അസമിലേക്ക് എത്തുന്നു, ഒരു ബോഗി സ്നേഹം

goods-for-assam-flood
അസമിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള സാധനങ്ങൾ തരംതിരിച്ചു പായ്ക്ക് ചെയ്യുന്ന വിദ്യാർഥികൾ.
SHARE

വെള്ളിയാഴ്ച അസമിലെ ദിബ്രുഗഡിനുള്ള വിവേക് എക്സ്പ്രസിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു കൂത്താട്ടുകുളം പിറമാടം ബസേലിയോസ് പൗലോസ് സെക്കൻഡ്സ് (ബിപിഎസ്) ആർട്സ് ആൻഡ് സയൻസ് കോളജിലെ 3 വിദ്യാർഥികളും ഒരു അധ്യാപകനുമടങ്ങുന്ന സംഘം യാത്ര തിരിക്കും. ഒരു ബോഗി നിറയെ സ്നേഹവും കരുതലും നിറച്ചാണ് ഇവരുടെ യാത്ര.

പ്രളയം, വലിയ ദുരിതം വിതച്ച അസമിനുള്ള ഒരു നാടിന്റെ സഹായങ്ങൾ സമാഹരിച്ചുള്ള യാത്ര. ബിപിഎസ് കോളജിലെ നാഷനൽ സർവീസ് സ്കീമാണ് അസമിലെ പ്രളയബാധിതർക്കു സഹായമെത്തിക്കുന്നതിനു നേതൃത്വം നൽകുന്നത്. എൻഎസ്എസ് സംസ്ഥാന, റീജനൽ ഡയറക്ടറേറ്റുകളുടെ അകമഴിഞ്ഞ പിന്തുണയും ഇവർക്കുണ്ട്. 

കോളജിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും എത്തിച്ച സാമഗ്രികളിൽ ഒതുങ്ങിയില്ല, ഈ ഉദ്യമം. കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ, കോലഞ്ചേരി, മുളന്തുരുത്തി, എറണാകുളം മേഖലകളിലെ എഴുപതോളം സ്കൂളുകളും ദൗത്യത്തിൽ കൈകോർത്തു.

പ്രിൻസിപ്പൽ ടിന്റു തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ജോബിൻ ജോർജ്, എയ്ഞ്ചൽ പൗലോസ്, വകുപ്പു മേധാവികളായ ഒ.വി. സിനോജ്, സഞ്ജു പി. ജോയി എന്നിവർ ആശയപ്രചാരണത്തിനു വിദ്യാർഥികൾക്കൊപ്പം മുന്നിട്ടിറങ്ങി. കുട്ടികൾ ശേഖരിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, സോപ്പ്, നാപ്കിനുകൾ, മെഴുകുതിരി, പേസ്റ്റ്, ഡിറ്റർജെന്റ് തുടങ്ങിയ അവശ്യ സാധനങ്ങൾ സമാഹരിക്കാൻ കോളജിലെ വിദ്യാർഥികൾ സ്കൂളുകളിൽ നേരിട്ടെത്തി. 

4 ടണ്ണോളം വരുന്ന സാധനങ്ങൾകൊണ്ടു കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ മുറി നിറഞ്ഞു കവിഞ്ഞു. കുന്നോളം ഉയരത്തിൽ നിറഞ്ഞ സാധനങ്ങൾ തരംതിരിച്ചു പായ്ക്ക് ചെയ്യുകയെന്ന ശ്രമകരമായ ജോലിയിലാണു നൂറോളം വിദ്യാർഥികൾ. ഒരാഴ്ചയിലേറെയായി ഇവർ ഈ ജോലി തുടങ്ങിയിട്ട്. 

പഠനത്തിനിടയിലും രാവിലെയും വൈകിട്ടും സമയം കണ്ടെത്തിയാണു സാധനങ്ങൾ പായ്ക്ക് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇതേസമയം കേരളം അനുഭവിച്ച പ്രളയ ദുരിതത്തിന്റെ ഓർമ ഇവരുടെ ജോലികളുടെ മടുപ്പകറ്റുന്നുണ്ട്. പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവരുടെ അടുത്തേക്ക് എത്രയും വേഗം ഓടിയെത്തേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുണ്ട്. 

ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ അവധി ദിവസങ്ങളും പ്രവൃത്തി ദിവസങ്ങളാക്കിയാണു വൊളന്റിയർമാരുടെയും അധ്യാപകരുടെയും സേവനം.

പ്രോഗ്രാം ഓഫിസർ ജോബിൻ ജോർജ്, വൊളന്റിയർ സെക്രട്ടറി എബിൻ എൽദോസ്, വൊളന്റിയർമാരായ രാജസ് ദിനമണി, അഭിഷേക് അനൂപ് എന്നിവരാണ് അസമിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കു പോകുന്നത്. ഇതിനാവശ്യമായ മാർഗ നിർദേശങ്ങൾ എൻഎസ്എസ് കേരള ഡയറക്ടറേറ്റ് അസമിലെ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടു നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA