ആശുപത്രിയിലേക്ക് 800 കിലോ പച്ചക്കറി; സ്നേഹം വിളയിച്ച് വിദ്യാർഥികൾ

HIGHLIGHTS
  • ജൈവപച്ചക്കറി ഉൽപാദിപ്പിച്ചത് ക്യാംപസിൽ
  • 4 മാസം കൊണ്ട് നല്‍കിയത് 800 കിലോഗ്രാം പച്ചക്കറി
800-kg-vegetables-to-hospital-by-al-al-ameen-college-students
ക്യാംപസിൽ ഉൽപാദിപ്പിച്ച ജൈവപച്ചക്കറികളുമായി എടത്തല അൽ അമീൻ കോളജ് വിദ്യാർഥികൾ
SHARE

സ്കൂൾ മുറ്റത്തും കോളജ് പരിസരത്തും വിദ്യാർഥികൾ പച്ചക്കറിക്കൃഷി നടത്തുന്നത് ഇന്നു സാധാരണമാണ്. പക്ഷേ, അവധിക്കാലത്തും പരീക്ഷാക്കാലത്തുമൊക്കെ ആരും തിരിഞ്ഞുനോക്കാതെ കാടുകയറിയോ കരിഞ്ഞോ പോകും ഈ കൃഷികൾ. എന്നാൽ ആലുവ എടത്തല അൽഅമീൻ കോളജിലെ വിദ്യാർഥികൾ കോളജ് പരിസരത്ത് ഒരുക്കുന്ന പച്ചക്കറിത്തോട്ടം അങ്ങനെ, ആരും നോക്കാതെ കരിഞ്ഞുപോകില്ല. കാരണം എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും വേണ്ടിയുള്ളതാണ് കോളജ് തോട്ടത്തിൽ വിരിയുന്ന ഓരോ ഇലയും പൂവും കായും...

അന്നമൂട്ടുന്ന ആരോഗ്യപ്പച്ച

എറണാകുളം ജനറൽ ആശുപത്രി ഊട്ടുപുരയിലേക്ക് എടത്തല അൽഅമീൻ കോളജ് വിദ്യാർഥികൾ 4 മാസത്തിനുള്ളിൽ നൽകിയത് 800 കിലോഗ്രാം ജൈവപച്ചക്കറിയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പോഷകസമൃദ്ധമായ ഭക്ഷണം നൽകുകയെന്ന ഉദ്ദേശ്യത്തോടെ ക്യാംപസിൽ നടപ്പാക്കിയ ആരോഗ്യപ്പച്ച പദ്ധതിയിലാണു സഹോദരസ്നേഹം സമൃദ്ധമായി വിളഞ്ഞത്. കഴിഞ്ഞ ജൂലൈയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ആരോഗ്യപ്പച്ചയ്ക്കു വിത്തു പാകിയത്. ഓഗസ്റ്റ് അവസാന വാരം വിളവെടുപ്പു തുടങ്ങി. പഠനം സിലബസിനു പുറത്തേക്കു വ്യാപിപ്പിക്കാൻ ജൈവജീവിതം ആരോഗ്യ ജീവിതം എന്ന ആശയവുമായി കമ്യൂണിറ്റി എക്സ്റ്റൻഷൻ ക്ലബ്ബിലെ വിദ്യാർഥികൾ മുന്നോട്ടുവന്നപ്പോൾ മാനേജ്മെന്റ്, കോളജ് വളപ്പിൽ ഒരേക്കർ തരിശുഭൂമി വിട്ടുനൽകി. കുട്ടികളുടെ കാർഷിക സ്വപ്നങ്ങളെ കതിർ ചൂടിക്കാൻ കൂടെ നിന്നതു കർഷകൻ കൂടിയായ പ്രിൻസിപ്പൽ പ്രഫ. എം.ബി. ശശിധരനും കൃഷി ഓഫിസർ ഇ.വി. ലതയുമാണ്.

അധികമാകാതെ ജീവകാരുണ്യം

ആശുപത്രിക്കു വേണ്ടതിനേക്കാളധികം പച്ചക്കറികൾ വിദ്യാർഥികൾ ഉൽപാദിപ്പിച്ചു. കൂടുതൽ വന്നതു കോളജിലെ അധ്യാപകർക്കും ജീവനക്കാർക്കും വിറ്റു. അതിൽ നിന്നു ലഭിച്ച വരുമാനവും ചെലവഴിച്ചതു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്.

കാന്താരി മുതൽ കോളിഫ്ലവർ വരെ

വെണ്ട, പച്ചമുളക്, കുമ്പളം, കാന്താരി, പയർ, വഴുതനങ്ങ, ചീര തുടങ്ങിവയാണ് ആദ്യം കൃഷി ചെയ്തത്. ഗോമൂത്രവും ചാണകവും എല്ലുപൊടിയും അടങ്ങിയ മിശ്രിതം മാത്രമേ വളമായി ഉപയോഗിച്ചുള്ളൂ. രണ്ടാംഘട്ടത്തിൽ ശീതകാല പച്ചക്കറികളായ കാബേജും കോളിഫ്ലവറും കൃഷി ചെയ്യുന്നുണ്ട്.

രോഗികൾക്കു വിഷമില്ലാത്ത പച്ചക്കറി

റിട്ട. ഡിഎംഒ ഡോ. എം.ഐ. ജുനൈദ് റഹ്മാനാണ് കോളജ് മാനേജർ. ജനറൽ ആശുപത്രി സൂപ്രണ്ടായിരുന്ന അദ്ദേഹമാണ് കുട്ടികൾക്കു മുൻപിൽ ‘ഊട്ടുപുര’യുടെ വാതിൽ തുറന്നത്. അധ്യാപകരായ പി.വി. വിജുവും അബ്ദുൽ സലാമുമാണ് ക്ലബ്ബിന്റെ സ്റ്റാഫ് അഡ്വൈസർമാർ. ദിവസവും അര മണിക്കൂറെങ്കിലും കുട്ടികൾ കൃഷിയിടത്തിൽ ചെലവഴിക്കും. കമ്യൂണിറ്റി എക്സ്റ്റൻഷൻ ക്ലബ്ബിന്റെ യോഗം കൂടുന്നതും കൃഷിയിടത്തിൽ തന്നെ. ‘ഇഗ്നു’വിന്റെ സഹകരണത്തോടെ രക്ഷിതാക്കളെ ഡിഗ്രി കോഴ്‌സ് പഠിപ്പിക്കുന്ന ‘പാഠം രണ്ട്’ എന്ന പദ്ധതിയും ക്ലബ് വിജയകരമായി നടത്തിവരുന്നു. ‘ഊരിനൊരു ലൈബ്രറി’യാണ് കോളജിന്റെ മറ്റൊരു പദ്ധതി. കുട്ടമ്പുഴയിലെ ആദിവാസി ഊരിലേക്കു ക്ലബ്ബിന്റെ വകയായി 15,000 രൂപയുടെ പുസ്തകങ്ങളും അവ സൂക്ഷിക്കാനുള്ള അലമാരയും നാളെ നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ