ADVERTISEMENT

മുഖത്തിട്ട പൗഡർ കഴുകി കളയുമ്പോൾ പോലും ജലമലിനീകരണം സംഭവിക്കുന്നുണ്ടല്ലോ. നമ്മൾ ഉപയോഗിക്കുന്ന ഓരോ സൗന്ദര്യവർധക വസ്തുക്കളിലെയും പ്ലാസ്റ്റിക്കിലെയുമെല്ലാം രാസവസ്തുക്കൾ വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ കുടിവെള്ളത്തെ എത്രമാത്രം മലിനമാക്കും. ഈ ചിന്തയാണ് അനു മരിയ ഏലിയാസിനെ പുതിയ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിച്ചത്. ബിരുദം സിവിൽ എൻജിനീയറിങ്ങിൽ ആയിരുന്നു. അവസാന സെമസ്റ്ററിൽ ഒരു വിഷയമായിരുന്നു എൻവയൺമെന്റൽ എൻജിനീയറിങ്.

ബിടെക് കഴിഞ്ഞപ്പോൾ തന്നെ എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ എംടെക് ചെയ്യണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് എൻജിനീയറിങ്ങിൽത്തന്നെ ഏറ്റവും കാലികമായ വിഷയം തിരഞ്ഞെടുക്കുന്നത് –മലിനീകരണം. അതിൽ ഏറ്റവും ഭീഷണി ഉയർത്തുന്ന ജലമലിനീകരണം.

വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിലായിരുന്നു എംടെക്. ഇതേ മേഖലയിൽ പഠനം തുടരാൻ തീരുമാനിച്ചു. വിഷയത്തിൽ പിഎച്ച്ഡി ചെയ്യാനും. മൗലാനാ ആസാദ് നാഷനൽ ഫെലോഷിപ് ഇതിനിടെ നേടി. രണ്ടുവർഷം ജൂനിയർ റിസർച്ച് ഫെലോയായും ഒരു വർഷം സീനിയർ റിസർച്ച് ഫെലോയായും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ ജോലി ചെയ്തു. ഇതിനിടെ എട്ടു പേപ്പറുകൾ പ്രസിദ്ധീകരിച്ചു.

അമേരിക്കയിലേക്ക്

ഇൻഡോ–യുഎസ് സയൻസ് ആൻഡ് ടെക്നോളജി ഫോറം നൽകുന്ന ഇൻഡോ–യുഎസ് ഫെലോഷിപ്പ് ഫോർ വിമനാണ് അനുവിനു ലഭിച്ചത്. എൻജിനീയറിങ് വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഈ അവസരം ലഭിച്ചത് അനുവിനു മാത്രം. രാജ്യത്തു വിവിധ വിഭാഗങ്ങളിലായി മികവു പുലർത്തുന്ന 10 വിദ്യാർഥികൾക്കാണു ഫെലോഷിപ്് ലഭിക്കുക.13.5 ലക്ഷം രൂപയുടെ ഈ ഫെലോഷിപ് നൽകുന്നത് ഇന്ത്യൻ ഗവൺമെന്റാണ്. 6 മാസം അമേരിക്കയിലെ സർവകലാശാലയിൽ പഠനത്തിനുള്ള എല്ലാ ചെലവുകളും താമസവും വിമാനയാത്ര ചെലവുമെല്ലാം സർക്കാർ നൽകും. അമേരിക്കയിലെ സർവകലാശാലകൾ കണ്ടെത്തി, അവിടെയുള്ള ഒരു പ്രഫസർ പ്രൊഫൈൽ അംഗീകരിച്ചാൽ മാത്രമേ ഫെലോഷിപ് ലഭിക്കു. അനുവിന് ഇർവിനിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലാണ് അവസരം ലഭിച്ചിരിക്കുന്നത്.

ഇനി പിഎച്ച്ഡി

ആറു മാസം കലിഫോർണിയയിലെ കോഴ്സ് കഴിഞ്ഞാൽ നാട്ടിൽ വന്നു പിഎച്ച്ഡി പൂർത്തിയാക്കുകയാണ് അനുവിന്റെ ലക്ഷ്യം. തീസിസ് സമർപ്പിച്ചതിനുശേഷമാണ് അമേരിക്കയിലേക്കു പറന്നത്. ഇനി ഓപ്പൺ ഡിഫൻസ് നടത്തണം. വീണ്ടും അമേരിക്കയിലേക്കു പോകാനും അനുവിനു പദ്ധതിയുണ്ട്. മലിനീകരണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കാലത്ത് എൻവയൺമെന്റ‍ൽ എൻജിനീയറിങ്ങിനു വലിയ സാധ്യതകളുണ്ടെന്ന് അനു പറയുന്നു. മുളന്തുരുത്തി തച്ചേത്ത് വീട്ടിൽ ടി.പി. ഏലിയാസിന്റെയും മേരിയുടെയും മകളാണ് അനു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com