ടെക്നോളജി മേഖലകളിൽ കൂടുതൽ വനിതാസാന്നിധ്യം ഉറപ്പാക്കാൻ പെഹിയ എന്ന സംഘടന സ്ഥാപിച്ച പെൺകുട്ടികൾ രാജ്യാന്തര ടെക്നോളജി ഉച്ചകോടിയിലേക്ക്. പെഹിയ സ്ഥാപകരായ കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിൽ മൂന്നാം വർഷ വിദ്യാർഥി എൻഫ റോസ് ജോർജും ഇടപ്പള്ളി സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ശ്രീപ്രിയ രാധാകൃഷ്ണനുമാണു സ്കോളർഷിപ്പുകൾ നേടിയത്.
കോഡിങ്, പ്രോഗ്രാമിങ് മേഖലയിലേക്കു വനിതകളെ കൊണ്ടുവരുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചവർക്കായി ഗൂഗിൾ, സിഡ്നിയിലെ ഓഫിസിൽ നടത്തിയ ശിൽപശാലയിലാണ് എൻഫ പങ്കെടുത്തത്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ കമ്യൂണിറ്റി മാനേജേഴ്സ് ഹബ് നടത്തുന്ന കമ്യൂണിറ്റി മാനേജേഴ്സ് വാർഷിക സമ്മേളനത്തിലേക്കു മികച്ച കമ്യൂണിറ്റി മാനേജരെന്ന നിലയിലാണു ശ്രീപ്രിയയ്ക്കു ക്ഷണം ലഭിച്ചത്.
വനിതാ ടെക്കികൾക്കായി ഓസ്ട്രേലിയയിലേക്ക്
പെൺകുട്ടികളെ കോഡിങ് പഠിപ്പിക്കാനുള്ള എൻഫയുടെ പരിശ്രമങ്ങളാണ്, വിമൻ ടെക് മേക്കേഴ്സ് പ്രോഗ്രാമിലേക്കു ഗൂഗിൾ പരിഗണിച്ചത്. ഗൂഗിളിന്റെ സിഡ്നിയിലെ ഓഫിസിലാണു ശിൽപശാല നടന്നത്. 5 ദിവസത്തെ പരിപാടിയുടെ മുഴുവൻ ചെലവും ഗൂഗിളാണു വഹിച്ചത്. സാങ്കേതികരംഗത്തെ പ്രമുഖരായ വനിതകളാണു ഗൂഗിൾ ഡബ്ല്യുടിഎം പരിപാടിയിൽ പങ്കെടുക്കുന്നത്. 1000 ഡോളറാണ് ഗൂഗിൾ ഇതിനു നൽകുന്നത്. മികച്ച പ്രോഗ്രാമർ ആയി മാറാനുള്ള പരിശീലനമാണു ഗൂഗിൾ ശിൽപശാലയിലൂടെ നൽകിയതെന്ന് എൻഫ പറയുന്നു. നിർമിത ബുദ്ധിയാണ് എൻഫയുടെ ഇഷ്ടവിഷയം. നിർമിതബുദ്ധിയെ സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുപയോഗിക്കുകയെന്നതാണു എൻഫയുടെ ലക്ഷ്യം.
മികച്ച കമ്യൂണിറ്റി മാനേജർ
മികച്ച ഓൺലൈൻ കമ്യൂണിറ്റി മാനേജർമാർക്കുള്ള ആഗോള ഉച്ചകോടിയിലേക്കാണു ശ്രീപ്രിയ തിരഞ്ഞെടുക്കപ്പെട്ടത്. കമ്യൂണിറ്റി മാനേജേഴ്സ് ഹബ് എന്ന സ്റ്റാർട്ടപ് കമ്പനി നടത്തുന്ന ഉച്ചകോടി, കമ്യൂണിറ്റി മാനേജർമാർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പരിപാടിയാണ്. 700 ഡോളറാണു സ്കോളർഷിപ്പിലൂടെ ലഭിച്ചത്.
ബാക്കി തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ ശ്രീപ്രിയ കണ്ടെത്തി. ഗൂഗിളിനും ഫെയ്സ്ബുക്കിനും വേണ്ടി കമ്യൂണിറ്റികൾ ചെയ്തുകൊടുക്കുന്ന വിദഗ്ധരാണു ശിൽപശാലയിൽ ക്ലാസുകൾ നയിച്ചത്. ഇന്ത്യയിൽ നിന്നു 3 പേർക്കാണ് കലിഫോർണിയയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
പെഹിയ രണ്ടാം വർഷത്തിലേക്ക്
പെഹിയ എന്ന സംഘടന ഇപ്പോൾ രണ്ടാം വർഷത്തിലേക്കു കടക്കുന്നു. കോഡിങ് രംഗത്ത് ലിംഗവിവേചനം ഇല്ലാതാക്കുകയാണു പെഹിയയുടെ ലക്ഷ്യം. ആയിരത്തോളം പേരാണ് അംഗങ്ങളായുള്ളത്. കോഡിങ് ചാലഞ്ച്, ഹാക്കത്തോണുകൾ, ഓൺലൈൻ ലേണിങ് പ്രോഗ്രാം എന്നിവ പതിവായി നടത്താറുണ്ട്.