസ്ഥ. മഴ, പൊടിക്കാറ്റ്, ചൂടുകാറ്റ്, തണുപ്പ് എല്ലാം മാറിമാറി നേരിട്ട ആ യാത്രയ്ക്കൊടുവിൽ പഞ്ചാബ് അതിർത്തിയിൽ തങ്ങി. പിറ്റേന്ന് അമൃത്‌സറിൽ ബുള്ളറ്റിന് ആദ്യ സർവീസ്. ആ സമയംകൊണ്ട് നഗരത്തിൽ ചെറിയ കറക്കം. പിന്നെ നേരെ വാഗാ അതിർത്തിയിലേക്ക്. 

ചെറിയ കളിയല്ല

യാത്രയ്ക്കുള്ള തയാറെടുപ്പ് 3 മാസം മുൻപു തുടങ്ങി. നാലു കാര്യങ്ങളാണു പ്രധാനം.

പ്ലാനിങ്: യാത്ര ചെയ്യേണ്ട വഴികൾ, ഓരോ ദിവസവും സന്ദർശിക്കേണ്ട സ്ഥലങ്ങൾ, ദൂരം എല്ലാം എഴുതി രൂപരേഖ തയാറാക്കി. സോളോ ഡ്രൈവർമാരുടെ യൂട്യൂബ് വിഡിയോകൾ കണ്ടും സമൂഹ മാധ്യമങ്ങളിലെ യാത്രാ ഗ്രൂപ്പുകളിലും ഇന്റർനെറ്റിലും കിട്ടിയ വിവരങ്ങളുപയോഗിച്ചും നോട്ടുകൾ തയാറാക്കി.

ലിസ്റ്റിങ്: കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി. കുറച്ച് ഖത്തറിൽനിന്നും കുറച്ച് നാട്ടിൽ വന്നും ശേഷിച്ചവ ഓൺലൈനിലും വാങ്ങി. ബുള്ളറ്റിന്റെ പഞ്ചർ കിറ്റ്, പമ്പ്, കേബിളുകൾ തുടങ്ങിയവയും ചോക്കലേറ്റുകളും ബിസ്കറ്റുകളും ചെറിയൊരു ഓക്സിജൻ സിലിണ്ടറും അവശ്യ മരുന്നുകളും കരുതി. ഒപ്പം രേഖകളുടെയെല്ലാം കോപ്പികളും.

ഫിറ്റ്നസ്: മൂന്നുമാസം കഠിനമായി വർക്കൗട്ട് ചെയ്തു ശരീരത്തെ യാത്രയ്ക്ക് തയാറാക്കി.

കരുതൽ: എത്തേണ്ട ഓരോ സ്ഥലത്തെക്കുറിച്ചും നന്നായി പഠിച്ചു. എമർജൻസി കോണ്ടാക്ട് എന്ന പേരിൽ 3 നമ്പറുകൾ ഹെൽമറ്റിലും 4 നമ്പറുകൾ പഴ്സിലും ഒട്ടിച്ചു. യാത്ര തുടങ്ങിയതു മുതൽ ദിവസവും രണ്ടു നേരം ഭാര്യ ഹസ്രത്തിനെയും മൂന്നു സുഹൃത്തുക്കളെയും വിളിച്ച് വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com