കലയാണു ലഹരി; വലിച്ചെറിയുന്ന കുപ്പികൾ ശിൽപങ്ങളാക്കി മഞ്ജുഷ
Mail This Article
വലിച്ചെറിയുന്ന മദ്യക്കുപ്പികൾ മഞ്ജുഷയ്ക്കു വെറും മാലിന്യമല്ല, കലയുടെ ലഹരി പരത്തുന്ന ഉപകരണമാണ്. ഉപയോഗശേഷം വലിച്ചെറിയുന്ന കുപ്പികളിൽ ‘ബോട്ടിൽ ആർട്ട്’ നടത്തി വിസ്മയം തീർക്കുകയാണു തുരുത്തിക്കര ആശാരിപുറത്ത് പി.എം. മഞ്ജുഷ. ചെറുപ്പം മുതൽ ചിത്രരചനയോടു പ്രിയമുള്ള മഞ്ജുഷ 2 മാസം മുൻപാണു ഒഴിവുസമയം ബോട്ടിൽ ആർട്ടിനായി നീക്കിവച്ചു തുടങ്ങിയത്. ഒഴിഞ്ഞ കുപ്പികൾ എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയാണു ബോട്ടിൽ ആർട്ട് എന്ന ആശയത്തിനു പിന്നിലെന്നു മഞ്ജുഷ പറയുന്നു.
ആശയം യുട്യൂബിൽ നിന്ന്
ശാസ്ത്ര സാഹിത്യ പരിഷത്ത്, തുരുത്തിക്കര സയൻസ് സെന്റർ എന്നിവയിലെ പ്രവർത്തകയായ മഞ്ജുഷ മാലിന്യ ശേഖരണ, സംസ്കരണ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിനിടയിൽ വ്യത്യസ്ത ആകൃതിയിലുള്ള കുപ്പികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാസങ്ങൾക്കു മുൻപു യുട്യൂബിൽ കണ്ട ബോട്ടിൽ ആർട് വിഡിയോ ഓർമ വന്നത് അപ്പോൾ. തുടർന്ന് ഇതേക്കുറിച്ചുള്ള കൂടുതൽ വിഡിയോകൾ കാണുകയും വിവരം ശേഖരിക്കുകയും ചെയ്തു. വിഡിയോയിൽ കണ്ട അതേ മാതൃകയിലാണ് ആദ്യ സൃഷ്ടി പൂർത്തീകരിച്ചത്. പരീക്ഷണം വിജയിച്ചതോടെ ആത്മവിശ്വാസം കൂടി. 2 മാസം കൊണ്ട് ഇരുപതോളം കുപ്പികളിലാണു 2 കുട്ടികളുടെ അമ്മകൂടിയായ മഞ്ജുഷ വർണവിസ്മയം തീർത്തത്. പൂർണ പിന്തുണയുമായി ഭർത്താവ് സുരേഷ് ഒപ്പമുണ്ട്.
കുപ്പികളിൽ വിരിയുന്നത് ചരിത്ര വിഷയങ്ങൾ
സാധാരണ കളർ ചായങ്ങളും ഡിസൈനുകളും മാത്രം കണ്ടുവരുന്ന ബോട്ടിൽ ആർട്ടിൽ ചരിത്ര വിഷയങ്ങളാണു മഞ്ജുഷ തീർക്കുന്നത്. പന്തിഭോജനം, ഈജിപ്ഷ്യൻ സിവിലൈസേഷൻ, അയ്യങ്കാളിയും പഞ്ചമിയും, ആഫ്രിക്കൻ ആദിവാസികൾ, ബുദ്ധൻ, നങ്ങേലി എന്നിവയെല്ലാം മഞ്ജുഷയുടെ കുപ്പികളിലുണ്ട്.
ആയുധം കത്തിയും സൂചിയും
ബോട്ടിൽ ആർട്ടിനു വേണ്ട ഉപകരണങ്ങൾ ഒന്നും തന്നെയില്ലാതെയാണു മഞ്ജുഷയുടെ പ്രവർത്തനം. ടൂൾ വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും ചെലവേറുമെന്നതിനാൽ വേണ്ടെന്നു വച്ചു. വീട്ടിലെ കറിക്കത്തിയും തയ്യൽ സൂചിയും ആയുധമാക്കിയാണ് ഇതുവരെയുള്ള സൃഷ്ടികളെല്ലാം. വീട്ടു ജോലി തീർത്ത്, 2 വയസ്സുകാരി ഇളയ മകൾ ഉറങ്ങുന്ന സമയം നോക്കിയാണു ബോട്ടിൽ ആർട്ടിനായി മഞ്ജുഷ സമയം കണ്ടെത്തുന്നത്. കുപ്പികൾ വൃത്തിയാക്കി ചൂടുവെള്ളത്തിൽ തിളപ്പിച്ച് ഉണക്കുന്നതാണ് ആദ്യ ഘട്ടം. തുടർന്നു കുപ്പിക്കു പുറത്ത് ടിഷ്യു പേപ്പർ ഒട്ടിക്കും. ഇതിനുമേൽ മോൾഡിറ്റ് മിശ്രിതം ഉപയോഗിച്ചാണു രൂപങ്ങൾ ഒരുക്കുന്നത്. വേഗം കട്ടയാകുന്ന മിശ്രിതം കത്തിയും സൂചിയും ഉപയോഗിച്ചു രൂപങ്ങളാക്കുന്നതാണ് ഏറെ ശ്രമകരമെന്നു മഞ്ജുഷ പറയുന്നു. തുടർന്നു അക്രിലിക് പെയിന്റ് ചെയ്തു ഭംഗിയാക്കും. 6 മണിക്കൂർ മുതൽ 2 ദിവസം വരെ ഓരോ സൃഷ്ടികളും പൂർത്തിയാക്കാനായി വേണ്ടി വരാറുണ്ട്.