ഓണക്കാലത്ത് ഒരു പച്ചക്കറി വിപ്ലവം

cl-abhilash-agriculture-initiative
സി.എൽ അഭിലാഷ് തന്റെ കൃഷിയിടത്തിൽ
SHARE

ഓണമുണ്ണാൻ വിഷരഹിത പച്ചക്കറിതേടി ഓടുകയാണു നാടുമുഴുവൻ. അപ്പോഴാണു പെരുമ്പളം സ്വദേശി സി.എൽ. അഭിലാഷ് വിഷരഹിത പച്ചക്കറിയുടെ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്.

ഓണസദ്യയിലേക്കുള്ള വിഭവങ്ങൾക്കുപോലും ഇതരസംസ്ഥാനങ്ങളെ  ആശ്രയിക്കേണ്ടി വരുമ്പോൾ ഭൂമിയിൽ ഈ ചെറുപ്പക്കാരൻ നേടിയ വിജയത്തിനു പൊന്നിന്റെ നിറം. തരിശുകിടന്ന മണ്ണിൽ മഴയെന്നോ വെയിലെന്നോ ഇല്ലാതെ ഈ യുവാവു വിയർപ്പൊഴുക്കിയതിനു ഫലമുണ്ടായി, വിതച്ചതെല്ലാം പൊന്നായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിളവെടുപ്പ് ഉത്സവമാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു ഉത്സവത്തിനു തിരിതെളിച്ചു.

പതിറ്റാണ്ടുകളായി തരിശു കിടന്ന ഒരേക്കർ ഭൂമിയിലാണ് അഭിലാഷ് വിജയഗാഥ മെനഞ്ഞത്. ഏകദേശം ഒന്നര ലക്ഷം രൂപയാണു കൃഷിക്കു ചെലവായത്. പൂർണമായി ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ചായിരുന്നു കൃഷി. വെണ്ട, വഴുതന, പയർ, പടവലം, പീച്ചിങ്ങ, പച്ചമുളക്, തക്കാളി തുടങ്ങി പച്ചക്കറികളെല്ലാം വിളഞ്ഞിട്ടുണ്ട്. 

വിഷരഹിതമായ പച്ചക്കറി തന്റെ കുടുംബത്തിനും നാട്ടുകാർക്കും എത്തിക്കാനാണു കൃഷിയിലേക്കു തിരിഞ്ഞതെന്ന് അഭിലാഷ് പറയുന്നു. പാരമ്പര്യമായി ചെറിയതോതിൽ കൃഷിയുണ്ട്. അതുകൊണ്ടുതന്നെ കൃഷിയിലേക്കു തിരിയാൻ താൽപര്യമായിരുന്നു. വീട്ടുകാരുടെ കട്ട സപ്പോർട്ടുമുണ്ട്.

ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയിലൂടെ ജലസേചനം ഒരുക്കി. കൃഷി ഓഫിസർ അനു ആർ.നായരുടെയും കൃഷിവകുപ്പിന്റെയും നല്ല പിന്തുണ ഉണ്ടായിരുന്നെന്ന് അഭിലാഷ് പറയുന്നു. 

കൃഷിവകുപ്പു തന്നെയാണു ജൈവ പച്ചക്കറികൾ ഏറ്റെടുത്തിരിക്കുന്നത്. പച്ചക്കറിക്കൃഷി കൂടാതെ പശു, മത്സ്യക്കൃഷി എന്നിവയും അഭിലാഷിനുണ്ട്. അടുത്ത പ്രാവശ്യം രണ്ടര ഏക്കറിലേക്കു കൃഷി വ്യാപിപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് ഈ യുവാവിന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ