ADVERTISEMENT

പ്ലസ്ടു കാലംവരെ കോഴിക്കോട് ടൗണിൽ വരുന്നതുതന്നെ ‘ലക്‌ഷ്വറി’ ആയിരുന്ന കൊടുവള്ളിക്കാരൻ പയ്യൻ,  6 വർഷത്തിനിപ്പുറം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ ഫുട്ബോൾ ക്ലബ് മാനേജരാണ്. ടീമിന്റെ പ്രകടനം കീറിമുറിച്ചും രേഖാചിത്രം വരച്ചും വിശകലനം ചെയ്യുന്നു.. കരീബിയൻ ദ്വീപുകളിൽനിന്നുൾപ്പെടെ വിദേശ താരങ്ങളുടെ ട്രാൻസ്ഫറും വീസയും തയാറാക്കുന്നു.. ടീമിന്റെ യാത്രകൾ തീരുമാനിക്കുന്നു.. നാണം നിറഞ്ഞ ചിരി മാറാതെതന്നെ സംസാരിക്കുന്നതു മുഴുവൻ ‘ഇന്റർനാഷനൽ’ കാര്യങ്ങൾ.. ഗോകുലം കേരളയുടെ ‘തിങ്ക് ടാങ്ക്’ ആയി വളരുകയാണ് കൊടുവള്ളി കരുവൻപൊയിൽ സ്വദേശി എ.കെ.റജാഹ് റിസ്‌വാൻ (24). 

ഫുട്ബോൾ പ്രാന്തൻ 

ഫുട്ബോൾ പ്രാന്ത് മൂത്ത് ‘വഴിതെറ്റി’ പോയതാണ് റിസ്‌വാൻ. ഫുട്ബോളും വിശകലനവും ചെറുപ്പം മുതൽ രക്തത്തിൽ അലിഞ്ഞത്. സ്കൂൾ കാലത്ത് കൂട്ടുകാർക്ക് ഗ്രൗണ്ടിൽനിന്നു കയറിയാൽ അന്നത്തെ പന്തുകളി കഴിഞ്ഞു. റിസ്‌വാൻ പക്ഷേ പേപ്പറും പേനയുമെടുത്ത് കണക്കുകൂട്ടലാണ്.. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസണലും ചെൽസിയും കളിച്ചതിൽ ഓരോരുത്തരും എത്ര പാസ്, അതിൽ എത്രയെണ്ണം ലക്ഷ്യം കണ്ടു. എഴുതി ബുക്കുകൾ നിറഞ്ഞപ്പോൾ പ്രാന്തുതന്നെ എന്ന കളിയാക്കൽ  കൂടിവന്നു. 

പ്ലസ്ടുവിൽ എത്തിയപ്പോൾ ഒന്ന് ഇരുത്തിച്ചിന്തിച്ചെന്ന് റിസ്‌വാൻ. ഫുട്ബോൾ താരമാകുന്നത് നടക്കില്ലെന്ന് അതോടെ തിരിച്ചറിഞ്ഞു. എന്നാൽപ്പിന്നെ കോച്ച് ആകാമെന്നായി. ഗണ്ണേഴ്സ് എഫ്സി കരുവൻപൊയിൽ എന്ന ടീമുണ്ടാക്കി നാട്ടിലെ ഫൈവ‌്സ്, സെവൻസ് ടൂർണമെന്റുകൾ നടത്താൻ കൊണ്ടുനടന്നു. കോയമ്പത്തൂരിൽ ബിബിഎ പഠനത്തിനു ശേഷമാണ്  കോച്ചിങ്ങിൽ ഡി ലൈസൻസ് എടുക്കാൻ മുംബൈയിലേക്ക് പോയത്.  ബ്യൂഐഎഫ്എയും  (വെസ്റ്റേൺ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ)  ‘സ്കിൽ എ നേഷൻ’ അക്കാദമിയും ചേർന്ന് നടത്തുന്ന കോഴ്സ് ഒരു വർഷംകൊണ്ട് കോഴ്സ് തീർത്ത് ഡി ലൈസൻസും ഐറിഷ് കമ്പനിയായ ഡാർട്ഫിഷിൽനിന്ന് പെർഫോമൻ് അനാലിസിസ് ടെക്നോളജി കോഴ്സും നേടി തിരികെ നാട്ടിലേക്ക്. 

അനാലിസിസ് പുലി 

ചെസ് താരത്തിന്റെ ഏകാഗ്രതയോടെ മണിക്കൂറുകളെടുത്ത് കളി വിലയിരുത്തുകയാണ് റിസ്‌വാന്റെ പ്രധാന ഹോബി. നാട്ടിൽത്തന്നെ അതിന് അവസരമൊരുക്കി 2017തുടക്കത്തിൽ ഗോകുലം കേരളയുടെ കോഴിക്കോട്ടെ പ്രാക്ടീസ്. ഇന്റേൺഷിപ് അവസരം തേടി ഗോകുലത്തിന്റെ ഒഫീഷ്യൽ ഫാൻ ഗ്രൂപ്പ് ആയ അൾട്രാസിൽ ഒരു മെസേജ് അയച്ചു. അവർ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജിന്റെ നമ്പർ തന്നു. പണ്ടു മുതൽ സൂക്ഷിച്ചു വച്ച മാച്ച് അനാലിസിസ് റിപ്പോർട്ടുകൾ എല്ലാം ബിനോയ്ക്ക് അയച്ചുകൊടുത്തു. 

‘അങ്ങനെ ഗോകുലത്തിന്റെ ആദ്യത്തെ കെപിഎൽ കാലത്ത് ഒന്നര മാസത്തേക്ക് ഇന്റേണി ആയി വന്നു. വിശകലനങ്ങൾ പേപ്പറിൽ എഴുതി കോച്ചിനെ സഹായിച്ചായിരുന്നു തുടക്കം’

ഇന്റേൺഷിപ് കഴിഞ്ഞും  ക്ലബിൽ തുടരാൻ നിർദേശം കിട്ടി.  ഗോകുലത്തിന്റെ ഓപ്പറേഷൻസ്, മാനേജ്മെന്റ്, ട്രാൻസ്ഫർ, കരാർ തുടങ്ങിയവയിലും സഹായിക്കാനുള്ള ചുമതല ഇതോടൊപ്പം ലഭിച്ചു. ഓപ്പറേഷൻസ് മാനേജർ എന്ന പോസ്റ്റായിരുന്നു ആദ്യം. 

‘ഇന്ത്യൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് മാനേജരായിരുന്ന എസ്.വി.സുമേഷ് ആയിരുന്നു ആദ്യസീസണിൽ ഗോകുലം മാനേജർ. അദ്ദേഹത്തിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിച്ചു. ആദ്യ സീസണിൽ ചില മത്സരങ്ങൾക്ക് അദ്ദേഹത്തിനു പകരം ഞാൻ ടീമിനൊപ്പം പോയി. 

ഇവിടെ ഐലീഗ് തുടങ്ങിയപ്പോൾ ജനറൽ കോൺട്രാക്റ്റ് വർക്ക് ഏറ്റെടുത്തു. ആ  സീസണിന്റെ അവസാനത്തോടെ സുമേഷ് ക്ലബ് വിട്ടപ്പോൾ എനിക്ക് മാനേജരായി നിയമനം കിട്ടി’ 

ആസ്വദിച്ച് ജോലി 

കളിക്കാരുടെ ട്രാൻസ്ഫർ, കരാർ തയാറാക്കൽ തുടങ്ങിയവ ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളാണെന്ന് റിസ്‌‌വാൻ. ഓരോ താരവും ഏജന്റും വിലപേശൽ നടത്തുന്നത് ഓരോ വിധത്തിലാകും. കഴിഞ്ഞ 3 വർഷത്തിനിടെ ഗോകുലത്തിൽ വന്ന 50–60 വിദേശ താരങ്ങളുടെ വീസ പ്രോസസിങ് ഉൾപ്പെടെ ചെയ്യാൻ അവസരം കിട്ടി. ഓരോ രാജ്യത്തെയും വീസ സിസ്റ്റം വർക് ചെയ്യുന്നതെങ്ങനെ തുടങ്ങിയവ പഠിച്ചെടുക്കാൻ പറ്റി. കൊണ്ടോട്ടി കരുവമ്പൊയിൽ കുനിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ, തസ്നി ബാനു ദമ്പതികളുടെ മകനാണ് റിസ്‌വാൻ. സഹോദരങ്ങൾ: ഫയാസ് മുഹമ്മദ്, യസീൻ അഹമ്മദ്, യഹ്‌യ അഹമ്മദ്, ഫർഷ, ഫാത്തിമ റുഷ്ദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com