നല്ല നാളേക്കായി ഒരു തൈ നടാം; കുട്ടികൾക്ക് വിത്ത് പന്ത് ശേഖരവുമായി ദമ്പതിമാർ
Mail This Article
ജൂൺ 5 എന്നാൽ കുട്ടികളെ സംബന്ധിച്ചിടത്തോളം മരം നേടുന്നതിനുള്ള ദിവസമാണ്. കാലങ്ങളായി പരിസ്ഥിതി ദിനം നമ്മൾ ആചരിക്കുന്നത് മരം നട്ടുകൊണ്ടാണ്. എന്നാൽ അങ്ങനെ നടുന്ന മരങ്ങൾ നാം പരിചരിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. കാലങ്ങളായി പിന്തുടരുന്ന ഈ രീതിയെ പൊളിച്ചെഴുതുന്നതിനുള്ള ശ്രമത്തിലാണ് കാസർഗോഡ് സ്വദേശികളും എക്കോ ഫ്രണ്ട്‌ലി സംരംഭകരുമായ ദേവകുമാറും ഭാര്യ ശരണ്യയും.
ദേവകുമാറിന്റെ അഭിപ്രായത്തിൽ കുട്ടികളിൽ മരം നടൽ ഒരു ശീലമാക്കി മാറ്റുന്നതിന് പ്രത്യേകിച്ച് ഒരു ദിനത്തിന്റെ ആവശ്യമില്ല. ജൂൺ അഞ്ചിന് ആരംഭം കുറിക്കുന്ന ഈ പ്രവൃത്തി കാലാകാലത്തോളം പിന്തുടരുന്നതിനായി കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഇതിന്റെ ഭാഗമായി ദേവകുമാറും ശരണ്യയും ചേർന്ന് നിർമിച്ചത് ആയിരത്തോളം വിത്ത് പന്തുകളാണ്. കഴിഞ്ഞ രണ്ടു വർഷമായി പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചതും തുടർന്നും ദേവകുമാർ വിത്ത് പന്തുകൾ നിർമിക്കുന്നുണ്ട്.
മഞ്ചാടി, പൂമരം, വാക തുടങ്ങിയ തണൽ വൃക്ഷങ്ങളുടെയും ബന്തി, വാടാമല്ലി, തുടങ്ങിയ പൂക്കളുണ്ടാകുന്ന സസ്യങ്ങളുടെയും വിത്തുകളാണ് വിത്ത് പന്തുകളിൽ ദേവകുമാറും ശരണ്യയും ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ചെടി നടുന്നതിനേക്കാൾ എളുപ്പത്തിൽ കുട്ടികളുടെ സഹകരണം ഉറപ്പാക്കാൻ വിത്ത് പന്തുകൾക്ക് കഴിയും എന്നാണു ദേവകുമാർ പറയുന്നത്.
''ചാണകപ്പൊടി,കളിമണ്ണ് എന്നിവ കുഴച്ചു പന്ത് രൂപത്തിലാക്കി അതിനുള്ളിലാണ് വിത്തുകൾ നിക്ഷേപിക്കുന്നത്. ശേഷം ഇത് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുന്നു. വിശാലമായ സ്ഥലത്തും വീട്ടുമുറ്റത്തുമെല്ലാം വിത്ത് പന്തുകൾ നിക്ഷേപിക്കാം. മണ്ണ് , ജൈവവളം എന്നിവ ചേർത്തിട്ടുള്ളതിനാൽ ഇതിനു പ്രത്യേക പരിചരണം ആവശ്യമില്ല.യോജ്യമായ കാലാവസ്ഥ, വെള്ളത്തിന്റെ ലഭ്യത എന്നിവ വരുമ്പോൾ വിത്ത് പന്ത് സ്വയം മുളപൊട്ടി, ചെടികളായി രൂപാന്തരപ്പെടുന്നു. ഒരു ചെടി നടുന്നതിനേക്കാൾ ഫലപ്രദമാണ് ഓരോ കുട്ടികളുടെ കൈവശവും പത്ത് വിത്ത് പന്തുകൾ നൽകുന്നത്'' ദേവകുമാർ പറയുന്നു.
തരിശു ഭൂമിയിൽ എരിയുന്ന വിത്ത് പന്തുകൾ മഴ ലഭിക്കുമ്പോൾ പുറത്തുള്ള കളിമണ്ണ് അലിഞ്ഞു പോയി, ഉള്ളിലെ ചാണകത്തെ വളമാക്കി വിത്തുകൾക്ക് മുളക്കുന്നതിനുള്ള അവസരമൊരുക്കുന്നു. അങ്ങനെ മനുഷ്യരുടെ ശ്രദ്ധയോ പരിചരണമോ കൂടാതെ വിത്ത് പന്തുകൾ നാളത്തെ മരങ്ങളും പൂച്ചെടികളുമായി മരുന്ന്. എന്നാൽ വിതയ്ക്കുന്ന എല്ലാ വിത്ത് പന്തുകളും മരങ്ങളാകില്ല എന്നും ദേവകുമാർ പറയുന്നു.
പ്രകൃതിയോടും പ്രകൃതിയോട് ഇണങ്ങുന്ന ഉല്പന്നങ്ങളോടുമുള്ള സ്നേഹം കാരണം ഗൾഫിലെ എൻജിനിയർ ജോലി ഉപേക്ഷിച്ച് കാസർഗോട്ടെത്തി കവുങ്ങിൻ പാളകൊണ്ടുള്ള പ്ളേറ്റുകൾ നിർമിക്കുന്ന ‘പാപ്ല’ എന്ന സ്ഥാപനം തുടങ്ങിയ ദേവകുമാറും ശരണ്യയും പ്രകൃതിയോടുള്ള തങ്ങളുടെ സ്നേഹം തെളിയിച്ച വ്യക്തികളാണ്.
കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിത്ത് പന്തുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിക്കുന്നതിനായാണ് ആ കാലം ദേവകുമാറും ശരണ്യയും വിനിയോഗിച്ചത്. എന്നാൽ ജൂൺ അഞ്ച് പരിസ്ഥിതി ദിനം സ്‌കൂളുകൾ തുറക്കാതെ, ഇ - ലേണിംഗ് രീതിയിൽ കഴിഞ്ഞു പോയതോടെ വിത്ത് പന്തുകൾ കുട്ടികൾക്ക് നൽകാനായില്ല. എന്നാൽ മരം നടുന്നതിനു പ്രത്യേകിച്ച് ഒരു ദിവസമൊന്നുമില്ല എന്നതിനാൽ തന്നെ വരും മാസങ്ങളിൽ സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്കായി തങ്ങളുടെ വിത്ത് പന്ത് ശേഖരം കൈമാറാൻ ഇരിക്കുകയാണ് ഇവർ .
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്നതിനാൽ തന്നെ പ്രകൃതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം അവരെ ഏൽപ്പിക്കുന്നതിനായാണ് വിത്ത് പന്തുകൾ നേടുന്നതിനായി ദേവകുമാറും ശരണ്യയും കുട്ടികൾക്ക് അവസരം നൽകുന്നത്.
English Summary : Seed Balls for Children