പ്രമുഖ ബ്രാൻഡുകള്‍ക്കു വേണ്ടി ഇൻഫ്ലുവൻസിങ്, സിനിമ പ്രമോഷനുകള്‍, മ്യൂസിക് ആൽബങ്ങളിലെ അഭിനയം, മോഡലിങ് ..... റിയാസ് അലി എന്ന 17 കാരന്റെ നേട്ടങ്ങൾ പറഞ്ഞു തുടങ്ങിയാൽ ഇനിയും നീണ്ടുപോകും. ടിക്ടോക് എന്ന ആപ്ലിക്കേഷനെ ഫലപ്രദമായി ഉപയോഗിച്ചതാണ് റിയാസ് അഫ്രീൻ എന്ന റിയാസ് അലിയുടെ ജീവിതം മാറ്റിമറിച്ചത്. നിലവിൽ ഏറ്റവും കുടുതൽ ടിക്ടോക് ഫോളോവേഴ്സുള്ള ഇന്ത്യക്കാരനാണ് റിയാസ്. ഏകദേശം 4.29 കോടി പേർ.

അഭിനയിക്കാനുള്ള മോഹമാണു റിയാസിന് സമൂഹമാധ്യമങ്ങളിൽ വിഡിയോ ചെയ്യാന്‍ പ്രേരണയായത്. ഇൻസ്റ്റഗ്രാമിലായിരുന്നു തുടക്കം. പിന്നീട് മ്യസിക്കലി, ടിക്ടോക് ട്രെൻഡുകൾക്കൊപ്പം റിയാസ് സഞ്ചരിച്ചു. സഹോദരി റിസ അഫ്രീനായിരുന്നു പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. പതിയെ റിയാസിന്റെ വിഡിയോകൾ ശ്രദ്ധ നേടി. മികച്ച പ്രകടനത്തിനൊപ്പം റിയാസ് പിന്തുടർന്ന് സ്റ്റൈലിഷ് ഹെയർസ്റ്റൈലും ഡ്രസ്സിങ്ങുമാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. ഏതായാലും ആരാധകരുടെ എണ്ണം വർധിക്കുന്നതിനൊപ്പം റിയാസിന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു.
റിയാസിനെ കാണാനും മീറ്റ് അപ്പുകൾക്ക് ക്ഷണിക്കാനും ആരാധകർ എത്തി. സിനിമാ താരങ്ങൾക്കു ലഭിക്കുന്ന സ്വീകരണമാണ് പലയിടത്തും ലഭിച്ചത്. ഇതോടെ പ്രമുഖ ഫാഷൻ ബ്രാൻഡുകൾ ഇൻഫ്ലുവൻസിങ് വിഡിയോകൾ ചെയ്യാനായി സമീപിച്ചു തുടങ്ങി.
പിന്നീട് നേഹ കക്കർ, സിദ്ധാർഥ് നിഗം, അനുഷ്ക സെൻ, അവനീത് കൗർ എന്നിവരുടെ മ്യൂസിക്കൽ വിഡിയോകളിലും റിയാസിന് അവസരം ലഭിച്ചു. ദീപിക പദുകോണിനൊപ്പം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു.
ഇൻഫ്ലുവൻസ് വിഡിയോകൾ ചെയ്തും ഇവന്റുകളിൽ പങ്കെടുത്തും മോഡലായും 3 ലക്ഷം രൂപ വരെ റിയാസ് മാസം വരുമാനം നേടുന്നതായാണ് റിപ്പോർട്ടുകള്‍. കരിയറിന്റെ വളർച്ച ലക്ഷ്യമിട്ട് ഇതിനിടെ പശ്ചിമ ബംഗാളിന്റെയും ഭൂട്ടാന്റെയും അതിർത്തിയിലുള്ള സ്വദേശമായ ജയ്ഗാവിൽ നിന്നു മുംബൈയിലേക്ക് റിയാസ് അലിയും കുടുംബവും താമസം മാറിയിരുന്നു.

എങ്ങനെ ഇത്ര പ്രശസ്തനായി എന്ന ചോദ്യത്തിന് മികച്ചതും പുതുമയുള്ളതുമായ വിഡിയോകൾ ചെയ്യുക മാത്രമേ വഴിയുള്ളൂ എന്നാണ് ഒരു അഭിമുഖത്തിൽ റിയാസ് മറുപടി നൽകിയത്. അപ്രതീക്ഷിതമായാണ് വിഡിയോകൾ ൈവറലാവുകയെന്നും അതിൽ നമുക്കൊന്നും ചെയ്യാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു. മികച്ചൊരു നടനാകണം എന്നാണ് ആഗ്രഹം. സഹോദരിക്കൊപ്പം അച്ഛൻ അഫ്രോസ് അഫ്രീനും അമ്മ ഷബ്നവും നൽകുന്ന പിന്തുണയാണ് റിയാസിന്റെ കരുത്ത്.
English Summary : Tiktoker Riyaz Aly Life