ADVERTISEMENT

യുവത്വത്തിന്റെ മുഖമുദ്ര ഫാഷൻ ആണെന്നാണു വയ്പ്. എന്നാൽ കംപാഷനും (അനുകമ്പ) തങ്ങളുടെ ഉള്ളിൽ ആവോളമുണ്ടെന്നു തെളിയിക്കുകയാണു തൃക്കാക്കര ഭാരത മാതാ കോളജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ. അതിനു വഴിമരുന്നിട്ടതാവട്ടെ കടലോളം അനുകമ്പ പ്രളയബാധിതരിലേക്കു ചൊരിഞ്ഞിട്ട എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്ര വ്യാപാരി നൗഷാദ്. പ്രളയവും ഉരുൾപൊട്ടലും തകർത്തെറിഞ്ഞ മേഖലയിലെ ജനങ്ങൾക്കു തുച്ഛമായ വിലയ്ക്കു വസ്ത്രങ്ങൾ ലഭിക്കുന്ന www.comepassionately.com എന്ന ഓൺലൈൻ വിപണിക്കാണു വിദ്യാർഥികൾ തുടക്കമിട്ടത്. വ്യാപാരികളിൽനിന്നു ന്യായമായ വിലയ്ക്കാണു വസ്ത്രങ്ങൾ വാങ്ങുന്നത് എന്നതിനാൽ ഇവർക്കും പദ്ധതി കൈത്താങ്ങാവും.       

ദുരന്തങ്ങൾ വീണ്ടും ആവർത്തിച്ചപ്പോഴാണു സഹജീവികളെ സഹായിക്കാൻ എന്തു ചെയ്യാനാവുമെന്ന ചർച്ചകൾക്കു കലാലയം വേദിയായത്.  ദുരിതബാധിതർക്ക് ആവശ്യാനുസരണം വസ്ത്രങ്ങൾ ലഭ്യമാകുന്ന വിധത്തിൽ വെബ്സൈറ്റ് നിർമിച്ച് ഓൺലൈൻ വിപണിയൊരുക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കായിരുന്നു മുൻതൂക്കം. ഈ ആശയം ഏറെക്കുറെ അംഗീകരിക്കപ്പെട്ടപ്പോഴാണു നൗഷാദിന്റെ നൻമ വാർത്തകളിൽ നിറഞ്ഞത്. ഇതോടെ, ഇല്ലായ്മയിലും സഹജീവികളുടെ കണ്ണീരൊപ്പിയ നൗഷാദിനെക്കൂടി സഹായിക്കാനാവുമോ എന്നായി ചിന്ത.

നൗഷാദിന്റെ കടയ്ക്ക് ഓൺലൈൻ വിപണന സൗകര്യം ഒരുക്കിക്കൊടുക്കാമെന്നു തീരുമാനിച്ച വിദ്യാർഥി സംഘം ബ്രോഡ്‌വേയിൽ എത്തി. എന്നാൽ, താൻ മാത്രമല്ല ചെറിയ വിലയ്ക്കു സാധനങ്ങൾ നൽകാൻ മറ്റു വ്യാപാരികളും തയാറാകുമെന്നു നൗഷാദ്  പറഞ്ഞപ്പോൾ അവരെയും  സമീപിച്ചു.   ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് ആവശ്യമുള്ള ഉൽപന്നങ്ങൾ എല്ലാം നൽകാമെന്നു വ്യാപാരികൾ സമ്മതിച്ചതോടെ ഓൺലൈൻ വിപണി ആദ്യ കടമ്പ കടന്നു. പിന്നെ വേണ്ടിയിരുന്നതു സാങ്കേതിക സഹായമാണ്. 

കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന 'സ്ട്രോക്സ് ടെക്നോളജീസ്’ എന്ന സ്റ്റാർട്ടപ് കമ്പനി  സൗജന്യമായി വെബ്‌സൈറ്റ് തയാറാക്കി നൽകി. എല്ലാ സാങ്കേതിക സഹായങ്ങളും നൽകുകയും ചെയ്തു. ഇതോടെ പദ്ധതി പ്രവൃത്തിപഥത്തിലെത്തി.

ദുരിതബാധിത പ്രദേശങ്ങളിൽ ഓണക്കോടി എത്തിക്കലാണു പദ്ധതിയുടെ ആദ്യ ഘട്ടമെന്നു കോളജിലെ ഒന്നാംവർഷ എംഎസ്ഡബ്ല്യു വിദ്യാർഥികളായ അഷിമ ഗോപിനാഥും ഡി. അശ്വിനും പറയുന്നു. 

തുണിത്തരങ്ങളുടെയും സാധനങ്ങളുടെയും ചിത്രങ്ങളും വിലയും വെബ്സൈറ്റിൽ കണ്ട് ഓർഡർ കൊടുക്കാം. പ്രളയ മേഖലയിൽ ഇതു വിതരണം ചെയ്യുന്നതിനു കോളജിന്റെ സന്നദ്ധ സംഘടനയായ 'ബിഫോറി'ന്റെ സഹായവുമുണ്ട്. 

 കോളജ് മാനേജർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തന വിഭാഗം മേധാവി ഡോ. ഷീന രാജൻ ഫിലിപ്, സ്ട്രോക്സ് ടെക്നോളജീസിലെ ടി.ജെ.അൻജിത്ത്, പ്രഫ. ടോണി എം. ടോം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com