പൊന്മുട്ടയിടുന്ന വെബ് സീരീസ്

story-behind-malayalam-web-series-ponmutta
SHARE

വെബ് സീരീസുകളാണിപ്പോൾ മലയാളിയുടെ ട്രെൻഡ്. പഴയകാല സിനിമകളിലെ കോമഡി ട്രാക്കുമായോ മിമിക്സ് പരേഡുകളുമായോ പുതിയ കോമഡി സ്കിറ്റുകളുമായോ പെട്ടെന്നു തോന്നുന്ന സാമ്യമായിരിക്കണം മൊബൈൽ ഫോണുകളിലെ ഈ കുഞ്ഞൻ ചിരിപ്പടക്കങ്ങളുടെ വിജയത്തിനു പിന്നിൽ. നല്ല കഥ മികച്ച രീതിയിൽ അവതരിപ്പിച്ചാൽ മാത്രമേ മലയാളത്തിൽ പിടിച്ചു നിൽക്കാനാകൂ എന്നാണ് വെബ് ചാനലുകാരുടെയെല്ലാം അഭിപ്രായം. നാലു ലക്ഷം സബ്സക്രൈബേഴ്സുള്ള പൊന്മുട്ട ചാനൽ ഇന്ന് ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. 2018 നവംബറിലെ ‘ദാറ്റ് കരിങ്കണ്ണൻ ഫ്രണ്ട്’ എന്ന വിഡിയോയിൽ നിന്നു ലിജുവും പൊന്മുട്ടയും വളർന്ന് ഇരുപത്തിയാറാമത്തെ വിഡിയോയായി ‘സിംഗിൾസ് ക്ലബ്’ പുറത്തിറങ്ങിക്കഴിഞ്ഞു.

മാസത്തിൽ 4 വിഡിയോ എന്നായിരുന്നു ആദ്യ ടാർഗറ്റ്. ഇപ്പോൾ രണ്ടു വിഡിയോ ആണു പുറത്തിറക്കുന്നത്. ചെലവൊക്കെ സ്വന്തമായിത്തന്നെ എടുക്കും. ഇത് പാഷനാണ്. അപ്പോൾ ബുദ്ധിമുട്ടും അഭിമുഖീകരിച്ചല്ലേ പറ്റൂ, ചാനൽ ഫൗണ്ടറും ക്രിയേറ്റീവ് ഹെഡുമായ ലിജു ചിരിച്ചുകൊണ്ടു പറഞ്ഞു.

മേക്കപ് ആർട്ടിസ്റ്റ്

സിനിമാ മോഹവുമായെത്തിയ എറണാംകുളം സ്വദേശി ജിജോ മേക്കപ് ആർടിസ്റ്റായി ഒതുങ്ങുകയായിരുന്നു. ലിജുവുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും അഭിനയിക്കാനുള്ള അവസരം ലിജു ഒരുക്കിത്തരുമെന്നു ജിജോ കരുതിയതു പോലുമില്ല. എന്നെ അഭിനയിക്കാൻ വിളിക്കുമ്പോൾ ആദ്യം തമാശയാണെന്നാണു കരുതിയത്. ഒഴിഞ്ഞുമാറാനാണ് ആദ്യം ശ്രമിച്ചത്. അഭിനയിച്ചാൽ ശരിയാകുമോ ആളുകൾക്കു ഇഷ്ടപ്പെടുമോ തുടങ്ങി ആകെ കൺഫ്യൂഷനായിരുന്നു.

വിഡിയോയിലെ അപ്പാപ്പൻ കഥാപാത്രം ക്ലിക്കായതോടെ ആത്മവിശ്വാസം കൂടി. ഞാൻ ചോദിച്ചു വാങ്ങിയ കഥാപാത്രമായിരുന്നു ഷമ്മി. നല്ല അഭിപ്രായം അതിനും കിട്ടിയപ്പോൾ, ഇതു തന്നെ വഴി എന്നുറപ്പിച്ചു.

സാമ്പത്തിക മേഖല പോര

സിറ്റി ബാങ്കിലെ ജോലി രാജിവച്ച് മുംബൈയിൽ നിന്നു തിരിച്ചു നാട്ടിലേക്കു വരുമ്പോൾ ശ്യാമിന്റെ മനസ്സിലുണ്ടായിരുന്നത് അഭിനയ മോഹം മാത്രമായിരുന്നു. എങ്ങനെ, എവിടെ നിന്നു തുടങ്ങണം എന്നൊന്നും അറിയില്ലെങ്കിലും ജോലി രാജി വച്ച് നാട്ടിലേക്കെത്തി. നാട്ടിലെത്തിയതിനു ശേഷമാണ് ലിജുവിനെ പരിചയപ്പെടുന്നതും പൊന്മുട്ടയലേക്കെത്തുന്നതും. സിനിമ സ്വപ്നം തന്നെയാണ്. പൊന്മുട്ടയുടെ വിജയം അതിലും വലിയ സ്വപ്നവും, ശ്യാം പറഞ്ഞു.

അയൽവീട്ടിലെ ന്യൂജൻ പെൺകുട്ടി. അതാണ് ഹരിത. ഹരിതയും മാർക്കറ്റിങ് ജോലി വേണ്ടെന്നു വച്ചിട്ടാണ് സിനിമയിലേക്കും പിന്നീടു പൊന്മുട്ടയിലേക്കും എത്തുന്നത്. ഇരുവരും എറണാംകുളം സ്വദേശികളാണ്. 

പൊന്മുട്ട

യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചു. പക്ഷേ, ചാനലിനിടാൻ പറ്റിയ പേരൊന്നും കിട്ടുന്നില്ല. ശ്രീനിവാസന്റെയും ജഗതി ശ്രീകുമാറിന്റെയും കട്ട ഫാൻസാണ് ഞങ്ങൾ. ചാനലിനു ഒരു നല്ല പേര് കിട്ടാതെയിരിക്കുമ്പോഴാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ ടിവി സ്ക്രീനിൽ പെട്ടെന്നു വരുന്നത്. അപ്പോൾതന്നെ പേരു ക്ലിക്കായി. അങ്ങനെ ചാനലിനു പൊന്മുട്ട എന്ന പേരിട്ടു.

ഹാപ്പി കഫേ

ഒറ്റ ദിവസം കൊണ്ടു ഷൂട്ടു ചെയ്തതായിരുന്നു ഹാപ്പി കഫേ. ഹരിതയുടെ ആശയമായിരുന്നു. നമ്മൾ സ്ഥിരം പോകുന്ന ഒരു സ്ഥലം. അവിടെ നടക്കുന്ന സംഭവങ്ങൾ. അത്തരത്തിലുള്ള കഥകൾ ആളുകൾക്കു എളുപ്പത്തിൽ അവരുടെ ജീവിതവുമായി കോർത്തിണക്കാൻ സാധിക്കും. അങ്ങനെയാണ് ഹാപ്പി കഫേ എന്ന ആശയം വരുന്നത്, ഹരിത പറഞ്ഞു.

വിഡിയോ കണ്ട് ഒരുപാടു പേർ വിളിച്ചു. കൂട്ടത്തിൽ ഒരു കഫേ ഉടമസ്ഥനുമുണ്ടായിരുന്നു. ശരിക്കും ഞങ്ങളുടെ ജീവിതം തന്നെ പകർത്തിയിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിൽ കൂടുതൽ വലിയ അവാർഡ് കിട്ടാനുണ്ടോ?

ബെസ്റ്റ് ഫ്രണ്ട്സ് കല്യാണം കഴിച്ചാൽ

ബെസ്റ്റ് ഫ്രണ്ട്സ് കല്യാണം കഴിച്ചാൽ എന്ന കഥയും ഹരിതയുടേതായിരുന്നു. പൊന്മുട്ട എന്ന ചാനലിനെ പെട്ടെന്ന് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതും ആ വിഡിയോയിലൂടെയാണ്. വിഡിയോ കണ്ട പലരുടെയും വിചാരം ഞാനും ഹരിതയും ശരിക്കും ഭാര്യയും ഭർത്താവുമാണെന്നാണ്. ഒറ്റയ്ക്കു പുറത്തു പോകുമ്പോൾ പലരും ചോദിക്കാറുണ്ട്, ഭാര്യയെവിടെ, കൊണ്ടുവന്നില്ലേ എന്നൊക്ക. ആ വിഡിയോ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നതിനു ഏറ്റവും നല്ല തെളിവല്ലേ അത്തരം ചോദ്യങ്ങൾ. ഞങ്ങൾ അതൊക്കെ ആസ്വദിക്കാറുണ്ട്, ശ്യാം പറഞ്ഞു. 

English Summary : Malayalam Web Series Ponmutta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ