ഉണ്ണിക്കണ്ണന് ശ്രീജിത്തിന്റെ നിറക്കൂട്ട്; കണ്ണുടക്കും ഈ പൂമുഖത്ത്

Mail This Article
ലോക്ഡൗണിലായ കഴിവുകളെ പുറത്തെടുക്കാൻ കിട്ടിയ അവസരമായി ഈ ലോക്ഡൗൺ കാലത്തെ മാറ്റിയവർ നിരവധിയാണ്. പാരമ്പര്യവും ഭക്തിയും സൗന്ദര്യവും നിറയുന്ന മ്യൂറൽ പെയ്ന്റിങ്ങിനു വേണ്ടി തനിക്കു ലഭിച്ച സമയം മാറ്റിവയ്ക്കാനായിരുന്നു കോട്ടയം പാറമ്പുഴ സ്വദേശിയായ ശ്രീജിത്ത് തീരുമാനിച്ചത്. വീടിന്റെ പൂമുഖ ചുമരിൽ ആരും നോക്കി നിന്നു പോകുന്ന നിറക്കാഴ്ചയായിരുന്നു ഇതിന്റെ ഫലം.
ചെറുപ്പം മുതലേ വരയ്ക്കാൻ വലിയ ഇഷ്ടമായിരുന്നു ശ്രീജിത്തിന്. എന്നാൽ ശാസ്ത്രീയമായി പഠിക്കാനായില്ല. എട്ടു വർഷം മുമ്പാണു മ്യൂറൽ പെയിന്റിങ്ങിൽ ആകൃഷ്ടനാകുന്നത്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണു മ്യൂറൽ പെയിന്റിങ്ങിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയതും പഠിച്ചതും. ലോക്ഡൗണില്‍ വെറുതെയിരിക്കുമ്പോഴാണു വീടിന്റെ ചുമരിൽ മ്യൂറൽ പെയിന്റിങ് ചെയ്താലോ എന്ന ചിന്ത വന്നത്. വീട്ടുകാരോടു കാര്യം പറഞ്ഞു. അവർക്ക് പൂർണ സമ്മതം.
എന്തു വരയ്ക്കും എന്നതായിരുന്നു അടുത്ത ചിന്ത. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന എന്തെങ്കിലും വേണം. ഭഗവാൻ ശ്രീകൃഷ്ണന്റെ ബാല്യത്തിലാണ് ആ ചിന്ത ചെന്നു നിന്നത്. ഉണ്ണിക്കണ്ണൻ നന്ദഗോപർക്കൊപ്പം പോകുന്നതും യശോദയുമായി കൊഞ്ചുന്നതും ജേഷ്ഠൻ ബലരാമനൊപ്പം വെണ്ണ കട്ടുതിന്നുന്നതും കാളിയമർദ്ദനവുമുള്‍പ്പടെയുള്ള നാലു രംഗങ്ങൾ വരയ്ക്കാൻ തീരുമാനിച്ചു.

നിറം നൽകൽ വിചാരിച്ചതിലും കടുപ്പമായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു. ചെറിയ തെറ്റുകൾ പോലും ചിത്രത്തിന്റെ ഭംഗി ഇല്ലാതാക്കും എന്നതിനാൽ വളരെയധികം ശ്രദ്ധ ചെലുത്തി. 21 ദിവസങ്ങളെടുത്താണു പെയിന്റിങ് പൂര്‍ത്തിയാക്കിയത്. ഉണ്ണിക്കണ്ണന്റെ നിഷ്കളങ്കത നിറയുന്ന വീടിന്റെ പൂമുഖം ഇപ്പോൾ വീട്ടുകാരുടെ ബന്ധുക്കളുടെയും പ്രിയപ്പെട്ട സംഗമ സ്ഥലമായി മാറിയിരിക്കുകയാണ്.
മുൻ സ്നേഹസേനാ സബ് എഡിറ്റർ ആയിരുന്ന മുത്തച്ഛൻ നല്ലൊരു ചിത്രകാരനുമായിരുന്നു. അദ്ദേഹമാണു ശ്രീജിത്തിൽ ചിത്രകലയോടുള്ള താൽപര്യം ജനിപ്പിച്ചത്. കോട്ടയം എംആർഎഫിലെ ജീവനക്കാരനാണ് ശ്രീജിത്ത്. ഒഴിവുസമയം ലഭിക്കുമ്പോൾ ശ്രീജിത്ത് നിറങ്ങളുടെ ലോകത്തേക്ക് പറക്കും. ആളുകളുടെ ആവശ്യപ്രകാരം വസ്ത്രങ്ങളിലും മറ്റും പെയ്ന്റിങ് ചെയ്തു നൽകുന്നുണ്ട്.
English Summary : Sreejith's Mural Painting